റീൽസ് തുറന്നാൽ പിന്നെ ഇൻഫ്ലുവൻസർമാരുടെ ഉപദേശങ്ങളുടെയും പ്രൊമോഷനുകളുടെയും പൂരമാണ്. ‘ഈ സിറം തേച്ചാൽ മുഖം തിളങ്ങും’, ‘ഈ ലിപ്സ്റ്റിക് ഇല്ലാതെ എന്ത് ജീവിതം?’- ഇങ്ങനെ പോവുന്നു തള്ളുകൾ. ഒരുകാലത്ത് ഇതൊക്കെ കണ്ട് കണ്ണടച്ച് നമ്മളൊക്കെ വാങ്ങിയിട്ടുമുണ്ട്. അവർ കാണിക്കുന്ന വസ്ത്രങ്ങൾ, ഉപയോഗിക്കുന്ന കോസ്മെറ്റിക്സ്, റെക്കമൻഡ് ചെയ്യുന്ന ഗാഡ്ജെറ്റുകൾ എന്നിവ വാങ്ങുക എന്നതായിരുന്നു നിലനിന്നിരുന്ന ട്രെൻഡ്. എന്നാൽ, കഥകൊകെ മാറിമറിഞ്ഞിരിക്കുകയാണ്. ഇന്ന് ഇൻഫ്ലുവൻസർമാർ കാശുമേടിച്ച് കാട്ടിക്കൂട്ടുന്ന ഈ കോപ്രായങ്ങൾ മടുത്ത്, ‘നിന്റെയൊക്കെ പരസ്യം നിന്റെ കയ്യിൽതന്നെ ഇരുന്നോട്ടെ’ എന്ന് മുഖത്ത് നോക്കി ചോദിക്കാൻ പുതിയ തലമുറ പഠിച്ചു കഴിഞ്ഞു.
ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക എന്നത് സോഷ്യൽ മീഡിയയിൽ ഇന്ന് വലിയൊരു സ്റ്റെെൽ സ്റ്റേറ്റ്‌മെന്റാണ്, സിംപിൾ ആയി പറഞ്ഞാൽ അതൊരു അസ്സൽ 'ഫ്ലെക്സ്' ആണ്! ഇത് ഡിജിറ്റൽ ലോകത്ത് ഒരു പുതിയ സ്റ്റേറ്റ്മെന്റും, അതോടൊപ്പം അഭിമാനബോധത്തിന്റെ അടയാളവുമായി മാറിയിരിക്കുന്നു. ഇതാണ് പുതിയ കാലത്തെ 'ഡീ-ഇൻഫ്ലുവൻസിങ് 2.0' (De-Influencing 2.0) എന്ന സംഭവം.

To advertise here,

‘ഇതൊന്നും മേടിക്കല്ലേ ഭായ്!’- മടുപ്പ് കാണിച്ച ഇൻഫ്ലുവൻസർ ഫാറ്റിഗ്

ഒരു ഉത്പ്പന്നത്തെക്കുറിച്ച് ഇൻഫ്ലുവൻസർമാർ നടത്തുന്ന ഗ്ലോറിഫൈയിങ്ങിൽ മടുപ്പ് തോന്നിത്തുടങ്ങിയ ജനതയാണ് ഇന്നത്തെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ. സ്വന്തം മുഖത്ത് ഒരു ദിവസം പോലും ഉപയോഗിക്കാത്ത ക്രീമും ഒരിക്കൽ പോലും വായിച്ചു നോക്കാത്ത ബുക്കുമൊക്കെ ക്യാമറയ്ക്ക് മുന്നിൽവെച്ച് ‘ഗയ്സ്, ദിസ് ഈസ് ദി ബെസ്റ്റ്!’ എന്ന് പറയുന്നതിന്റെ പൊള്ളത്തരം ആളുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. 'ഇൻഫ്ലുവൻസർ ഫാറ്റിഗ്' (Influencer Fatigue) എന്ന് വിളിക്കുന്ന ഈ മാനസികാവസ്ഥ ഉപഭോക്താക്കളെ പരസ്യങ്ങളിൽനിന്ന് അകറ്റിയിരിക്കുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള വലിയ അക്കൗണ്ടുകൾ കാണിച്ച് തരുന്ന ബ്രൈറ്റ് ലൈഫ്സ്റ്റൈലിലെ പിന്നിലെ യാഥാർത്ഥ്യമില്ലായ്മ യുവാക്കൾ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവാണ് പരസ്യക്കമ്പനികളുടെയും വൻകിട ബ്രാൻഡുകളുടെയും ഉറക്കം കെടുത്തുന്ന ഡീ-ഇൻഫ്ലുവൻസിങ് തരംഗത്തിന് ആക്കം കൂട്ടിയത്.

പണം തരുന്ന പരസ്യങ്ങളേക്കാൾ വലുതാണ് 'നോ ബയ്' കൾച്ചർ

ഡീ-ഇൻഫ്ലുവൻസിങ് എന്നാൽ വെറുമൊരു ട്രെൻഡ് മാത്രമല്ല, അതൊരു ഉപഭോക്തൃ മുന്നേറ്റമാണ്. 'ഈ ഉത്പ്പന്നം യാതൊരു കാരണവശാലും നിങ്ങൾ വാങ്ങരുത്' എന്ന് തുറന്നടിക്കുന്ന പുതിയ തരം ക്രിയേറ്റർമാരാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. പണം നൽകി ചെയ്യിക്കുന്ന പ്രൊമോഷനുകൾക്ക് പകരം, വിപണിയിലെ സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മയും അനാവശ്യ വിലക്കയറ്റവും ഇവർ തുറന്നുകാട്ടുന്നു. ആവശ്യമില്ലാത്ത നൂറ് ഉത്പ്പന്നങ്ങൾ വാങ്ങി വീട് നിറയ്ക്കുന്നതിന് പകരം മിനിമലിസവും ലളിതമായ ജീവിതശൈലിയും പിന്തുടരാൻ ഈ വീഡിയോകൾ പ്രേരണയാകുന്നുണ്ട്. അമിതോപഭോഗത്തിന്റെ (Overconsumption) കാലത്തുനിന്ന് ബോധപൂർവമായ ഉപഭോഗത്തിലേക്ക് (Mindful Consumption) സമൂഹം ചുവടുമാറുന്നതിന്റെ പ്രധാന തെളിവാണിത്. ‘എനിക്ക് ആവശ്യമുള്ളത് ഞാൻ നോക്കി മേടിക്കും’ എന്ന നിലപാടിലേക്ക് യൂത്ത് മാറിക്കഴിഞ്ഞു.

മെഗാ ഇൻഫ്ലുവൻസർമാർക്ക് പകരം ഹൈപ്പർ-നീഷ്

വലിയ സെലിബ്രിറ്റി ഇൻഫ്ലുവൻസർമാരുടെ അഭിപ്രായങ്ങളെക്കാൾ ഉപഭോക്താക്കൾ ഇന്ന് വിശ്വസിക്കുന്നത് തങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ സത്യസന്ധമായ അഭിപ്രായങ്ങളെയാണ്. അതുകൊണ്ടുതന്നെ ചെറിയൊരു ഫോളോവർ ബേസ് മാത്രം ഉള്ളവരും എന്നാൽ തങ്ങൾ പറയുന്ന വിഷയത്തിൽ ആഴത്തിലുള്ള അറിവുള്ളവരുമായ 'ഹൈപ്പർ-നീഷ്' (Hyper-niche) ക്രിയേറ്റർമാർക്ക് പ്രാധാന്യം ഏറിവരുന്നു. ഒരു ഉത്പ്പന്നത്തിന്റെ നല്ല വശങ്ങൾ മാത്രം പറയുന്നതിന് പകരം അതിന്റെ പോരായ്മകളും പാർശ്വഫലങ്ങളും ഒരു മടിയും കൂടാതെ വിളിച്ചുപറയാൻ ഇവർ തയ്യാറാകുന്നു. ഈ ആത്മാർത്ഥതയാണ് പ്രേക്ഷകരെ ഇവരിലേക്ക് ആകർഷിക്കുന്നത്. ബ്രാൻഡുകളുടെ സ്പോൺസർഷിപ്പിൽനിന്നുള്ള സ്വാതന്ത്ര്യമാണ് ഈ ചെറിയ കൂട്ടായ്മകളുടെ ഏറ്റവും വലിയ കരുത്ത്.

വിശ്വസിക്കാതിരിക്കൽ ഒരു 'ഫ്ലെക്സ്' ആകുമ്പോൾ

യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും മറ്റും ട്രെൻഡ് ചെയ്യുന്ന ഉത്പ്പന്നങ്ങളെ കണ്ണടച്ച് എതിർക്കാനും ‘ഞാൻ ഈ കെണിയിൽ വീഴില്ല’ എന്ന് കോൺഫിഡൻസോടെ പറയാൻ കഴിയുന്നത് വലിയൊരു കാര്യമല്ലേ?. പരസ്യങ്ങളുടെ മായാജാലത്തിൽ വീണ് പണം നഷ്ടപ്പെടുത്താത്തവനാണ് ഇന്നത്തെ യഥാർത്ഥ സ്മാർട്ട് കൺസ്യൂമർ. ആരെയും അന്ധമായി വിശ്വസിക്കാതെ, വസ്തുതകൾ മാത്രം പരിശോധിച്ച് സ്വന്തം തീരുമാനങ്ങൾ എടുക്കുക എന്നത് ഒരു വ്യക്തിയുടെ ബോധവൽക്കരണത്തിന്റെയും പക്വതയുടെയും അടയാളമായി മാറിക്കഴിഞ്ഞു.

വിപണിയെ വിറപ്പിക്കുന്ന പുതിയ യുവത്വം

ഡീ-ഇൻഫ്ലുവൻസിങ് 2.0 നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്- ഇനി പരസ്യങ്ങളുടെ തിളക്കം കണ്ടുമാത്രം ആരും ഒന്നും വാങ്ങില്ല. ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വൻകിട ബ്രാൻഡുകളെയാണ്. വ്യാജ അവകാശവാദങ്ങളിലൂടെ ഇനി ഉപഭോക്താക്കളെ കബളിപ്പിക്കാനാകില്ലെന്ന് കമ്പനികൾ തിരിച്ചറിയുന്നു. സുതാര്യതയും (Transparency) ആത്മാർത്ഥതയും ഉപഭോക്താക്കളുടെ യഥാർത്ഥ അനുഭവങ്ങളും മുൻനിർത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാത്രമേ വിപണിയിൽ പിടിച്ചുനിൽക്കൂ. ആരെയും വിശ്വസിക്കാതെ, സ്വന്തം ബുദ്ധിയും പിയർ ഗ്രൂപ്പ് അനുഭവങ്ങളും മാത്രം മാനദണ്ഡമാക്കുന്ന പുതിയ യുവതലമുറ ഡിജിറ്റൽ ലോകത്തെ കൂടുതൽ ആരോഗ്യകരവും സത്യസന്ധവുമായ ഒരു തലത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.