25 കോടി രൂപ ചെലവിൽ ചന്ത നവീകരിക്കും

To advertise here,

മൾട്ടിപ്ലക്സ് തിേയറ്റർ മുതൽ ഓഡിറ്റോറിയം വരെ

ചേർപ്പ് : നൂറിലധികം കൊല്ലമായി ശോച്യാവസ്ഥയിൽ തുടരുന്ന ചേർപ്പ് ചന്ത നവീകരിക്കാനുള്ള ശ്രമം വീണ്ടും സജീവം. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ പദ്ധതി മുഖേന 25 കോടി രൂപ ചെലവിൽ നവീകരിക്കാനുള്ള ആദ്യഘട്ട നടപടികൾ തുടങ്ങി. ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിൽ അർധവൃത്താകൃതിയിൽ ഏഴുനിലയിൽ കെട്ടിടം പണിയാനാണ് തീരുമാനം.

ഭൂമിയുടെ നിരപ്പിൽനിന്ന് മുകളിലേക്ക് അഞ്ച്‌ നിലയും താഴെ വാഹനപാർക്കിങ് ഉൾപ്പെടെ രണ്ട് നിലയും ഉണ്ടാകും. തൃശ്ശൂർ എൻജിനീയറിങ് കോളേജ് ആണ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

മൾട്ടിപ്ലക്സ് തിേയറ്റർ, ഓഡിറ്റോറിയം, പിൽഗ്രിം കോട്ടേജുകൾ, പഴം-പച്ചക്കറി മാംസ വിൽപ്പന കേന്ദ്രം എന്നിവ ഉൾപ്പെടെ കെട്ടിടത്തിൽ ഉണ്ടാകും.

പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനവും ഇവിടേക്ക് മാറ്റും. കേന്ദ്രസർക്കാരിൽനിന്ന്‌ ഫണ്ട് ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് പറഞ്ഞു. ചന്തയുടെ കവാടം വീതി കൂട്ടുന്നതിനായി കവാടത്തിൽ പഞ്ചായത്തിന്റെ കീഴിലുള്ള ആറ് കടകൾ പൊളിച്ചു നീക്കും.

ഇതിന്റെ ഭാഗമായി വാടകക്കാരായ ആറ് വ്യാപാരികൾക്ക് നോട്ടീസ് നൽകി.

കൂടാതെ ചന്തയുടെ ഉള്ളിലെ കടകൾ പൊളിക്കാൻ 30 വ്യാപാരികൾക്കും നോട്ടീസ് നൽകി. ചേർപ്പ് ചിറ്റൂർ മനയുടെ കീഴിലുള്ള ചന്ത നിയോജക മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രം ആയിരുന്നു. ചേർപ്പ് പഞ്ചായത്ത് ചന്ത ഏറ്റെടുത്തതിന് ശേഷം കടമുറികൾ പണിതത് പലതും നാശമായി. ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച അറവുശാല, ജൈവമാലിന്യ സംസ്കരണ കേന്ദ്രം എന്നിവ പ്രവർത്തിച്ചില്ല.

ചന്ത നവീകരിക്കാൻ മുമ്പുള്ള ഭരണസമിതികൾ മൂന്ന് തവണ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

കവാടം വീതി കൂട്ടി വലിയൊരു വ്യാപാര സമുച്ചയം വരുന്നതോടെ ചേർപ്പിന്റെ മുഖച്ഛായ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.