കുറ്റിച്ചൽ : ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്തിലെ പാങ്കാവിൽ പണിയാൻ തീരുമാനിച്ച സംസ്ഥാനത്തെ ആദിവാസിക്കുട്ടികൾക്കായി അനുവദിച്ച 'ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ' 15 വർഷം പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. 2011-ലെ യു.ഡി.എഫ്. സർക്കാർ അനുവദിച്ച സ്കൂളാണ് സ്വന്തമായി ഭൂമിയും ഫണ്ടും ഉണ്ടായിട്ടും മണലിയിലെ പഴയൊരു 'സ്വകാര്യ സ്കൂൾ' പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

To advertise here,

യു.ഡി.എഫ്. അധികാരത്തിലെത്തിയതോടെ സ്കൂൾ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ സജീവമായി. കഴിഞ്ഞ മാസം കുറ്റിച്ചലിൽ മന്ത്രി കെ.എ. തുളസി പങ്കെടുത്ത 'ഊരൊരുക്കം' പരിപാടിയിൽ പ്രശ്നം പ്രധാനമായി അവതരിപ്പിക്കപ്പെട്ടു. നിർദിഷ്ട സ്കൂൾ കോട്ടൂരിലെ പങ്കാവിൽത്തന്നെ യാഥാർഥ്യമാക്കുമെന്നാണ് മന്ത്രി നൽകിയ ഉറപ്പ്.

സ്ഥലം കണ്ടെത്തിയത്‌ വാലിപ്പാറയിൽ

2011-ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് പട്ടികവർഗവിദ്യാർഥികൾക്കായി ഒരു മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോട്ടൂർ കേന്ദ്രമാക്കി അനുവദിച്ചത്. ഒരു കോടി രൂപ പ്രാരംഭപ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകയിരുത്തുകയും ചെയ്തു.

എന്നാൽ സ്ഥലം കണ്ടെത്താനാകാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടം വരെയെത്തിയെങ്കിലും എം.എൽ.എ.യും മുൻ സ്പീക്കറും ആയിരുന്ന ജി. കാർത്തികേയൻ ഇടപെട്ട് 2015-ൽ കുറ്റിച്ചലിൽ വാടകക്കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം തുടങ്ങി. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ വനത്തിനുള്ളിൽ 'വാലിപ്പാറ'യിലാണ് സ്കൂളിന് ആദ്യമായി സ്ഥലം കണ്ടെത്തിയത്.

അഗസ്ത്യവനത്തിൽ ഉൾപ്പെടുന്ന ഒരു ഹെക്ടർ സ്ഥലമാണ് ഇതിനായി അനുവദിച്ചത്. സ്കൂൾ മന്ദിരം, ഹോസ്റ്റലുകൾ, കളിസ്ഥലം എന്നിവയുൾപ്പെടെ സി.ബി.എസ്.ഇ. സ്കൂളിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.

വിവാദങ്ങൾ ഒഴിയാതെ

കെട്ടിടനിർമാണത്തിനായി വനഭൂമിയിലെ മരങ്ങൾ മുറിച്ച്‌ സ്ഥലമൊരുക്കുന്ന പ്രവൃത്തികൾ മുന്നേറവേ കോവിഡ് നിയന്ത്രണങ്ങൾ വന്നു. ഇതോടെ എല്ലാം നിലച്ചു. ഇതിനിടെ സ്ഥലത്തെച്ചൊല്ലി വിവാദങ്ങളായി. എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് വനത്തിനുള്ളിലെ വാലിപ്പാറയെന്നും വന്യമൃഗശല്യം ഉൾപ്പെടെ പ്രശ്നമാകുമെന്നും ഒരു വിഭാഗം വാദിച്ചു. വിവാദം കോടതി കയറി. പിന്നാലെ വനംവകുപ്പ് വാലിപ്പാറയിലെ സ്ഥലം തിരിച്ച് ഏറ്റെടുത്തശേഷം അടുത്തുള്ള 'പങ്കാവി'ൽ സ്ഥലം അനുവദിച്ചു.

ഇവിടെ പ്രവൃത്തികൾ തുടങ്ങാൻ മണ്ണുപരിശോധന നടത്തി. എന്നാൽ, ഡി.പി.ആർ. ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടായില്ല. കെട്ടിടനിർമാണം എങ്ങുമെത്തിയില്ലെങ്കിലും 2015-ൽ കുറ്റിച്ചലിൽത്തന്നെ ഒരു വാടകക്കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. വിവിധ ജില്ലകളിൽനിന്നായി 81 പട്ടികവർഗ വിദ്യാർഥികളുമായായിരുന്നു തുടക്കം. കുറ്റിച്ചലിലെ വാടകക്കെട്ടിടത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്‌. ഇവിടെനിന്ന്‌ പലേടത്തേക്കും പിന്നീട് മാറ്റി. എല്ലാം വാടകക്കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചത്.

ഇപ്പോൾ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ വാടക നൽകി കാട്ടാക്കട പഞ്ചായത്തിന്റെ അതിർത്തിയിലെ 'മണലി'യിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വാടകയിനത്തിൽ മാത്രം ഇതുവരെ ചെലവായത് കോടികളാണ്. കോട്ടൂർ വനത്തിലെ പങ്കാവിൽ വനംവകുപ്പ് അനുവദിച്ച ഭൂമിയിൽ ബഹുനിലക്കെട്ടിടം പണിയാൻ 27.30 കോടി രൂപയാണ് കിഫ്ബിയിൽനിന്ന്‌ കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ അനുവദിച്ചത്. പണം ഇപ്പോഴും പട്ടികവർഗവികസന വകുപ്പിന്റെ കൈവശമാണെന്നാണ് വിവരം