തിരൂർ : വിജയദശമിനാളിൽ തുഞ്ചൻപറമ്പിൽ അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ജാതി, മത ഭേദമെന്യേ ആയിരങ്ങളെത്തി. കൃഷ്ണശിലാമണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരായ വഴുതക്കാട് മുരളീധരൻ, പി.സി. സത്യനാരായണൻ, പ്രഭേഷ് പണിക്കർ എന്നിവർ എഴുത്തിനിരുത്തി.
സരസ്വതീമണ്ഡപത്തിൽ മലയാളത്തിലെ എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, ടി.ഡി. രാമകൃഷ്ണൻ, ശത്രുഘ്നൻ, പി.കെ. ഗോപി, കെ.എസ്. വെങ്കിടാചലം, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് മുഹമ്മദ്, മാധവൻ പുറച്ചേരി, കാനേഷ് പുനൂർ, പൂനൂർ കെ. കരുണാകരൻ, ഡോ. അനിൽ വള്ളത്തോൾ, ഡോ. എൽ. സുഷമ, അശോക് ഡിക്രൂസ്, തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗം അഡ്വ. എം. വിക്രംകുമാർ, ശ്രീദേവി അരവിന്ദ്, കെ. ബാബുരാജൻ ഉൾപ്പെടെ 27 എഴുത്തുകാർ അരിയിട്ട വെള്ളിത്തളികയിൽ വിരൽത്തുമ്പുകൊണ്ടും പവിത്രമോതിരംകൊണ്ട് നാവിൻതുമ്പിലും കുരുന്നുകൾക്ക് ഹരിഃശ്രീ കുറിച്ചു.
രാവിലെ അഞ്ചുമുതൽ പതിനൊന്നേമുക്കാൽ വരെ വിദ്യാരംഭച്ചടങ്ങുകൾ നടന്നു. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ കവികളുടെ വിദ്യാരംഭം നടത്തി.
നൂറുപേർ കവിതചൊല്ലി വിദ്യാരംഭം കുറിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ കവിതചൊല്ലി കവികളുടെ വിദ്യാരംഭം ഉദ്ഘാടനംചെയ്തു. പി.കെ. ഗോപി, മാധവൻ പുറച്ചേരി, ആനന്ദ് കാവാലം എന്നിവർ പ്രസംഗിച്ചു. വിദ്യാരംഭച്ചടങ്ങിനുശേഷം താനൂർ അഞ്ജലി നാട്യകലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങളും പാലക്കാട് നാദോപാസന ഭജൻസിന്റെ ആത്മനാദവും തിരൂർ രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ശാസ്ത്രീയ ചലച്ചിത്ര ഗാനസുധയും തിരൂർ അമൃതപൂജ ടീമിന്റെ ഫ്യൂഷൻ തിരുവാതിരയും അരങ്ങേറി.
തിരൂർ ഡിവൈ.എസ്.പി. എ.എം സിദ്ദീഖിന്റെയും താനൂർ ഡിവൈ.എസ്.പി. സുനിൽ പുളിക്കന്റെയും നേതൃത്വത്തിൽ വൻ പോലീസ് നന്നാഹം സുരക്ഷയൊരുക്കി.
ജെ.സി.ഐ. തിരൂർ കുട്ടികൾക്കും രക്ഷിതാക്കൾക്കും പാൽവിതരണം നടത്തി. ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാരക ഹോസ്പിറ്റൽ, തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ എന്നിവ വൈദ്യപരിശോധനയ്ക്ക് സൗകര്യമൊരുക്കി. സേവാഭാരതിയും സത്യസായി സേവാസമിതിയും കുട്ടികൾക്ക് സംഭാരവിതരണവും തുഞ്ചൻ സ്മാരക ട്രസ്റ്റ് പുസ്തകസ്റ്റാളുകളുമൊരുക്കി. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ വൈശാഖൻ ആരോഗ്യപരമായ കാരണത്താൽ ചടങ്ങുകൾക്കെത്തിയില്ല. സെക്രട്ടറി പി. നന്ദകുമാർ, ട്രസ്റ്റ് മെമ്പർമാർ, കോഡിനേറ്റർ കെ. ശ്രീകുമാർ, സൂപ്രണ്ട് എം. രവീന്ദ്രൻ എന്നിവർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. തെരുവോരക്കച്ചവടക്കാരും കരിമ്പുകച്ചവടക്കാരും വിദ്യാരംഭദിനത്തിൽ തെരുവോരം കൈയടക്കി.
പട്ടിക്കാട് : വിജയദശമിദിനത്തിൽ ഭക്തകവി പൂന്താനത്തിന്റെ ഇല്ലത്ത് ആദ്യക്ഷരം നുകർന്നത് 324 കുരുന്നുകൾ. ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. തന്ത്രി മുത്തേടത്ത് മന നാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സദാനന്ദൻ നമ്പൂതിരി മേലേടത്ത് മന, രാജി അന്തർജനം ആവണൂർ മന, സി.പി. നായർ ഗുരുവായൂർ, ടി.പി. നാരായണപിഷാരടി ഗുരുവായൂർ, ഷാജു പുതൂർ, റിട്ട. എ.ഇ.ഒ. വി.എം. ഇന്ദിര, മേലാറ്റൂർ രാധാകൃഷ്ണൻ, പി.എസ്. വിജയകുമാർ, മേലാറ്റൂർ രവിവർമ, നാരായണൻ നമ്പൂതിരി എന്നിവർ ആചാര്യൻമാരായി.
ശാന്തി കണ്ണൻ എമ്പ്രാന്തിരി, ദേവസ്വം ജീവനക്കാർ, ഇല്ലം-ക്ഷേത്രം സംരക്ഷണസമിതി പ്രവർത്തകർ എന്നിവർ നേതൃത്വംനൽകി. പൂന്താനത്തിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം, കവിസദസ്സ് എന്നിവയുമുണ്ടായി.
തുഞ്ചൻപറമ്പ് ഭാഷയുടെ പരമപുണ്യഭൂമി -ആലങ്കോട്
തിരൂർ : തുഞ്ചൻപറമ്പ് ഭാഷയുടെ പരമപുണ്യഭൂമിയാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. വിദ്യാരംഭച്ചടങ്ങുകൾക്കിടെ തുഞ്ചൻപറമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ശൂദ്രരും അവർണരും ഇതര മതസ്ഥരുമായ കുട്ടികൾക്ക് എഴുത്തച്ഛൻ അക്ഷരംകുറിച്ചു. ആ സംസ്കാരമാണ് തുഞ്ചൻപറമ്പിൽ ഇന്നും പ്രചരിച്ചുവരുന്നത്.
നിലനിന്നുപോരുന്നതും. എം.ടി. വാസുദേവൻ നായരാണ് എഴുത്തുകാരെക്കൊണ്ട് കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നത് തുടങ്ങിവെച്ചത്. ആ പാരമ്പര്യമാണ് തുഞ്ചൻപറമ്പിൽ നിലനിർത്തി പോരുന്നതെന്ന് ആലംങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
Published: 22 Oct 2026, 01:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented