തൃശ്ശൂർ : ഫാസ്ടാഗിൽ പണമടയ്ക്കാത്തതുമൂലം കെ.എസ്.ആർ.ടി.സി. ബസുകൾ ടോൾബൂത്തുകളിൽ കുരുങ്ങി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പ്രശ്‌നം വൈകീട്ട് മൂന്നരയോടെയാണ് പരിഹരിച്ചത്. അതുവരെ പല ബസുകളും ടോൾബൂത്തുകളിൽ കുടുങ്ങിയത് ഗതാഗതക്കുരുക്കുണ്ടാക്കി. യാത്രക്കാർ പെരുവഴിയിലാകുകയും ചെയ്തു. ടോളിൽ കുടുങ്ങിയ ഒരു ബസ് സർവീസ് ഒഴിവാക്കി. ടോൾബൂത്ത് ഒഴിവാക്കി വഴിതിരിച്ചുവിട്ടും ജീവനക്കാർ സ്വയം പണം അടച്ചുമാണ് ആദ്യഘട്ടം പ്രശ്‌നം പരിഹരിച്ചത്. ദീർഘദൂര ബസുകൾ ഒന്നേകാൽ ഇരട്ടി തുക പണമായി നൽകിയാണ് സർവീസ് നടത്തിയത്.

To advertise here,

 

പാലിയേക്കര, പന്നിയങ്കര, വെട്ടിച്ചിറ ടോൾപ്ലാസകളിലാണ് പ്രശ്‌നം നേരിട്ടത്. ഫാസ്ടാഗിൽ പണമടയ്ക്കാനായി ബാങ്കിനെ ഏൽപ്പിച്ചിരുന്നെങ്കിലും ഇവർക്കുണ്ടായ പിഴവാണ് പ്രശ്‌നത്തിനു കാരണമായതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.

പണം തീർന്നത് ടോൾബൂത്തിലെത്തിയശേഷമാണ് മനസ്സിലായത്. കണ്ടക്ടർമാർ അറിയിച്ചപ്പോൾ മാത്രമാണ് കെ.എസ്.ആർ.ടി.സി. അധികൃതർ വിവരം അറിഞ്ഞത്.

പന്നിയങ്കര ടോൾബൂത്തിൽ 20 കെ.എസ്.ആർ.ടി.സി. ബസുകളാണ് ഇത്തരത്തിൽ കുടുങ്ങിയത്. ഇതിലൊരു ബസാണ് സർവീസ് നിർത്തിവെച്ചത്. എറണാകുളം ഭാഗത്തേക്കുള്ള പ്രിയദർശിനി ബസുകളും ഫാസ്റ്റ് പാസഞ്ചറുകളും പാലിയേക്കര ടോൾ ഒഴിവാക്കാൻ മരത്താക്കര കുഞ്ഞനംപാറയിൽനിന്ന് കല്ലൂർ വഴി ആമ്പല്ലൂരിൽ എത്തിയാണ് ദേശീയപാതയിൽ സർവീസ് നടത്തിയത്. തൃശ്ശൂർ ഭാഗത്തേക്കുള്ള ബസുകളും ഇതേ റൂട്ടിലൂടെയാണ് സർവീസ് നടത്തിയത്. പുതുക്കാട് ഡിപ്പോയിലെ 13 ബസുകളാണ് ഇത്തരത്തിൽ ടോൾബൂത്തുകൾ ഒഴിവാക്കി യാത്ര ക്രമീകരിച്ചത്. മൂന്നരയോടെ ഫാസ്ടാഗിൽ പണമെത്തിയെങ്കിലും ഈ വിവരം എല്ലാ ബസുകളിലേക്കുമെത്തിയില്ല. അതിനാൽ ഇതിനുശേഷവും പലരും ടോൾബൂത്ത് ഒഴിവാക്കി കിലോമീറ്ററുകൾ വളഞ്ഞാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.

ഫാസ്ടാഗിൽ പണം അടയ്ക്കാനുള്ള ചുമതലയിൽനിന്നും ബാങ്കുകളെ ഇടയ്ക്കിടെ മാറ്റുന്നതുകൊണ്ടാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്ന് പറയുന്നു. പുതുക്കാട് ഡിപ്പോയിലെ ബസുകൾക്ക് മാസം 530 രൂപയും തൃശ്ശൂർ ഡിപ്പോയിലെ ബസുകൾക്ക് മാസം 1050 രൂപയുമാണ് ടോൾ. ഒടുവിൽ പരിഹരിച്ചു