ഉപ്പുതറ ടൗൺഹാൾ-കം മിനി സിവിൽസ്റ്റേഷൻ പദ്ധതി നിലച്ചു

To advertise here,

ഉപ്പുതറ : കൊട്ടിഘോഷിച്ച് നിർമാണോദ്ഘാടനം നടത്തിയ ഉപ്പുതറ ടൗൺഹാൾ- കം മിനി സിവിൽ സ്റ്റേഷൻ പദ്ധതി ഫണ്ടില്ലാതെ പൂർണമായി നിലച്ചു.

ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയ്ക്ക് സൗകര്യപ്രദമായ ഒരു പൊതുസമ്മേളനകേന്ദ്രം എന്ന സ്വപ്നമാണ് അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മ മൂലം ഇല്ലാതായത്.

എട്ടുകോടി രൂപ ചെലവിൽ ടൗൺഹാൾ നിർമിക്കുമെന്നായിരുന്നു പ്രാരംഭ പ്രഖ്യാപനം. ബൈപ്പാസിനായി പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപമാണ് ടൗൺ ഹാൾ- കം മിനി സിവിൽസ്റ്റേഷനായി സ്ഥലം കണ്ടെത്തിയത്. തുടർന്ന് 2018 മേയ് 26-ന് അന്നത്തെ വൈദ്യുതിമന്ത്രി എം.എം. മണി പദ്ധതിയുടെ തറക്കല്ലിടീലും നിർമാണോദ്ഘാടനവും നിർവഹിച്ചു.

എം.പി., എം.എൽ.എ., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, ബജറ്റിൽ വകയിരുത്തിയ പ്രാരംഭ ടോക്കൺ തുകയ്ക്കുശേഷം പദ്ധതിക്കായി ഫണ്ടുകളൊന്നും അനുവദിച്ചില്ല. പ്രളയമാണ് ഫണ്ട് ലഭിക്കാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത്.

തുടർന്ന് 2019-ലെ ബജറ്റിൽ ഫണ്ട് ലഭ്യമാകുമെന്ന പ്രതീക്ഷയിൽ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കാൻ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് 25,000 രൂപ അനുവദിച്ചു. എന്നാൽ കോവിഡ് വന്നതോടെ പദ്ധതി വീണ്ടും തടസ്സപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ബജറ്റിലോ, പഞ്ചായത്തിന്റെ വികസന പദ്ധതികളിലോ തുക വകയിരുത്തിയില്ല.

2022-23 സംസ്ഥാന ബജറ്റിൽ എട്ടുകോടി രൂപ അനുവദിച്ച് വീണ്ടും പ്രഖ്യാപനമുണ്ടായെങ്കിലും 100 രൂപയുടെ ടോക്കൺ അനുമതി മാത്രമാണ് ലഭിച്ചത്. തുടർന്നുള്ള ബജറ്റിൽ ഈ പദ്ധതി പൂർണമായും ഒഴിവാക്കപ്പെടുകയും ചെയ്തു. ഇതിനുശേഷമാണ് നബാർഡിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കാൻ തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് എന്ന ഏജൻസിയെ 6.3 ലക്ഷം രൂപയ്ക്ക് ചുമതലപ്പെടുത്തിയെങ്കിലും ഫണ്ട് കുറവാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി പദ്ധതിയിൽനിന്ന് പിന്മാറി.

പിന്നീട് 2025-ൽ ഏഴുലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ഒരു ഓപ്പൺ സ്റ്റേജ് നിർമിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും നിലവിൽ പരിപാലനമില്ലാതെ കിടക്കുകയാണ്. പഞ്ചായത്തിന്റെ സ്വന്തം പരിപാടികൾപോലും ഇവിടെ നടത്താറില്ല. നിലവിൽ ഓപ്പൺ സ്റ്റേജിന്റെ പരിസരം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറി.

കൃത്യമായ പ്ലാനിങ്ങും തുടർച്ചയായ ഇടപെടലുകളും ഇല്ലാത്തതുമൂലം ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് ഇവിടെ പാഴായിപ്പോയത്.