വെള്ളറട : കുഴികൾ നിറഞ്ഞ് ശോച്യാവസ്ഥയിലായ ചൂണ്ടിക്കൽ-പറമ്പ്-ഓണശ്ശേരികോണം റോഡിന്റെ നവീകരണം തുടങ്ങി. മാതൃഭൂമി വാർത്തകളെത്തുടർന്നാണ് നടപടി. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥയെക്കുറിച്ച് മാതൃഭൂമി നേരത്തേ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

To advertise here,

മലയോര ഹൈവേയിൽ ചൂണ്ടിക്കലിൽനിന്ന് ആരംഭിക്കുന്ന ഈ ബണ്ട് റോഡ് നൂലിയം, പറമ്പ്, ഓണശ്ശേരികോണം നിവാസികളുടെ ഏക ആശ്രയമാണ്. ആറാട്ടുകുഴി വാർഡിലെ പ്രധാനപ്പെട്ട ഈ ഇടറോഡിന്റെ ഒരുവശത്ത് തോടാണ്.

മഴയെത്തിയാൽ തോട്ടിൽ നീരൊഴുക്കും അധികമാണ്. വർഷങ്ങളായി ടാറിളകിമാറി ഏറെ ശോച്യാവസ്ഥയിലുള്ള ഈ റോഡിലൂടെ നടന്നുപോകാൻപോലും ദുഷ്‌കരമാണ്. പലവട്ടം നാട്ടുകാർ സംഘടിച്ച് കുഴികളിൽ ചല്ലിയും പാറപ്പൊടിയും നിരത്തിയെങ്കിലും കനത്ത മഴയത്ത് ഇവയെല്ലാം തോട്ടിലേക്ക് ഒലിച്ചുപോയിരുന്നു.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് റോഡിന്റെ കുറച്ചുഭാഗത്ത് കോൺക്രീറ്റ് ചെയ്‌തെങ്കിലും ബാക്കിയുള്ള ഭൂരിഭാഗവും തകർന്ന് തരിപ്പണമായ നിലയിലാണ്.

കുഴികളിൽ അകപ്പെടാതെ ഇരുചക്രവാഹനങ്ങൾ കടന്നുപോകുമ്പോൾ പലപ്പോഴും തോട്ടിൽ വീഴുന്നതും പതിവാണ്. കനത്ത മഴസമയത്ത് ഇതുവഴി എത്തിയ കാർ തോട്ടിലേക്കു വീണു. കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഇതുകൂടാതെ മറ്റൊരു വാഹനത്തിനു കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടയിൽ അഞ്ചുമരങ്കാല സ്വദേശിയായ യുവാവിന്റെ ബൈക്ക് തോട്ടിലേക്ക് വീണും അപകടവുമുണ്ടായി. കാൽനടയാത്രപോലും ദുഷ്‌കരമായതിനെത്തുടർന്ന് നാട്ടുകാരുടെ ദുരവസ്ഥ മാതൃഭൂമിയിൽ വാർത്തകളായി പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനുപിന്നാലെ സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യുടെ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ അനുവദിച്ചു. 300 മീറ്റേേറാളം ദൂരത്ത് നാല് മീറ്റർ വീതിയിലാണ് കോൺക്രീറ്റ് ചെയ്യുന്നത്.

ഈ റോഡിൽനിന്ന്‌ മൂഴിമുതൽ നൂലിയംകുളംവരെ നീളുന്ന ബണ്ട് റോഡിന്റെ നവീകരണവും എത്രയുംവേഗം സാധ്യമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.