ദേശീയപാത എസ്.എൻ.പുരം പള്ളിനടയിൽ നാട്ടുകാരുടെ മരക്കോണികയറ്റം

To advertise here,

കൊടുങ്ങല്ലൂർ : ആറുവരിപ്പാതയിൽ ശ്രീനാരായണപുരം പള്ളിനടയിൽ നടപ്പാലത്തിന്റെയും അടിപ്പാതയുടെയും നിർമാണ സാധ്യതകൾ വിലയിരുത്താൻ സ്ഥലം എം.എൽ.എ. കെ.കെ. വത്സരാജിന്റെയും എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ പ്രവീൺകുമാറിന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.

ദേശീയപാതയുടെ നിലവിലെ രൂപകല്പന, ഗതാഗതം, കാൽനടയാത്രക്കാരുടെ സുരക്ഷ, സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാസൗകര്യം, പള്ളിനടയിലെ ഗതാഗതത്തിരക്ക് തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥസംഘം പരിശോധിച്ചു.

അടിപ്പാതയും ഫൂട്ട്‌ ഓവർ ബ്രിഡ്ജും നിർമിക്കുന്നതിനുള്ള സാങ്കേതികവും പ്രായോഗികവുമായ സാധ്യതകൾ സംബന്ധിച്ചും പരിശോധന നടന്നു. ആറുവരിപ്പാത നിർമാണം ആരംഭിച്ച 2024 മുതൽ പള്ളിനടയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് അന്നത്തെ എം.എൽ.എ. ഇ.ടി. ടൈസണും പഞ്ചായത്തും രംഗത്തുണ്ടായിരുന്നെങ്കിലും അത് കാര്യമാക്കാതെ നിർമാണവുമായി അധികൃതർ മുന്നോട്ടു പോകുകയായിരുന്നു.

റോഡിന്റെ കിഴക്ക് ഭാഗത്ത് 14 അടിയോളം ഉയരത്തിൽ താങ്ങുമതിൽ ഉയരുകയും റോഡ് മുറിച്ചുകടക്കാൻ നാട്ടുകാർ താങ്ങു മതിലിൽ കോണിവെച്ച് കയറി റോഡ് മുറിച്ചുകടക്കുന്നത് സംബന്ധിച്ച് മാതൃഭൂമി വാർത്തകൾ നൽകിയിരുന്നു.

ഒടുവിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ദേശീയപാത അതോറിറ്റി ഇവിടെ നടപ്പാലം അനുവദിക്കുകയായിരുന്നു.

ഇതിനിടയിൽ ആറുവരിപ്പാത നിർമാണം പൂർത്തിയാവുകയും വാഹന ഗതാഗതം ആരംഭിക്കുകയും ചെയ്തു.  അടിപ്പാതയ്ക്കായി സമരസമിതി കഴിഞ്ഞ 68 ദിവസമായി പള്ളിനടയിൽ സമരം നടത്തി വരുകയാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി വിവിധ തലങ്ങളിൽനിന്നും ഉയർന്ന സമ്മർദങ്ങളെത്തുടർന്നാണ് അടിപ്പാതയുടെയും നടപ്പാലത്തിന്റെയും സാധ്യതകൾ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥ സംഘം എത്തിയത്.

 ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു, ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. സതീഷ് കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.