പന്നിമറ്റം : വടക്കനാറിന് കുറുകെയുള്ള പാലം നിർമാണം അനന്തമായി നീളുന്നത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കുന്നു.

To advertise here,

പണിതുടങ്ങി രണ്ടുവർഷമായിട്ടും തൂണുകളുടെ വാർപ്പ് മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. വരുന്ന വേനലിലെങ്കിലും നിർമാണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്ന നാട്ടുകാർ പണികളുടെ മെല്ലെപ്പോക്കിൽ പ്രതിഷേധത്തിലാണ്.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന് തുക അനുവദിച്ചത്.

നിർമാണത്തിനായി പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ചപ്പാത്ത് പൊളിച്ചുമാറ്റിയതോടെയാണ് യാത്രാപ്രശ്നം രൂക്ഷമായത്.

ഇതോടെ പൂച്ചപ്ര ഉൾപ്പെടെയുള്ള മറുകരയിലുള്ള പ്രദേശവാസികൾ പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നതിനായി വെള്ളിയാമറ്റം വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ്. സ്കൂൾ വിദ്യാർഥികളാണ് ഇതുമൂലം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്.

വിവിധ കാരണങ്ങൾ പറഞ്ഞ് നിർമാണം മനപ്പൂർവം വൈകിപ്പിച്ച് കരാർ തുക ഉയർത്തിവാങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഈ രീതിയിലാണ് പണി മുന്നോട്ട് പോകുന്നതെങ്കിൽ പാലം പൂർത്തിയാകാൻ ഇനിയും വർഷങ്ങളെടുക്കും. നിർമാണത്തിലെ അലസത അവസാനിപ്പിച്ച് പാലംപണി അടിയന്തരമായി പൂർത്തിയാക്കാൻ പ്രാദേശിക ജനപ്രതിനിധികളും ഡീൻ കുര്യാക്കോസ് എം.പി.യും ഇടപെടണമെന്ന് ആലയ്ക്കാത്തടം നിവാസികൾ ആവശ്യപ്പെട്ടു.