തൊടുപുഴ : ദക്ഷിണ സുഡാനിൽനിന്ന് കേരളത്തിന്റെ ബാസ്‌കറ്റ്ബോൾ കോർട്ടിലെത്തിയ ആവേശക്കാറ്റായിരുന്നു വില്യം. കാൽമുട്ടിനേറ്റ പരിക്ക് എല്ലാം തകിടംമറിച്ചു. എന്നാൽ, മലയാളം ആ ദക്ഷിണ സുഡാൻ താരത്തെ ചേർത്തുപിടിച്ചു. കേരളത്തിന്റെ സ്വന്തം ആയുർവേദം ഈ കായികതാരത്തെ രക്ഷിച്ചു.

To advertise here,

ദക്ഷിണ സുഡാനുവേണ്ടി ബാസ്‌കറ്റ് ബോളിലും വോളിബോളിലും സ്വർണമെഡൽ നേടിയ ടീമിലെ അംഗമായ വില്യം വോൾ വോൾ(22)-ആണ് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ സ്‌പോർട്‌സ് ആയുർവേദ റിസേർച്ച് സെന്ററിലെ ചികിത്സയിലൂടെ കളിക്കളത്തിലേക്ക് തിരികെയെത്തുന്നത്.

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ ഒന്നാം വർഷ എം.സി.എ. വിദ്യാർഥിയാണ് വില്യം വോൾ വോൾ. വലത് കാൽമുട്ടിലെ ലിഗമെന്റിന് ഏറ്റ പരിക്ക് വില്യമിന് നൽകിയത് വേദനയുടെ ദിവസങ്ങളായിരുന്നു. പരിശീലകൻ ഡോ.ജെ.സന്തോഷാണ് വില്യമിനെ തൊടുപുഴ സ്‌പോർട്‌സ് ആയുർവേദയിലേക്ക് കൊണ്ടുവന്നത്.

കോൺട്രോമലേഷ്യ പറ്റെല്ല എന്ന രോഗാവസ്ഥയായിരുന്നു. ചികിത്സയിൽ ലിഗമെന്റിന് ഏറ്റ ക്ഷതം ഏറെക്കുറെ ഭേദമായി. ദിവസങ്ങൾക്കുള്ളിൽ പൂർണ മുക്തിയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. അനുപ്രിയ പി.മണി പറഞ്ഞു.

മൂന്നുവർഷമായി എം.ജി. സർവകലാശാല ബാസ്‌കറ്റ് ബോൾ താരമാണ് വില്യം. ഉഗാണ്ടയിൽ നടന്ന വോളിബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ സുഡാൻ ടീമംഗമായിരുന്നു. ദേശീയ ബാസ്‌കറ്റ് ബോളിൽ സ്വർണം നേടിയ ടീമിലുമുണ്ടായിരുന്നു. 'സ്‌പോർട്‌സ് ആയുർവേദയിലെ ഡോക്ടർമാരോടും ജീവനക്കാരോടുമാണ് എനിക്ക് നന്ദി പറയാനുള്ളത് -വില്യം പറയുന്നു. ദേശീയ ആയുഷ് മിഷന്റെ നിയന്ത്രണത്തിലുള്ള തൊടുപുഴ സ്‌പോർട്‌സ് ആയുർവേദയിൽ ഒട്ടേറെ ദേശീയ കായികതാരങ്ങൾ ദിവസവും ചികിത്സയ്ക്ക് എത്തുന്നുണ്ട്.