പൂർത്തിയാകാതെ കാനനിർമാണം

To advertise here,

മേലൂർ : കാനനിർമാണംമൂലം ദുരിതത്തിലായി കാലടി കപ്പേള-വെട്ടുകടവ് റോഡിന്റെ സമീപപ്രദേശങ്ങൾ. പൂർത്തിയാകാതെ കിടക്കുന്ന കാനയാണ് വിനയായിട്ടുള്ളത്. മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് പദ്ധതിയുടെ ഭാഗമായാണ് കാലടി കപ്പേളയ്ക്കു സമീപം 50 മീറ്റർ കാന നിർമിച്ചത്.

ഇതോടെ കിഴക്ക് പഞ്ചായത്ത് ഓഫീസ് പരിസരം മുതൽ തെക്ക് കാലടി ക്ഷേത്രത്തിനു സമീപപ്രദേശം വരെ മഴവെള്ളം പൂർത്തിയാകാതെ കിടക്കുന്ന പുതിയ കാനയിലേക്ക് ഒഴുകിയെത്തി പരിസരപ്രദേശങ്ങൾ മുഴുവൻ വെള്ളക്കെട്ടിലാകുന്നു. കപ്പേളയുടെ അരികിലൂടെ പാടത്തേക്കുണ്ടായിരുന്ന സ്വാഭാവിക തോട് മണ്ണിട്ടുനികത്തിയതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. തോട് നികത്തിയതോടെ പരിസരത്തെ വയോജനസംരക്ഷണകേന്ദ്രം, അദ്‌ഭുതപുരം പള്ളി പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ടായി. ഒഴുകാനിടമില്ലാതെ കെട്ടിക്കിടന്ന മഴക്കാലത്തെ വെള്ളം പരിസരത്തെ വീടുകളിലേക്കെത്തി ചില വീടുകളിൽ സെപ്റ്റിക്‌ടാങ്കുകൾക്കും പ്രശ്‌നമായി.

പൂർത്തിയാകാതെ കിടക്കുന്ന കാനയോട് ബന്ധപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ്പൈപ്പുകൾ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരിക്കയാണ്. കോൺക്രീറ്റ്പൈപ്പുകൾ സ്ഥാപിച്ചാലും പുഴയിലേക്കുള്ള തോട്ടിൽ വെള്ളം എത്തിക്കാനാകില്ലെന്നും പ്രദേശത്ത് വെള്ളക്കെട്ടുമൂലം കൂടുതൽ ദുരിതം ഉണ്ടാകുകയേയുള്ളൂവെന്നുമാണ് നാട്ടുകാർ പറയുന്നത്. എം.എൽ.എ. ഫണ്ടുപയോഗിച്ച് 70 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന റോഡും വെള്ളക്കെട്ടിലാകും.