നവ മാധ്യമങ്ങളുടെ വളര്‍ച്ച ഈ കാലഘട്ടത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയ, ബ്ലോഗിങ്, പോഡ്കാസ്റ്റിങ്, വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവയുടെ കുതിച്ചുചാട്ടം, ഇവ ഉപയോഗിച്ചുള്ള വിഷയാവതരണത്തിലും പ്രചാരണരീതികള്‍ ഉപയോഗത്തില്‍ വരുത്തുന്നതിലും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഡിവൈസുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ ലേഖനം, റിപ്പോര്‍ട്ടിങ്, പരസ്യം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലകളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് നവ മാധ്യമങ്ങൾ.

To advertise here,

എല്ലാവിധ പ്രചാരണങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഒരു പ്രധാന വിനിമയ മാര്‍ഗമായി ഇന്ന് മാറിക്കഴിഞ്ഞു. ബിസിനസ്, രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും നവമാധ്യങ്ങള്‍ ചെലുത്തുന്ന സ്വാധീനം നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അതീതമാണ്. ഒരു പക്ഷേ, അതിന്റെ സ്വാധീനം വ്യക്തികളുടെ ചിന്തകളിലും  തീരുമാനങ്ങളിലും ചെലുത്തുന്ന വ്യതിയാനങ്ങള്‍ ഉപഭോക്താക്കളാകുന്നവര്‍ സ്വയം അറിയുന്നുണ്ടാവില്ലായിരിക്കും. അവിടെയാണ് പ്രസാധകരുടെയും നവമാധ്യമങ്ങള്‍ പ്രചരണനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുടെ തന്ത്രാവിഷ്‌കരണ പ്രസക്തി!

വിപണനരംഗത്തെ നവമാധ്യമ തന്ത്രങ്ങളും മാറിയ സാഹചര്യങ്ങൾ പുതുതലമുറയ്ക്ക് ഒരുക്കുന്ന അനവധി അവസരങ്ങളുമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. 
 
അവതരണ ശൈലിയിലുള്ള വ്യത്യസ്തത 

പരമ്പരാഗത വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് നവ മാധ്യമങ്ങളെ വ്യത്യസ്തമാകുന്നത് വായനക്കാരനും കാഴ്ചക്കാരനും തത്സമയം തന്നെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങളോട്, അത് വാര്‍ത്തകളായാലും പരസ്യങ്ങളായാലും പ്രതികരിക്കാന്‍ കൂടിയുള്ള സാഹചര്യമുണ്ടാകുന്നു എന്നതാണ്. 

വിപണിയിലെ കയറ്റിറക്കങ്ങളുടെ അടിസ്ഥാനത്തില്‍ നിരന്തരം മാറിമറിയുന്ന ഒന്നാണ് മാര്‍ക്കറ്റിങ്  മേഖല. സോഷ്യല്‍ മീഡിയയ്ക്ക് ഇന്ന് പ്രചുരപ്രചാരം  ലഭിച്ചതോടെ പരമ്പരാഗത രീതിയില്‍ നിന്നും മാര്‍ക്കറ്റിങ് മേഖലയും ചുവടുമാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ്, വൈറല്‍ മാര്‍ക്കറ്റിങ്, ഇ-കോമേഴ്സ്, നിഷ് മാര്‍ക്കറ്റിങ് (Niche Marketing), ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ് (Influencer Marketing), ബിഹേവിയറല്‍ അഡ്വര്‍ടൈസിങ് (Behavioural Advertising), വീഡിയോ മാര്‍ക്കറ്റിങ്, മീഡിയ ബിഡ്ഡിങ്  (RTB), പെര്‍ഫോര്‍മന്‍സ് മാര്‍ക്കറ്റിങ്, ഉപഭോക്താക്കളെ വീണ്ടും വീണ്ടും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുന്ന Re-marketing, പൊതുവില്‍ നമ്മളൊക്കെ സ്ഥിരം കേള്‍ക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എന്നിങ്ങനെ പോകുന്ന മാര്‍ക്കറ്റിങ് രംഗത്തെ നൂതന പരീക്ഷണങ്ങൾ. നിര്‍മിതബുദ്ധി (Artificial Intelligence) തന്ത്രം ആവിഷ്‌കരിച്ചുള്ള പെര്‍ഫോമന്‍സ് മാര്‍ക്കറ്റിങ്ങും (Performance marketing) ഒരു കടമ്പകടന്നു മുന്നില്‍തന്നെയുണ്ട്.

സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം വര്‍ധിച്ചതോടെ, മാര്‍ക്കറ്റിങ് രീതികള്‍ ദിനംപ്രതി മാറിമറിഞ്ഞുക്കൊണ്ടിരിക്കുന്നു. 90% ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ അവരുടെ വാര്‍ഷിക മാര്‍ക്കറ്റിങ്  ബഡ്ജറ്റിന്റെ 15% സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിനായി വിനിയോഗിക്കുന്നു എന്നതാണ് മുന്‍കാല കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്. ഫെയ്​സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, ലിങ്ക്ഡ്ഇന്‍, ബ്ലോഗുകള്‍, യൂട്യൂബ് എന്നിവ സമൂഹമാധ്യമ പ്രചാരണത്തിനായി വ്യാപകമായി ഉപയോഗിച്ചു വരുന്നുമുണ്ട്. 

2023-ല്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണം ആഗോളതലത്തില്‍ 490 കോടിയായി വര്‍ധിച്ചു. ഈ സംഖ്യ 2027 ഓടെ ഏകദേശം 585 കോടി ഉപഭോക്താക്കളായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതും. ഏറ്റവും എടുത്തു പറയപ്പെടേണ്ട ഒന്ന് ഉപഭോക്താക്കള്‍ ആരും ഒരൊറ്റ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നതെന്ന വസ്തുതയാണ്. ഒരു ശരാശരി ഉപഭോക്താവ് മാസത്തില്‍ ആറ് മുതല്‍ ഏഴ് വരെ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ തങ്ങളുടെ ആവശ്യങ്ങാള്‍ക്കായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് ശരിയായ വസ്തുത. ഇവിടെയാണ് മള്‍ട്ടി-പ്ലാറ്റ്‌ഫോം അഥവാ നവമാധ്യമങ്ങളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതും.

2023 ന്റെ തുടക്കത്തിലെ കണക്കെടുപ്പുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ 33.4% ആയി എത്തിനില്‍ക്കുന്നു. കൂടുതല്‍ വ്യക്തമാക്കിയാല്‍, ഇന്ത്യയില്‍ നവമാധ്യമ ഉപഭോക്താക്കളുടെ എണ്ണം 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ജനസംഖ്യയുടെ 40.2 ശതമാനം അഥവാ 398.0 ദശലക്ഷം ഉപയോക്താക്കള്‍ എന്നതാണ് സ്ഥിതി വിവരക്കണക്കുകള്‍. ഇതില്‍ പ്രായം കണക്കാക്കാതെയുള്ള കണക്കുപ്രകാരം ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 67.5% പേരും ഏതെങ്കിലും ഒരു നവമാധ്യമതലം സ്ഥിരമായി ഉപയോഗിച്ച് വരുന്നു. കൂടുതല്‍ വ്യക്തമാക്കിയാല്‍ ഇതു ഉപയോഗിക്കുന്ന ഒരു വ്യക്തി പ്രതിദിനം ശരാശരി 145 മിനിറ്റ് ഇത്തരം മീഡിയകളില്‍ ചെലവഴിക്കുന്നു എന്നതാണ്. ഇവിടെയാണ് നവമാധ്യമങ്ങളുടെ തന്നെ ഭാഗമായ കമ്മ്യൂണിറ്റി മാനേജ്മന്റ് എന്ന തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്നുവരുന്നത്.

ലഭ്യമായ നവമാധ്യമ ഉപയോഗ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, 77% ചെറുകിട ബിസിനസ്സുകളും ഉപഭോക്താക്കളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ നവമാധ്യമ തലങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ തന്നെ 44% ആള്‍ക്കാരും ബ്രാന്‍ഡ് അവബോധം കെട്ടിപ്പടുക്കുന്നതിനും 41% ഒരു വരുമാന ചാലകമെന്ന നിലയിലും നവമാധ്യമങ്ങളെ ആശ്രയിച്ചുവരുന്നു. 

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പരസ്യവിപണിയിലുണ്ടായ വന്‍ കുതിച്ചുചാട്ടം 

ഡെന്റ്‌സു (Dentsu), e4m എന്നിവയെ അവലംബിച്ചുള്ള ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ (IBEF) റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഇന്ത്യന്‍ ഓണ്‍ലൈന്‍ പരസ്യ വിപണി 12.3% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (Compound annual growth rate - CAGR) 2021 ല്‍ 330 കോടി യുഎസ് ഡോളറില്‍ നിന്ന് 2022 ല്‍ 440 കോടി യുഎസ് ഡോളറായി എത്തിനില്‍ക്കുന്നു എന്നാണ്. 2023 അവസാന പകുതിയില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് പരസ്യ വിപണി 35.3% വികസിച്ചതായാണ് സൂചികകള്‍ വ്യക്തമാക്കുന്നത്. ഇത് ലോകത്തിലെതന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന പരസ്യവിപണി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ്. 2027-ഓടെ മൊത്തം ഓണ്‍ലൈന്‍ പരസ്യവരുമാനം 790 കോടി യുഎസ് ഡോളറിലെത്തും എന്ന് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

നവമാധ്യമങ്ങളില്‍ Metaverse, Web 3.0, മുതലായവയുടെ സ്വാധീനം 

ഇന്നത്തെ നിലവിലത്തെ സാഹചര്യത്തില്‍ എക്‌സ്റ്റന്റഡ് റിയാലിറ്റി(XR) ഗണ്യമായ തോതില്‍ നവമാധ്യമ സൃഷ്ടികള്‍ക്ക് മുതല്‍ക്കൂട്ട് ആകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), ഓഗ്മെന്റഡ് റിയാലിറ്റി (AR), മറ്റ് ഇമ്മേഴ്സീവ് സാങ്കേതികവിദ്യകള്‍ ( immersive technologies) എന്നിവയുടെ സമന്യത രൂപം അഥവാ ഹൈബ്രിഡ് രൂപത്തിലായിരിക്കും മാധ്യമങ്ങള്‍ വരും കാലങ്ങളില്‍ നമ്മളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്. അതായത് വിവര വിനിമയം മെറ്റാവേര്‍സിന്റെ രൂപത്തില്‍ മിക്‌സഡ് റിയാലിറ്റി എന്ന തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.  

5ജി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ക്ലൗഡ് കംപ്യൂട്ടിങ്, വെബ്3 (Web3) എന്നിവ സംയോജിപ്പിച്ച്, ഉപഭോക്താക്കള്‍ ഒരു പുതിയ നെറ്റ്​വർക്കിങ് യുഗം സ്വീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതകളും അനന്തമാണ്.

പഴയ ചില സ്ഥിതി വിവരണ കണക്കുകള്‍ 

പത്തു കൊല്ലം മുന്‍പുള്ള ചില കണക്കുകള്‍ കാണിക്കുന്നത്, മിക്ക പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ഓണ്‍ലൈന്‍ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അവയില്‍ 78% ബ്രാന്‍ഡുകള്‍ മാത്രമായിരുന്നു ഫെയ്​സ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ബ്ലോഗുകള്‍, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഫലപ്രദമായി തങ്ങളുടെ വിവര വിനിമയാവശ്യങ്ങള്‍ക്കായി ഉപയോഗപെടുതിയിരുന്നത്. അതില്‍ തന്നെ 90% ബ്രാന്‍ഡുകളും തങ്ങളുടെ വാര്‍ഷിക മാര്‍ക്കറ്റിംഗ് ബഡ്ജറ്റിന്റെ 15 ശതമാനം മാത്രമാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിനായി വിനിയോഗിച്ചിരുന്നതും. എന്നാല്‍ എഐ, പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്, ജെനറിക് എഞ്ചിന്‍ ഇന്‍ഫ്‌ളുവന്‍സ് എന്നിവയുടെ ആവിര്‍ഭാവത്തോടെ സ്ഥിതിഗതികള്‍ തികച്ചും വ്യത്യസ്തമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സമീപഭാവിയില്‍ നവ മാധ്യമ രംഗത്ത് ധാരാളം പ്രഫഷണലുകളെയാണ്  ആവശ്യമായി വരുന്നതും. വെറുതെ ലൈക് അടിച്ചു സമയം കളയാതെ  അല്പം സാങ്കേതികവിദ്യ പഠിച്ചെടുത്താല്‍ നിങ്ങള്‍ക്കും നാളെ നവ മാധ്യമ രംഗത്ത് തിളങ്ങാന്‍ സാധിക്കും.

ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പ്രചാരണത്തിന് മുതല്‍ക്കൂട്ട് 

വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിക്കുന്നത് അതിന്റെ ലഭ്യത അനുസരിച്ചായിരിക്കും. അതായത് സ്വാഭാവിക (ജനറിക്) രീതിയില്‍ സെര്‍ച്ച് എന്‍ജിനുകള്‍ (ഗൂഗിള്‍, യാഹൂ, ബിംഗ്  മുതലായവ) ഇത്തരം വാര്‍ത്തകള്‍ സംയോജിപ്പിച്ചിരിക്കുന്ന രീതി, വാര്‍ത്തകളുടെ സ്വഭാവം, വായിക്കുന്നവരുടെ എണ്ണം എന്നിവ ഏതു വാര്‍ത്തകളുടെയും  തുടര്‍ന്നുള്ള സെര്‍ച്ച് എന്‍ജിന്‍ റിസള്‍ട്ട് പേജ് (SERP) ഘടകത്തെ ബാധിക്കുകയും അവര്‍ ന്യൂസുകളില്‍ ഏറ്റവും മുന്നില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ഇന്ന് നിര്‍മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ചുള്ള തിരച്ചിലുകളും വിവര ശേഖരണവും കൂടിയതോടെ Generative AI അഥവാ GenAI എന്ന പുതിയ തലം കൂടി നവമാധ്യമ രംഗത്ത് വന്നിട്ടുണ്ട്.

ഇവിടെ തുടര്‍ച്ചയായ രീതിയില്‍ (Sequential way) ഒരു വിഷയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ പര്യാപ്തമായ വാര്‍ത്താ ഫീഡുകളും അവയുടെ സമന്വയവും  (News Feeds and Syndication)  ഉണ്ടാകേണ്ടതുണ്ട്. News Schema കളുടെ നിര്‍മാണവും വാര്‍ത്തകളില്‍ അവ കൂട്ടിച്ചേര്‍ക്കേണ്ട രീതിയും നവമാധ്യമ വിദ്യയുടെ സാങ്കേതിക വശങ്ങളില്‍പ്പെടുന്നു. ഒട്ടുമിക്ക മുഖ്യധാരാ വാര്‍ത്താ ചാനലുകളും തങ്ങളുടെ വാര്‍ത്തകളുടെ പ്രചാരണനത്തിന് സോഷ്യല്‍ മീഡിയാ തലങ്ങളെ ആശ്രയിക്കുന്ന അവസരത്തില്‍, പത്രമാധ്യമ രംഗത്തും ഇതിന്റെ പ്രസക്തി അനിവാര്യമായിരിക്കുന്നു.  
 
ജനറിക് സെര്‍ച്ച്

ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ ലഭിക്കാന്‍ നമ്മള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സെര്‍ച്ച് എന്‍ജിനുകളെ തന്നെയാണ്. പല വാര്‍ത്തകള്‍ക്കും കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് ജനറിക് സെര്‍ച്  രീതിയില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ കൂടിയാണ്. അതായത് പരസ്യതന്ത്രങ്ങളില്‍ കൂടി അല്ലാതെയുള്ള സ്വാഭാവികമായ വസ്തുത ലഭ്യമാക്കുന്ന രീതി. അങ്ങനെ ആകുമ്പോള്‍ ഉപഭോക്താവ് അതിലേക്കു പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെടുന്നു എന്നതാണ് വസ്തുത! അത്തരത്തില്‍ ഒരു ഉത്പന്നം  ഉപഭോക്താവ് അറിഞ്ഞു ചെന്ന് ആവശ്യപ്പെടുന്ന രീതി ഇവിടെ വാര്‍ത്തകളുടെ പ്രചരണം നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഇത്തരം വിവരങ്ങളുടെ സംയോജനമാണ്, ഇത്തരം രീതിയെ കോളോബ്രറ്റീവ് ടാഗിങ് (Collaborative Tagging) എന്നറിയപ്പെടുന്നു. ഇത് ചെയ്യാനും വേണം ശരിയായ സാങ്കേതിക മികവ്. 

നിര്‍മിത ബുദ്ധി (Artificial Intelligence) യുടെ കടന്നുകയറ്റം തൊഴിലില്ലായ്മ സൃഷ്ടിക്കുന്നത് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നത്, ഒരുപക്ഷേ, പരമ്പരാഗത തോഴിയില്‍ മേഖലയില്‍നിന്നു വ്യത്യസ്തമാകും ജോലി സാധ്യതകള്‍ എന്ന് മാത്രം!

വസ്തുനിഷ്ഠമായ വിവരങ്ങള്‍ നല്‍കുക

ഇന്ന് വിവരലഭ്യതയ്ക്ക് പ്രധാനമായും ഇന്റര്‍നെറ്റ് തലങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, അത് വിദ്യാഭ്യാസപരമായോ, തൊഴില്‍ സംബന്ധമായോ, രാഷ്ട്രീയപരമായോ ഉത്പന്നങ്ങളെകുറിച്ചോ സേവനങ്ങളെ കുറിച്ചോ എന്തുമാകട്ടെ ജനങ്ങള്‍ ശരിയായ വസ്തുത അറിയാന്‍ ശ്രമിക്കുമ്പോള്‍ അനാവശ്യമായ വിവരങ്ങള്‍ ഒഴിവാക്കി വസ്തുനിഷ്ഠവും കൃത്യവുമായ വിവരങ്ങള്‍ സമയബന്ധിതമായി ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ എത്തിക്കുന്ന ജോലി വളരെ സൂക്ഷ്മമായി ചെയ്യേണ്ട ഒന്നാണ്. 

ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ പ്രചരിച്ചിരുന്ന അഭികാമ്യമോ തെറ്റായതോ ആയ  വാര്‍ത്തകള്‍ ഒരുപക്ഷേ, ഇപ്പോഴും ഇന്റര്‍നെറ്റ് മാധ്യമതലങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യം സംജാതമായിട്ടുണ്ടെങ്കില്‍ അവയെ യഥാവിധി തുടച്ചുമാറ്റി ശരിയായ വാര്‍ത്തകളും വസ്തുതകളും മറ്റുള്ളവരില്‍ എത്തിക്കുന്ന ജോലിക്ക് ഇന്ന് ഏറെ സാധ്യതകള്‍ കൈവന്നിരിക്കുന്നു. ഓണ്‍ലൈന്‍ വാര്‍ത്തകളും വിവരങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ സെൻസേഷണലായ തലക്കെട്ടുകള്‍ക്കുപരി സാങ്കേതികവും അതോടൊപ്പം നൈതികമായ (Ethical)  രീതി അനുവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (WIPO) കോപ്പിറൈറ്റ് ഉടമ്പടിഅനുശാസിക്കുന്ന ഡിജിറ്റല്‍ മില്ലേനിയം കോപ്പിറൈറ്റ് ആക്ട് (DMCA), വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം അനുശാസിക്കുന്ന വേള്‍ഡ് ആക്‌സസബിലിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായ വെബ് കണ്ടന്റ് ആക്‌സസബിലിറ്റി ഗൈഡ്‌ലൈന്‍സ് (WCAG), വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങളായ (Standards) Flesch Kincaid, Gunning Fog, Coleman Liau Index, Automated Readability Index (ARI), 80/20 Rule തുടങ്ങിയ മേഖലകളിലൊക്കെ  വൈദഗ്ധ്യം ഉള്ളവരുടെ സേവനം ഇന്ന് നവ മാധ്യമരംഗത്ത് ആവശ്യമായി വരുന്നു.

ഒരു അസുഖം വരുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന രീതി നമുക്ക് പലപ്പോഴും വ്യക്തമായിരിക്കില്ല. ഇതുപോലെ തന്നെയാണ് ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ കടന്നുകൂടുന്ന രീതിയും. ഇതിനെതിരേ നമ്മുടെ ശരീരവും മരുന്നും പ്രവര്‍ത്തിക്കുമ്പോള്‍ രോഗാണുക്കള്‍ നശിച്ച് ശരീരം പൂര്‍വസ്ഥിതി പ്രാപിക്കുന്നു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് അധിക നിലനില്‍പ്പില്ല. എന്നാല്‍ പ്രതികരിക്കാതിരുന്നാല്‍  ഇത് വളരെ ദോഷകരമായി നമ്മളെ ബാധിക്കാനും കാരണമാകും. ഇതേ രീതിയാണ് ഇന്റര്‍നെറ്റില്‍ കടന്നുകൂടിയിരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരേ സമയബന്ധിതമായും സാങ്കേതികമായും കൈകാര്യം ചെയ്യുക എന്നുള്ളത്, ഇല്ലെങ്കില്‍ ഫലങ്ങള്‍ തികച്ചും പ്രതികൂലമായും മാറിയേക്കാം. 

ഗെറ്റ് ഫൗണ്ട് ടാറ്റിക്സ് (Get Found Tactics)

വാര്‍ത്തകള്‍, ചിത്രങ്ങള്‍, ചലച്ചിത്ര രൂപത്തിലുള്ള വിവരങ്ങള്‍, എന്നിവ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്ക് ദൃശ്യമാകുന്ന പ്രക്രിയയ്ക്ക് ''ഗെറ്റ് ഫൗണ്ട്'' (Get Found) എന്ന വാക്കാണ് ഉപയോഗിച്ചുവരുന്നത്. ഈ പ്രചാരണ മാര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്‍ബൗണ്ട് (Inbound) എന്ന് അടിസ്ഥാനതത്വത്തെ ആശ്രയിച്ചായിരിക്കുന്നത്. പ്രധാനമായും ജനങ്ങളെ നമ്മുടെ വിവര ശൃംഖലയിലേയ്ക്ക് എത്തിക്കുന്നതും.

കൊളാബറേറ്റീവ് ടാഗിങ് (Collaborative Tagging) എന്ന ലോജിക്കിനെ അടിസ്ഥാനമാക്കി ഒരേ വാര്‍ത്ത തന്നെ പല ഇന്റര്‍നെറ്റ് വിനിയോഗ രീതി ഉപയോഗിച്ച് കൂടുതല്‍ ജനങ്ങളില്‍  എത്തിക്കുകയും  അവരെ അതിലേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ ലിങ്കുകള്‍ സംയോജിപ്പിക്കുകയും (Link Bait) അധികാരമില്ലാത്ത ചാനലുകള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് തടയിടുകയും ചെയ്യുന്നു പ്രക്രിയയിലൂടെ (Astroturfing) വായനക്കാര്‍ക്ക് വാര്‍ത്തകളോട് പ്രതികരിക്കാനുള്ള അവസരവും ലഭിക്കുന്നു. പ്രതികരണം അനുകൂലമായാലും പ്രതികൂലമായാലും അത് വാര്‍ത്തകള്‍ക്ക് പ്രചുരപ്രചാരം  ലഭിക്കാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട്.

പ്രചാരണത്തിന് ഉപോത്ബലമാകുന്ന ഈ രീതി, വീണ്ടും വാര്‍ത്തകള്‍ പ്രതികരിച്ചവരിലേക്ക് എത്തിക്കുന്ന രീതി (Bubble Mechanism), എത്രത്തോളം വാര്‍ത്തകള്‍ എത്തിച്ചു എന്ന് (Link Quantum), പല സമാന വാര്‍ത്തകളുടെ കൂടിച്ചേരുകള്‍ (Syndication) ഇവയെല്ലാം ചേരുന്ന കൊളാബറേറ്റിങ് ടാഗിങ്  ആണ് വാര്‍ത്തയുടെ പ്രചാരണത്തിന് പ്രധാനമായും അടിസ്ഥാനമാക്കുന്നത്.

അവസരങ്ങള്‍ 

നവമാധ്യമ സാങ്കേതികവിദ്യയിലുള്ള പരിജ്ഞാനവും മാര്‍ക്കറ്റിങ് രംഗത്തെ നൂതന ആശയങ്ങള്‍ സ്വായത്തമാക്കാനുള്ള താല്‍പര്യവുമുള്ള ഏതു പ്രായക്കാര്‍ക്കും ഈ മേഖലയിലേക്ക് കടന്നുവരാവുന്നതുമാണ്. ഈ  മേഖലയില്‍ കാത്തിരിക്കുന്നത് അവസരങ്ങളുടെ പെരുമഴയാണെന്ന് തന്നെ പറയാം. ഉല്‍പ്പന്നങ്ങള്‍ സേവനങ്ങള്‍ ബ്രാന്‍ഡുകളുടെ മാര്‍ക്കറ്റിങ്, വിപണനം, പരസ്യവിപണി, പത്രപ്രവര്‍ത്തന മേഖല, ഓണ്‍ലൈന്‍ പബ്ലിക് റിലേഷന്‍സ്, കമ്മ്യൂണിറ്റി മാനേജ്​മെന്റ്, ബ്ലോഗിങ്  എന്നിങ്ങനെ വിവിധ മേഖലയിലേക്കുള്ള കാല്‍വെപ്പാണ് നവമാധ്യമ മേഖല നമുക്കായി തുറന്നുതരുന്നത്, ഇതേക്കുറിച്ചൊക്കെ വിശദമായി മനസ്സിലാക്കിയതിനുശേഷം ഈ മേഖലയിലേക്ക് കടന്നുചെല്ലുന്നതാകും ഉചിതവും. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്. 

അവലംബം: https://www.forbes.com/advisor/in/business/social-media-statistics/
https://www.ibef.org/blogs/digital-advertising-in-india#:~:text=In%20contrast%2C%20India's%20internet%20advertising,one%20of%20the%20fastest%20growing)