പിഴവുള്ള ഒരു എഐ സംവിധാനത്തില് നിന്നുള്ള തെറ്റായ രോഗനിര്ണ്ണയം ഒരു സാങ്കല്പ്പിക അപകടമല്ല; അത് ഒരു രോഗിയുടെ ജീവനാണ്.

ഒരു ഗ്രാമത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ ദമ്പതിമാരെ സങ്കൽപ്പിക്കുക. ഒരാൾക്ക് പ്രമേഹമുണ്ട്; മറ്റേയാൾ ഒരു വീഴ്ചയിൽ നിന്ന് സുഖം പ്രാപിച്ചുവരുന്നു. മക്കൾ ദൂരെ ജോലി ചെയ്യുന്നു; മിക്ക വൈകുന്നേരങ്ങളിലും അവർ വിളിക്കും. നമ്മുടെ കേരളത്തിലുൾപ്പെടെ ലോകമെമ്പാടും കൂടുതൽ കൂടുതൽ വയോധികർ ഇങ്ങനെയാണ് ജീവിക്കുന്നത്.
ഇനി എഐ എത്ര വേഗത്തിലാണ് മാറുന്നതെന്ന് ചിന്തിക്കുക. ഏതാനും മാസങ്ങൾ കൂടുമ്പോൾ, മുമ്പത്തേതിനേക്കാൾ വേഗമേറിയതും ചെലവു കുറഞ്ഞതും കൂടുതൽ കഴിവുള്ളതുമായ ഒരു പുതിയ എഐ മോഡൽ എത്തുന്നു. എന്നാൽ എഐ എങ്ങനെ ഉപയോഗിക്കാമെന്ന് തീരുമാനിക്കുന്ന നിയമങ്ങൾ വളരെ പതുക്കെയാണ് മാറുന്നത്; പലപ്പോഴും വർഷങ്ങളെടുക്കും. അതിവേഗം കുതിക്കുന്ന സാങ്കേതികവിദ്യയും ഇഴഞ്ഞുനീങ്ങുന്ന നിയമങ്ങളും തമ്മിലുള്ള ഈ അന്തരം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നു. ആ ദമ്പതിമാർക്ക് ശരിയായ സഹായം ലഭിക്കുമോ, ഒരു വിദ്യാർഥിക്ക് ന്യായമായി മാർക്ക് ലഭിക്കുമോ, കാരണം വിശദീകരിക്കാൻ ആർക്കും കഴിയാതെ ഒരാൾ ജോലിക്ക് തിരസ്‌കരിക്കപ്പെടുമോ എന്നൊക്കെ തീരുമാനിക്കുന്നത് ഈ അന്തരമാണ്.
എഐയെ നിയന്ത്രിക്കാൻ മൂന്നു വഴികൾ
എല്ലാ സർക്കാരുകളും ഒരു കടുത്ത തീരുമാനത്തെ നേരിടുന്നു. നിയമങ്ങൾ വൈകിയാൽ ജനങ്ങൾക്ക് ദോഷം സംഭവിക്കാം. കർശന നിയമങ്ങൾ നേരത്തെ വന്നാൽ, എഐക്ക് ചെയ്യാനാകുന്ന നന്മകൾ തടസ്സപ്പെട്ടേക്കാം. രാജ്യങ്ങൾ മൂന്നു വ്യത്യസ്ത വഴികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ആദ്യത്തെ വഴി, വേഗത്തിൽ മുന്നോട്ടുപോകുക, നിയന്ത്രണം പിന്നീട് എന്നതാണ്. രാജ്യത്തിനാകെ ബാധകമായ ഒരൊറ്റ നിയമമില്ല. പകരം സംസ്ഥാനങ്ങളോ പ്രാദേശിക സ്ഥാപനങ്ങളോ സ്വന്തം നിയമങ്ങൾ ഉണ്ടാക്കുന്നു. പുതിയ ആശയങ്ങൾ വേഗത്തിൽ വളരാൻ ഇത് സഹായിക്കുന്നു; പക്ഷേ ഒരിടത്തെ ജനങ്ങൾക്ക് സംരക്ഷണം ലഭിക്കുമ്പോൾ മറ്റൊരിടത്തുള്ളവർക്ക് അത് ലഭിക്കാതെ പോകാം.
രണ്ടാമത്തെ വഴി, വേഗം കുറഞ്ഞാലും നിയന്ത്രണം ആദ്യം എന്നതാണ്. യൂറോപ്യൻ യൂണിയൻ ലോകത്തിലെ ഏറ്റവും കർശനമായ എഐ നിയമങ്ങളിലൊന്ന് കൊണ്ടുവന്നു. എന്നാൽ അവ പാലിക്കാൻ ആവശ്യമായ മാനദണ്ഡങ്ങളും സംവിധാനങ്ങളും തയ്യാറാകാത്തതിനാൽ, ഏറ്റവും കടുത്ത വ്യവസ്ഥകൾ ഒരു വർഷത്തിലേറെ നീട്ടിവയ്‌ക്കേണ്ടി വന്നു. കർശന നിയമങ്ങൾ വിവേകപൂർണ്ണമായ ആശയമാണ്; പക്ഷേ എഐയുടെ വേഗത്തിനൊപ്പമെത്താൻ ഒരു നിയമത്തിനും എളുപ്പമല്ല.
മൂന്നാമത്തെ വഴി, ഇപ്പോൾ പൊതുവായ നിർദ്ദേശങ്ങൾ നൽകുക, വിശദമായ നിയമങ്ങൾ പിന്നീട് എന്നതാണ്. 'ദോഷം ചെയ്യരുത്' എന്ന ലളിതമായ ഒരു തത്വത്തെ അടിസ്ഥാനമാക്കി, ചില സർക്കാരുകൾ വിശാലമായ മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഇത് വഴക്കമുള്ളതാണ്; പക്ഷേ ജനങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നു. ഒരു വായ്പ നിഷേധിക്കപ്പെട്ടാൽ, ഒരു സ്‌കാൻ തെറ്റായി വായിക്കപ്പെട്ടാൽ, അല്ലെങ്കിൽ ഒരു ജോലി അപേക്ഷ കമ്പ്യൂട്ടർ തള്ളിക്കളഞ്ഞാൽ, സഹായത്തിനായി ചൂണ്ടിക്കാട്ടാൻ വ്യക്തമായ ഒരു നിയമവുമില്ല.
ഇതൊന്നും എഐയെ ഭയപ്പെടാനുള്ള കാരണമല്ല. ഒരു പുതിയ ഭക്ഷ്യോൽപ്പന്നം വരുമ്പോൾ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ വർഷങ്ങൾ പിന്നിലാകാതെ ഒപ്പമെത്തണമെന്ന് നാം പ്രതീക്ഷിക്കുന്നതുപോലെ, സാങ്കേതികവിദ്യയ്ക്കൊപ്പം നീങ്ങുന്ന ഉത്തരവാദിത്തം ആവശ്യപ്പെടാനുള്ള കാരണമാണ്.
ഇനിയും പിറക്കാത്ത ജോലികൾക്കായി വിദ്യാർഥികളെ ഒരുക്കുമ്പോൾ
നയരൂപീകരണം പിന്നിലാകാൻ ഏറ്റവും കുറഞ്ഞ ന്യായീകരണമുള്ള മേഖല വിദ്യാഭ്യാസമാണ്. ഇന്നത്തെ ജോലികൾക്കല്ല, ഏതാനും വർഷങ്ങൾക്കപ്പുറമുള്ള ജോലികൾക്കായാണ് വിദ്യാർഥികളെ ഒരുക്കേണ്ടത്; അവയിൽ പലതിനും ഇന്ന് പേരുപോലുമില്ല.
ചില സ്ഥാപനങ്ങൾ ഔപചാരിക നയങ്ങളും പുതിയ വിദ്യാർഥികൾക്ക് നിർബന്ധിത പരിശീലനവുമായി ഗൗരവത്തോടെ മുന്നോട്ടുപോകുന്നുണ്ട്. എന്നാൽ 90 രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുനെസ്‌കോ 2025ൽ നടത്തിയ സർവേയിൽ, അഞ്ചിലൊന്ന് സ്ഥാപനങ്ങൾക്കു മാത്രമാണ് ഔപചാരിക എഐ നയമുള്ളതായി കണ്ടെത്തിയത്. അതിനാൽ പല അധ്യാപകരും ഓരോ കോഴ്‌സിനും സ്വന്തം നിയമങ്ങൾ ഉണ്ടാക്കേണ്ടി വരുന്നു. വിദ്യാർത്ഥികളാകട്ടെ, സ്വയം തീരുമാനമെടുത്തു കഴിഞ്ഞു. എങ്ങനെ ഉപയോഗിക്കണമെന്ന് ആരും പറഞ്ഞുതന്നാലും ഇല്ലെങ്കിലും, പലയിടങ്ങളിലും ഭൂരിഭാഗം സർവകലാശാലാ വിദ്യാർഥികളും പഠനത്തിന് എഐ ഉപയോഗിക്കുന്നു.
നല്ലൊരു വിദ്യാഭ്യാസനയം നീണ്ടതാകേണ്ടതില്ല; പക്ഷേ അത് കൃത്യമായിരിക്കണം. ഒന്നാം വർഷം മുതൽ എഐ സാക്ഷരത ഒരു അടിസ്ഥാന നൈപുണ്യമായി പഠിപ്പിക്കണം. അന്തിമ ഉത്തരം മാത്രമല്ല, ഒരു എ ഐ പ്രോഗ്രാമിന് വ്യാജമായി സൃഷ്ടിക്കാനാകാത്ത വിവേചനശേഷിയും യുക്തിയും പരിശോധിക്കുന്ന മൂല്യനിർണ്ണയ രീതികൾ രൂപകൽപ്പന ചെയ്യണം. ഭാവിയിൽ ഏതു ജോലികൾ നിലനിന്നാലും മൂല്യം നഷ്ടപ്പെടാത്ത കാര്യങ്ങളിൽ ശ്രദ്ധയൂന്നണം. വിമർശനാത്മക ചിന്ത, അവ്യക്തമായ ഒരു പ്രശ്‌നത്തെ കൃത്യമായി നിർവചിക്കാനുള്ള കഴിവ്, ഒരു എ ഐ പ്രോഗ്രാമിന്റെ ഉത്തരം എപ്പോൾ വിശ്വസിക്കണമെന്നും എപ്പോൾ വിശ്വസിക്കരുതെന്നും തിരിച്ചറിയാനുള്ള ശേഷി. ഇന്നത്തെ ഉപയോഗങ്ങൾക്കായി മാത്രം പരിശീലനം ലഭിച്ച ഒരു വിദ്യാർത്ഥി ബിരുദം നേടുമ്പോൾത്തന്നെ പിന്നിലായിരിക്കും.
ഡേറ്റയിൽ തന്നെ പഴയ മുൻവിധികൾ ഒളിഞ്ഞിരിക്കുമ്പോൾ
ചരിത്രപരമായ എല്ലാ വിഭജനങ്ങളും ഉള്ളിൽപ്പേറുന്ന യഥാർത്ഥ സമൂഹങ്ങൾ സൃഷ്ടിച്ച, നിലവിലുള്ള ഭീമമായ അളവിലുള്ള എഴുത്തുകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും രേഖകളിൽ നിന്നുമാണ് എഐ സംവിധാനങ്ങൾ പഠിക്കുന്നത്. വ്യാപകമായി ഉപയോഗിക്കുന്ന മോഡലുകൾ പരിശോധിച്ച ഗവേഷകർ, മുൻവിധികൾ പുറത്തുകൊണ്ടുവരാൻ രൂപകൽപ്പന ചെയ്ത ചോദ്യങ്ങൾ നൽകുമ്പോൾ, ലിംഗം, വംശം, മതം, സാമൂഹിക വർഗ്ഗം എന്നിവയുമായി ബന്ധപ്പെട്ട പഴയ ധാരണകൾ അവ ആവർത്തിക്കുന്നതായി പലതവണ കണ്ടെത്തിയിട്ടുണ്ട്. ഒരു എഞ്ചിനീയറും മനഃപൂർവം ഇത് പ്രോഗ്രാം ചെയ്യുന്നില്ല; ഈ മാതൃക ഡേറ്റയിൽ തന്നെയുണ്ട്, മോഡൽ അത് ആവർത്തിക്കാൻ പഠിക്കുക മാത്രമാണ് ചെയ്യുന്നത്.
ഇതിന്റെ പ്രത്യാഘാതങ്ങൾ യഥാർത്ഥമാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള അർഹരായ അപേക്ഷകരെ തള്ളുകയും, സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള സമാന അപേക്ഷകൾ അംഗീകരിക്കുകയും ചെയ്യുന്ന ക്ഷേമപദ്ധതി, നിയമന സംവിധാനങ്ങളെക്കുറിച്ചും, പരിശീലന ഡേറ്റയിൽ മേധാവിത്വം പുലർത്തിയ ഇടുങ്ങിയ വിഭാഗത്തോട് സാമ്യമുള്ള ബയോഡേറ്റകൾക്ക് മുൻഗണന നൽകുന്ന റിക്രൂട്ട്‌മെന്റ് അൽഗോരിതങ്ങളെക്കുറിച്ചും ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. പല ദേശീയ എഐ നയങ്ങളും ഇത്തരം വിവേചനം ഇതിനകം വിലക്കുന്നുണ്ട്; അതിനെ ചോദ്യം ചെയ്യാൻ സമത്വ നിയമങ്ങളും വഴിയൊരുക്കുന്നു.
എഐ ആദ്യം എവിടെ ഉപയോഗിക്കണം; മുത്തശ്ശിയുടെ വീട്ടിലെ റോബോട്ടിന്റെ കാര്യമോ?
ഇതാണ് ഈ കഥയിലെ പ്രതീക്ഷ നൽകുന്ന ഭാഗം. വിദ്യാഭ്യാസത്തിൽ, ഉത്തരങ്ങൾ നൽകുന്നതിനു പകരം വിദ്യാർഥികളെ ചിന്തിപ്പിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്യുമ്പോഴാണ് എഐ ഏറ്റവും സഹായകമാകുന്നത്. ആരോഗ്യരംഗത്ത്, കാൻസർ പരിശോധന, മാതൃആരോഗ്യം, ദീർഘകാല രോഗങ്ങളുടെ നിയന്ത്രണം എന്നിവയ്ക്കുള്ള ഉപകരണങ്ങൾക്ക് ദേശീയ എഐ പദ്ധതികൾ ഇതിനകം ധനസഹായം നൽകുന്നുണ്ട്. എന്നാൽ ഇവിടെയും അതേ ഭരണനിയമങ്ങൾ ബാധകമാകണം; കാരണം പിഴവുള്ള ഒരു എഐ സംവിധാനത്തിൽ നിന്നുള്ള തെറ്റായ രോഗനിർണ്ണയം ഒരു സാങ്കൽപ്പിക അപകടമല്ല; അത് ഒരു രോഗിയുടെ ജീവനാണ്.
പിന്നെ, ഈ ലേഖനം തുടങ്ങിയത് ആ ദമ്പതികളിൽ നിന്നാണല്ലോ. അതിവേഗം വാർധക്യത്തിലേക്ക് നീങ്ങുന്ന പല പ്രദേശങ്ങളും വയോജന പരിചരണത്തിനും വയോജന സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള ചട്ടക്കൂടുകൾ അവതരിപ്പിച്ചിട്ടുണ്ട്; ഒപ്പം മുതിർന്ന പൗരന്മാർക്ക് മൊബൈൽ മെഡിക്കൽ സംഘങ്ങളെയും സാന്ത്വന പരിചരണത്തെയും എത്തിക്കുന്ന പദ്ധതികളുമുണ്ട്.
എന്നാൽ ഒരു വയോധികന്റെ വീട്ടിൽ താമസിക്കുന്ന പരിചരണ റോബോട്ടുകളെക്കുറിച്ചുള്ള ഒരു നയം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴുമില്ല: അത്തരമൊരു ഉപകരണത്തിന് എന്തൊക്കെ ചെയ്യാം, അത് ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങൾക്ക് എന്തു സംഭവിക്കും, ഒരു വീഴ്ചയോ അടിയന്തരാവസ്ഥയോ അത് ശ്രദ്ധിക്കാതെ പോയാൽ ആരാണ് ഉത്തരവാദി. ഒരു പതിറ്റാണ്ടിലേറെയായി ഈ വെല്ലുവിളി നേരിടുന്ന രാജ്യങ്ങൾ ഒരു പാഠം നൽകുന്നു: വർഷങ്ങളുടെ നിക്ഷേപത്തിനു ശേഷവും, പരിചരണ റോബോട്ടുകൾ ഓർമ്മപ്പെടുത്തലുകൾക്കും നിരീക്ഷണത്തിനും കൂട്ടിനും ഉള്ള ഒരു സഹായം മാത്രമാണ്; മനുഷ്യനായ ഒരു പരിചാരകന്റെ വിവേചനത്തിന് പകരമല്ല. ആ അതിർവരമ്പ് വ്യക്തമായി നിർവചിക്കുന്നതിലാണ് അവിടത്തെ നയങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട്, അറിഞ്ഞിരിക്കേണ്ട ഒരു ആശയമാണ് ഏജന്റിക് എഐ. പൊതുവായ ഉപയോഗത്തിനുള്ള ഒരു ചാറ്റ്‌ബോട്ടിൽ നിന്ന് വ്യത്യസ്തമായി, ഒരു എഐ ഏജന്റിനെ ഒരു പ്രത്യേക ജോലിക്കായി പരിശീലിപ്പിച്ച്, ഹ്യൂമനോയ്ക്ക് റോബോട്ട്, ഇലക്ട്രിക് കാർ, ഡ്രോൺ പോലുള്ള ഒരു ഭൗതിക സംവിധാനത്തിനുള്ളിൽ സ്ഥാപിക്കുന്നു; അവിടെ ആ പരിശീലനമനുസരിച്ച് അത് പ്രവർത്തിക്കുന്നു. വീട്ടിൽ റോബോട്ടുകൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ ഇത് ഇതിനകം വിപുലമാക്കിക്കൊണ്ടിരിക്കുന്നു. തുണി മടക്കിവയ്ക്കൽ പോലുള്ള ദൈനംദിന വീട്ടുജോലികൾ ഇന്ന് യന്ത്രങ്ങൾക്ക് ചെയ്യാനാകും; വരും വർഷങ്ങളിൽ ഇനിയും ഏറെ പുരോഗതി പ്രതീക്ഷിക്കപ്പെടുന്നു.
നിർമ്മിതബുദ്ധിയെ മറ്റൊരു ഉപകരണമായല്ല, ഒരു വിപ്ലവമായാണ് മനസ്സിലാക്കേണ്ടത്. സമാനമായ വ്യാപ്തിയുള്ള ഒരു മുൻകാല പരിവർത്തനമാണ് മനുഷ്യസംസ്‌കാരത്തെ രൂപപ്പെടുത്തിയത്: വിദ്യാഭ്യാസം. അത് മനുഷ്യന്റെ അസംസ്‌കൃത ശേഷിയെ പങ്കുവയ്ക്കപ്പെടുന്ന അറിവാക്കി മാറ്റുകയും ഇന്ന് നാം ആശ്രയിക്കുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്തു. എഐ അതേ വ്യാപ്തിയുള്ള ഒരു പരിവർത്തനമാണ്. ഓരോ വായനക്കാരനു മുന്നിലും ഒരു തിരഞ്ഞെടുപ്പുണ്ട്: അതുമായി ഇടപഴകുക, അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കുക, ഈ വിപ്ലവത്തിന്റെ ഭാഗമാകുക; അല്ലെങ്കിൽ അതിനാൽ പിന്തള്ളപ്പെടാനുള്ള സാധ്യത നേരിടുക. മോഡലുകൾക്കു പിന്നാലെ മോഡലുകളായി, ആഴ്ചകൾതോറും, സാങ്കേതികവിദ്യ കുതിച്ചുകൊണ്ടേയിരിക്കും.
നല്ല നയങ്ങൾക്ക് ആ വേഗത്തിനൊപ്പം ഒരിക്കലും പൂർണ്ണമായി എത്താനാവില്ല; മറിച്ച് നടിക്കുന്നത് സത്യസന്ധതയല്ല. പക്ഷേ അതിന്റെ ആവശ്യവുമില്ല. നമ്മുടെ വീടുകളിലേക്കും ആശുപത്രികളിലേക്കും ക്ലാസ് മുറികളിലേക്കും നമ്മുടെ കുട്ടികളുടെ ഭാവിയിലേക്കും എഐ കടന്നുവരുമ്പോൾ, ഫലത്തിന്റെ ഉത്തരവാദിത്തം ഒരു മനുഷ്യനിൽ തന്നെ നിലനിൽക്കുമെന്നും, ആരും കൃത്യസമയത്ത് നിയമം എഴുതാത്തതിന്റെ പേരിൽ ഒരു കുടുംബത്തിന്റെ അന്തസ്സ് നിശ്ശബ്ദമായി ഒരു യന്ത്രത്തിന് കൈമാറപ്പെടില്ലെന്നും ഉറപ്പാക്കാൻ മതിയായ വേഗത്തിലും വ്യക്തതയിലും നയങ്ങൾ നീങ്ങണം.
(യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫിളോറിഡ, യുഎസ്എയിലെ നാനോടെക്‌നോളജി, മെറ്റീരിയൽസ്, ഫോട്ടോണിക്‌സ് പ്രൊഫസറാണ് ലേഖകൻ)
ലേഖനത്തിന്റെ ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ വായിക്കാം
Content Highlights: Rapidly advancing AI technologies often outpace slow-moving government regulations., Global strategies for AI regulation vary from flexible guidelines to strict frameworks like the European Union's., Education systems urgently need AI literacy and critical thinking integrated into curriculums., AI models can perpetuate historical biases and discrimination present in training data., Human accountability remains essential in critical sectors like elderly care, healthcare, and education.
Published: 21 Oct 2026, 02:27 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented