ജലസംഭരണിയിലേക്കുള്ള വാൽവുകൾ മാറ്റി

To advertise here,

കൊടുങ്ങല്ലൂർ : ജല സംഭരണിയിലേക്കുള്ള വാൽവുകൾ തകർന്നതുമൂലം രണ്ടുദിവസമായി നിർത്തിവെച്ച കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു.

പുല്ലൂറ്റ്, ലോകമലേശ്വരം വില്ലേജുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് തിങ്കളാഴ്ച ഉച്ചയോടെ പുനരാംഭിച്ചത്.

പുല്ലൂറ്റ് കോഴിക്കുളങ്ങര ഭാഗത്തേക്കായിരുന്നു വിതരണം. ചൊവ്വാഴ്ച ചാപ്പാറ ഭാഗത്ത് വിതരണം ആരംഭിക്കും. ബുധനാഴ്ചയോടെ നഗരസഭ പ്രദേശങ്ങളിലേക്കുള്ള വിതരണം സാധാരണ നിലയിലാവും.

നഗരസഭയിലെ പുല്ലൂറ്റ്, ലോകമലേശ്വരം വില്ലേജുകളിലേക്കുള്ള കുടിവെളളം സംഭരിക്കുന്ന നാരായണമംഗലത്തെ ജലസംഭരണിയിലേക്കുള്ള വാൽവുകളാണ് തകർന്നത്.

45 വർഷത്തോളം പഴക്കമുള്ള 500 എം.എം. കാസ്റ്റ് അയേൺ പൈപ്പുകളാണ് കാലപ്പഴക്കം മൂലം കേടുവന്നത്. നിലവിൽ തകർന്ന വാൽവുകൾ മാറ്റി ഡി.ഐ. വാൽവുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

വൈന്തലയിൽ 15 കിലോമീറ്ററുകളോളം ദൂരമുള്ള നാരായണമംഗലത്തെ ജലസംഭരണിയിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകളും കാലപ്പഴക്കം മൂലം വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ ദിനം പ്രതിയെന്നോണം വിവിധ ഭാഗങ്ങളിലായി പൊട്ടി കൊണ്ടിരിക്കുകയാണ്. ‌

പൈപ്പ് പൊട്ടുന്നത് മൂലം പമ്പിങ് നിർത്തിവെച്ചാൽ പിന്നീട് വിതരണം സാധാരണ നിലയിലെത്താൻ ഒരാഴ്ചയോളം സമയമെടുക്കും. ഇത്തരത്തിൽ കുടിവെള്ള വിതരണം സ്തംഭിക്കാത്ത ഒരുമാസമെങ്കിലും കൊടുങ്ങല്ലൂർ മേഖലയിൽ ഉണ്ടായിട്ടില്ല. കുടിവെള്ള വിതരണ പ്രതിസന്ധിക്ക് പരിഹാരം കാണാൻ തയ്യാറാക്കിയ പദ്ധതികൾ ആരംഭിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.