തൃപ്പുത്തരി ഇന്ന്

To advertise here,

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ തണ്ടികവരവ് ഭക്തിസാന്ദ്രമായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ന് ശംഖുവിളിയുടെ അകമ്പടിയോടെയാണ് ചാലക്കുടി പോട്ടയിലെ പ്രവൃത്തിക്കച്ചേരിയിൽനിന്ന് തണ്ടിക പുറപ്പെട്ടത്.

മേത്താൾ മുല്ലശ്ശേരി രാമൻകുട്ടി നായർ, പെരുമ്പിള്ളി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ തണ്ടിക ഏറ്റുനൽകി. തുടർന്ന് മേത്താൾ പൈങ്കൽ അരവിന്ദന്റെ നേതൃത്വത്തിൽ വാളും പരിചയും ഒളപ്പണ്ണയും അകമ്പടിയായി കാൽനടയായിട്ടായിരുന്നു തണ്ടിക ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ഒട്ടേറെ ഭക്തജനങ്ങളും തണ്ടികയെ അനുഗമിച്ചിരുന്നു.

പത്തര തണ്ട് നേന്ത്രക്കുലയാണ് തണ്ടികയായി കെട്ടിയിരുന്നത്. രണ്ടു കദളിക്കുലയുടെ തണ്ട്, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയും തണ്ടികയായി ക്ഷേത്രത്തിലെത്തിച്ചു. 20 കിലോമീറ്ററോളം നടന്ന് വൈകീട്ട് അഞ്ചരയോടെ തണ്ടിക ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്തെത്തി.

പള്ളിവേട്ട ആൽത്തറയിലെത്തിച്ചശേഷം അവിടെനിന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ദേവസ്വം ഭരണസമിതി അംഗങ്ങളായ മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാർ,, ബിന്ദു, രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ സി. പ്രീതി, ദേവസ്വം ജീവനക്കാർ എന്നിവർ തണ്ടികയെ അനുഗമിച്ചിരുന്നു.

തൃപ്പുത്തരി ദിവസമായ ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് അരിയും തിരിയും ചുമതലയുള്ള കോവൂർ ഇല്ലത്തിന്റെ അനുമതിയോടെ മൂസ് അരിയളക്കും. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയർ, ചക്ക, ഇഞ്ചി, പച്ചമാങ്ങ എന്നിവ പുത്തരിക്ക് നിവേദിക്കും. തന്ത്രി നകര മണ്ണ് ഇല്ലത്തെ പ്രതിനിധി പൂജയ്ക്ക് നേതൃത്വം നൽകും.

തുടർന്ന് തെക്കേ ഊട്ടുപുരയിലും പടിഞ്ഞാറേ ഊട്ടുപുരയിലുമായി ഏഴായിരത്തിലേറെ ഭക്തജനങ്ങൾക്കായി തൃപ്പുത്തിരി സദ്യ നൽകും. വൈകീട്ട് കിഴക്കെ നടപ്പുരയിൽ ഉണ്ണായി വാരിയർ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന രുക്മിണീസ്വയംവരം കഥകളി അരങ്ങേറും.