ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം സേവിക്കാനായി വൻ ഭക്തജനത്തിരക്ക്. ബുധനാഴ്ച പുലർച്ചെ മുതൽതന്നെ നിവേദ്യത്തിനായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഉദരസംബന്ധമായ അസുഖം ബാധിച്ച ഭഗവാന് അത് മാറുന്നതിന് വില്വമംഗലംസ്വാമിയാർ മുക്കുടി ഔഷധം നൽകുകയും ഇതു സേവിച്ച് ഭഗവാന്റെ അസുഖം ഭേദമായെന്നുമാണ് വിശ്വാസം. മുക്കുടിനിവേദ്യം നൂറ്റാണ്ടുകളായി ക്ഷേത്രത്തിൽ നടത്തിവരുന്ന അനുഷ്ഠാനച്ചടങ്ങാണ്.
മുക്കുടിക്കുള്ള ഔഷധക്കൂട്ടുകൾ പ്രത്യേക അനുപാതത്തിൽ സമർപ്പിക്കാനുള്ള അവകാശം കുമാരനെല്ലൂർ കുട്ടഞ്ചേരി മൂസ്സ് കുടുംബത്തിനാണ്. ഇത്തവണ കുട്ടഞ്ചേരി അനൂപ് മൂസാണ് നിവേദ്യം തയ്യാറാക്കിയത്. പുലർച്ചെ കൊട്ടിലാക്കലിൽ അരച്ചെടുത്ത മരുന്ന് തിടപ്പിള്ളിയിലെത്തിച്ച് മോരിൽക്കലർത്തി മൺകുടുക്കകളിലാണ് നിവേദിച്ചത്. ക്ഷേത്രം തന്ത്രി അണിമംഗലം മനക്കാർക്കാണ് മുക്കുടിനിവേദ്യത്തിനുള്ള അവകാശം. അണിമംഗലം നാരായണൻ നമ്പൂതിരിയുടെ മകൻ വാസുദേവൻ നമ്പൂതിരി ഭഗവാന് നിവേദിച്ചു. തുടർന്ന് പടിഞ്ഞാറേ നടപ്പുരയിൽ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
3,000 ലിറ്റർ തൈരിലാണ് ഇത്തവണ നിവേദ്യം തയ്യാറാക്കിയത്. രാവിലെ ഏഴുമണിമുതലാണ് വിതരണം നടത്തിയത്. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ഭരണസമിതിയംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാർ, ബിന്ദു, അഡ്മിനിസ്ട്രേറ്റർ സി. പ്രീതി, ദേവസ്വം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
തൃപ്പുത്തിരിദിനമായിരുന്ന ചൊവ്വാഴ്ച തെക്കേ ഊട്ടുപുരയിലും പടിഞ്ഞാറേ ഊട്ടുപുരയിലുമായി 7,800 ഭക്തർക്ക് സദ്യ നൽകി. രാവിലെ നടന്ന തൃപ്പുത്തിരി പൂജയ്ക്ക് തന്ത്രി നകരമണ്ണ് ഋഷികേശ് നമ്പൂതിരി നേതൃത്വം നൽകി.
Published: 22 Oct 2026, 01:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented