ചെലവ് 10 കോടി രൂപ ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം
പള്ളിക്കൽ : പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ബഹുനിലക്കെട്ടിടം പ്രവർത്തനം തുടങ്ങിയില്ല. നിർമാണം പൂർത്തിയാക്കി കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്തെങ്കിലും വൈദ്യുതികണക്ഷൻ കിട്ടിയിട്ടില്ല. മാനദണ്ഡപ്രകാരമുള്ള ജലസംഭരണിയും സ്ഥാപിച്ചിട്ടില്ല.
വൈദ്യുതികണക്ഷനായി ഒരു ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാണ് വൈദ്യുതികണക്ഷൻ നൽകുന്നത്. അതിനായി 25 ലക്ഷം രൂപ ബോർഡിന് അടയ്ക്കണം. തുക ആരോഗ്യവകുപ്പ് അനുവദിച്ചിട്ടുണ്ട്. അഗ്നിരക്ഷാ മാനദണ്ഡമനുസരിച്ച് ജലസംഭരണി നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തെ പാറക്കൂട്ടം മാറ്റണം.
ബ്ലോക്ക് പഞ്ചായത്ത് രണ്ടുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും കരാർ എടുത്തില്ല. അനുബന്ധ പദ്ധതികളുടെ നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. പൊതു മരാമത്തിന്റെ നടപടികളും പൂർത്തിയാകേണ്ടതുണ്ട്. ഇതെല്ലാം പുതിയ മന്ദിരത്തിന്റെ പ്രവർത്തനം തുടങ്ങാൻ വിലങ്ങുതടിയാണ്.
പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ആശുപത്രി ആധുനിക സൗകര്യങ്ങളിലേക്ക് തുറക്കാൻ ഏറെനാൾ കാത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. 10 കോടി ചെലവിട്ട് ആറുവർഷം കൊണ്ടാണ് കെട്ടിടം പൂർത്തിയാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ 11 വർഷം മുൻപ് മുൻ യു.ഡി.എഫ്. സർക്കാരിൻെറ അവസാന വർഷത്തിലാണ് സി.എച്ച്.സി.യായി ഉയർത്തിയത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരുകൾ ആശുപത്രിമന്ദിരം നിർമിക്കാൻ രണ്ടു ഘട്ടങ്ങളിലായി 10 കോടിയിലേറെ രൂപ അനുവദിച്ചു. ഈ തുക വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 32700 ചതുരശ്രയടിയാണ് പുതിയ മന്ദിരത്തിന്റെ വിസ്തീർണം.
ഒട്ടേറെ ആധുനിക സൗകര്യങ്ങളാണ് പുതിയ ആശുപത്രി കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്.അത്യാധുനികമായ ഒട്ടേറെ സൗകര്യങ്ങളും മികച്ച ചികിത്സാ സംവിധാനങ്ങളുമടക്കം അടിമുടി മാറ്റം പള്ളിക്കൽ സാമൂഹികാരോഗ്യകേന്ദ്രത്തിനുണ്ടാകും. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആരോഗ്യകേന്ദ്രം. സർക്കാരിന്റെ ആരോഗ്യ പുരസ്‌കാരങ്ങൾ പതിവായി നേടുന്ന ആശുപത്രിയുമാണ്.
എന്നാൽ സി.എച്ച്.സി.യിൽനിന്ന് ലഭിക്കേണ്ട സേവനങ്ങൾ ജനങ്ങൾക്ക് കിട്ടുന്നുമില്ല. 11 വർഷമായിട്ടും കുടുംബാരോഗ്യകേന്ദ്രത്തിൽനിന്ന് കിട്ടുന്ന ചികിത്സാ സംവിധാനങ്ങൾ മാത്രമാണ് ഇപ്പോഴുമുള്ളത്.
ജീവനക്കാരും സൗകര്യങ്ങളും വേണം
പുതിയ മന്ദിരത്തിലേക്ക് പ്രവർത്തനം മാറണമെങ്കിൽ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരമുള്ള ഡോക്ടർമാർ, നഴ്‌സിങ്
സ്റ്റാഫ്, മറ്റ് ജീവനക്കാരുടെയും അടക്കം എണ്ണം വർധിക്കണം.
നിലവിൽ പല വിഭാഗത്തിനും പകുതിപോലും ജീവനക്കാരില്ല. ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പൂർത്തിയാക്കിയിട്ടും പുതിയ കെട്ടിടത്തിൽ വേണ്ട ചികിത്സാ വിഭാഗങ്ങൾ, അതിനായി മന്ദിരത്തിൽ വരുത്തേണ്ട ക്രമീകരണങ്ങൾ എന്തെല്ലാമെന്നതു സംബന്ധിച്ചും അധികൃതർക്ക് ധാരണയില്ല.
കെട്ടിടം എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ചുള്ള ആലോചനകൾ ഒച്ചിഴയും വേഗത്തിൽ നടക്കുന്നതേയുള്ളു.
Published: 09 Sept 2026, 01:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented