വിതുര : അവധിക്കാല കായികപരിശീലനത്തിനു വേദിയാകേണ്ട വിതുരയിലെ പി.ടി. ഉഷ സ്റ്റേഡിയം കാടുപിടിച്ച് ചെളി നിറഞ്ഞ അവസ്ഥയിൽ. നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ച് ആറുവർഷമാകുമ്പോഴും കളിക്കളം ശോച്യാവസ്ഥയിലാണ്. പ്രതിഭാധനരായ നിരവധി കായികതാരങ്ങളുടെ വളർച്ചയ്ക്ക് സാക്ഷിയായ പരിശീലനകേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണയിൽ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് മലയോരത്തെ കായികപ്രേമികൾ.

To advertise here,

2015-20 കാലത്തെ ജില്ലാപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 1.48 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയാണ് നവീകരണത്തിനായി ആവിഷ്കരിച്ചത്. ഡിവിഷൻ അംഗവും പ്രസിഡൻറുമായിരുന്ന വി.കെ. മധു 2020 ജൂൺ 26-ന് നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് 'മാതൃഭൂമി' വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. കായികപ്രേമികൾ നിവേദനവും നൽകി. തുടർന്ന് ബജറ്റിൽ സ്റ്റേഡിയം നവീകരിക്കുന്നതിനായി ജില്ലാപ്പഞ്ചായത്ത് ഫണ്ട് വകയിരുത്തുകയായിരുന്നു. ഗ്രൗണ്ട് ഗാലറി, 100 മീറ്റർ ട്രാക്ക്, മിനി ജിംനേഷ്യം, ഓഫീസ് ബ്ലോക്ക്, വിശ്രമമുറികൾ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംവിധാനമാണ് ലക്ഷ്യമിട്ടത്. പ്രാരംഭഘട്ടമായി സ്റ്റേഡിയം ഇടിച്ചുനിരത്തി മണ്ണു നിറച്ചു. ഗാലറികളുടെ നിർമാണം ഭാഗികമായി പൂർത്തിയാക്കി. കോവിഡ് കാലത്ത്‌ നിർമാണസാമഗ്രികൾക്കുണ്ടായ ദൗർലഭ്യവും തടസ്സമായി. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ പണി നിലച്ചു. തുടർന്നുവന്ന ഭരണസമിതിയും സർക്കാരും പൂർണമായും അവഗണിച്ചതോടെ കളിക്കളം ചെളിക്കളമായി മാറി.

നിർമിച്ചത് നാലുപതിറ്റാണ്ടുമുമ്പ്

മലയോരപഞ്ചായത്തുകൾക്കായി ഒരു കളിസ്ഥലമെന്ന നീണ്ട നാളത്തെ ആവശ്യത്തിനൊടുവിലാണ് സ്റ്റേഡിയം യാഥാർഥ്യമായത്. 1986-ലെ ഗാന്ധിജയന്തിദിനത്തിൽ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ടു. ഒരു വർഷം കഴിഞ്ഞ് 1987 നവം. 30-ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. കായികതാരം പി.ടി. ഉഷയും സന്നിഹിതയായിരുന്നു. സ്റ്റേഡിയത്തിലൂടെ അവർ രണ്ട് റൗണ്ട് ഓടുകയും ചെയ്തു. തുടർന്നാണ്‌ കളിക്കളത്തിന് പി.ടി. ഉഷയുടെ പേരു നൽകിയത്.

തുടക്കക്കാലത്ത് നിരവധി പേർ പരിശീലനത്തിനെത്തിയിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ കായികപരിശീലനം പതിവുകാഴ്ചയായി. കലാസാംസ്കാരികപരിപാടികൾക്കും സ്റ്റേഡിയം സാക്ഷിയായി. വിശാലമായ ഗാലറിയായിരുന്നു പ്രധാനസവിശേഷത.