വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും പൊതുബോധത്തിലും ജീവിതനിലവാരത്തിലും ഇത്രയേറെ അഭിമാനിക്കുന്നൊരു ജനത രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമുണ്ടായെന്ന് വരില്ല. കേരളത്തെക്കുറിച്ച് നല്ലത് പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ അതിനായി ശ്രമിക്കുകയും ചെയ്യാറുണ്ട്. സാംസ്കാരികമായും സാമൂഹികമായും സാങ്കേതികമായും കേരളം ഏറെ മുന്നേറിക്കഴിഞ്ഞിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട 1956 മുതൽ ഇന്നുവരെ ആശയവിനിമയ സാങ്കേതികവിദ്യയിൽ ഇന്ത്യയിലെ ഏറ്റവും മുന്നേറിയ സംസ്ഥാനങ്ങളിലൊന്നായി മാറി. ടെലിഫോൺ എക്സ്ചേഞ്ചുകളുടെ ഓട്ടോമേഷൻ മുതൽ എല്ലാ പഞ്ചായത്തുകളിലും ടെലിഫോൺ സൗകര്യം, മൊബൈൽ വിപ്ലവം, ബ്രോഡ്ബാൻഡ് വ്യാപനം, കെ-ഫോൺ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, നിർമിത ബുദ്ധി (AI) അധിഷ്ഠിത സേവനങ്ങൾവരെ നീളുന്ന ഈ യാത്ര കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളുടെ ചരിത്രം കൂടിയാണ്.

To advertise here,

കേരളത്തിലെ സാങ്കേതികവിദ്യയുടെ വളർച്ച: ഏഴ് പതിറ്റാണ്ടുകളിലൂടെ

കേരളം രൂപീകരിക്കപ്പെട്ട ആദ്യ വർഷങ്ങളിൽ സാങ്കേതികവിദ്യയുടെ സ്വാധീനം പ്രധാനമായും ആശയവിനിമയം, വ്യവസായം, ഗവേഷണം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിലായിരുന്നു. ഇക്കാലയളവിലാണ് സംസ്ഥാനത്ത് ടെലിഫോൺ, റേഡിയോ, വയർലെസ് ആശയവിനിമയ സംവിധാനങ്ങൾ വ്യാപിച്ചു തുടങ്ങിയത്.

സർക്കാർ ഓഫീസുകൾ, പ്രധാന സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പിന്നീട് സമ്പന്ന വീടുകളിലും ആദ്യകാല ടെലിഫോൺ സൗകര്യങ്ങളെത്തിയെങ്കിലും സാധാരണക്കാർക്കൊന്നും അത് പ്രാപ്യമായിരുന്നില്ല. പിന്നീട് വൈദ്യുതി വിതരണത്തിന്റെ വ്യാപനവും വ്യാവസായികവത്കരണവും സാങ്കേതിക മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടു. ഗാർഹിക വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി വിതരണം ഇക്കാലയളവിലാണ് കൂടുതൽ ശക്തിയാർജിച്ചത്.

1970 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ ഒട്ടേറെ ഇലക്ട്രോണിക് ഉപകരണങ്ങൾ കേരളത്തിൽ സജീവമായി. റേഡിയോ, സി.ആർ.ടി. ടി.വികൾ, ഗ്രാമഫോണുകൾ, റെക്കോർഡറുകൾ, കാസറ്റ് പ്ലെയറുകൾ, വി.സി.ആറുകൾ തുടങ്ങി വാർത്താവിനിമയത്തിനും വിനോദത്തിനും വേണ്ടിയുള്ള സാങ്കേതിക ഉപകരണങ്ങൾ കേരളത്തിലെ വീടുകളിലേക്ക് പതിയെ വ്യാപിച്ചു.

തൊണ്ണൂറുകൾക്കുശേഷം

കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത മുന്നേറ്റങ്ങൾ കേരളത്തിലുണ്ടായി. 2000-നുശേഷം അത് ഡിജിറ്റൽ സാങ്കേതികവിദ്യകളിലേക്ക് കടന്നു. കേരളത്തിൽ വലിയ രീതിയിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് പ്രചാരം ലഭിച്ചു. അക്ഷയ സെന്ററുകളും ഐ.ടി.@സ്കൂൾ പോലുള്ള പദ്ധതികളും ഡിജിറ്റൽ സാക്ഷരതയുള്ള കേരള സമൂഹത്തെ വാർത്തെടുത്തു.

മൊബൈൽ ഫോണുകൾ ജനകീയമാവുകയും അത് പതിയെ സ്മാർട്ട്ഫോണുകളിലേക്ക് പരിണമിക്കുകയും ചെയ്തു. സി.ആർ.ടി. ടെലിവിഷനുകളും സി.ആർ.ടി. കമ്പ്യൂട്ടർ മോണിറ്ററുകളും എൽ.സി.ഡി. മോണിറ്ററുകളിലേക്കും എൽ.ഇ.ഡി. മോണിറ്ററുകളിലേക്കും ഇന്നു കാണുന്ന ഹൈ-ഡെഫനിഷൻ മോണിറ്ററുകളിലേക്കും മാറി. കാസറ്റ് പ്ലെയറുകളും വി.സി.ആറുകളും സി.ഡി. പ്ലെയറുകളും വന്നുപോയി; വിനോദം സ്ട്രീമിങ് ആപ്പുകളിലേക്കും ഒ.ടി.ടി.കളിലേക്കും എത്തി. വെബ്സൈറ്റുകളും ഡിജിറ്റൽ സേവനങ്ങളും ഡിജിറ്റൽ വിപണിയും സജീവമായി. എല്ലാവരും ഓൺലൈനായി.

വയർ ടെലിഫോണിൽ നിന്ന് സ്മാർട്ട്ഫോൺ കാലത്തേക്ക്

സംസ്ഥാന രൂപീകരണ സമയത്ത് ടെലിഫോൺ സൗകര്യം പ്രധാനമായും സർക്കാർ ഓഫീസുകളിലും നഗരപ്രദേശങ്ങളിലുമായിരുന്നു. മാനുവൽ ടെലിഫോൺ എക്സ്ചേഞ്ചുകളായിരുന്നു അന്നത്തെ സംവിധാനം. ഗ്രാമങ്ങളിൽ ടെലിഫോൺ ലഭ്യമാകുന്നത് അപൂർവമായിരുന്നു. 1973-ൽ സ്ഥാപിതമായ കെൽട്രോൺ (KELTRON) സംസ്ഥാനത്തിന്റെ ഇലക്ട്രോണിക്സ് വ്യവസായത്തിന് അടിത്തറയിട്ടു. ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉൾപ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങളുടെ നിർമാണത്തിലും കമ്പനി പങ്കുവഹിച്ചു.

1970 മുതൽ 90 വരെയുള്ള കാലഘട്ടത്തിലാണ് ടെലികോം രംഗത്ത് കേരളം ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചത്. 1990-ൽ സംസ്ഥാനത്തെ എല്ലാ ടെലിഫോൺ എക്സ്ചേഞ്ചുകളും ഓട്ടോമാറ്റിക് സംവിധാനത്തിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമായി. 92-ൽ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും പൊതു ടെലിഫോൺ ലഭ്യമാക്കി. 95-ഓടെ എല്ലാ ഗ്രാമങ്ങളിലും പൊതു ടെലിഫോൺ സൗകര്യം ഉറപ്പാക്കി. ട്രങ്ക് കോളുകൾ വഴി ദൂരെയുള്ള സ്ഥലങ്ങളിലേക്ക് വിളിക്കാനായി. പോസ്റ്റ് ഓഫീസുകളും പൊതുജനങ്ങൾക്ക് ടെലിഫോൺ ഉപയോഗിക്കാവുന്ന കേന്ദ്രങ്ങളും പ്രധാന പങ്കുവഹിച്ചു. കത്തുകൾ എത്താൻ ദിവസങ്ങൾ വേണ്ടിവന്നിരുന്ന സാഹചര്യത്തിൽ, ടെലിഫോൺ അടിയന്തര വിവരങ്ങൾ കൈമാറാൻ സഹായിച്ചു. ഡോക്യുമെന്റുകൾ കൈമാറുന്നതിനായി ടെലിഫോൺ ലൈൻ പ്രയോജനപ്പെടുത്തിയുള്ള ഫാക്സ് പോലുള്ള സംവിധാനങ്ങളും പിന്നീട് വന്നിരുന്നു.

1996 സെപ്റ്റംബർ 17-നാണ് കൊച്ചിയിൽ എസ്കോട്ടെൽ മൊബൈൽ കേരളത്തിലെ ആദ്യ മൊബൈൽ സേവനം ആരംഭിച്ചത്. കൊച്ചിയിലെ ഹോട്ടൽ അവന്യു റീജൻസിയിൽവെച്ച് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള നടത്തിയ ആദ്യ മൊബൈൽ കോൾ ചരിത്രമായി. ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെയാണ് ആദ്യമായി വിളിച്ചത്. ക്രമേണ മൊബൈൽ ഫോണുകൾ വിപണിയിലെത്തിത്തുടങ്ങി. മോട്ടോറോളയുടെയും നോക്കിയയുടെയും മറ്റും മൊബൈൽ ഫോണുകൾ ജനകീയമായി. വലിയ മൊബൈൽ ഫോണുകൾ പതിയെ വലുപ്പം കുറഞ്ഞു. വില കുറഞ്ഞു. എസ്കോട്ടെൽ, ബി.പി.എൽ., ഹച്ച്, ബി.എസ്.എൻ.എൽ., ഐഡിയ, എയർടെൽ അങ്ങനെ നിരവധി ടെലികോം സേവനദാതാക്കൾ പിന്നാലെയെത്തി. ഇവയ്ക്കുശേഷം 2016-ൽ റിലയൻസ് ജിയോ വന്നതോടെ ഡാറ്റാ നിരക്കുകൾ വൻതോതിൽ കുറയുകയും ഇന്റർനെറ്റ് ജനകീയമാവുകയും ചെയ്തു.

2010-നു ശേഷമാണ് കേരളത്തിൽ ടച്ച് സ്ക്രീൻ സ്മാർട്ട്ഫോണുകൾ സജീവമാകുന്നത്. ഐഫോണും സാംസങ്, എച്ച്ടിസി, നോക്കിയ പോലുള്ള കമ്പനികളുടെ ഫോണുകളും വിപണിയിലെത്തി. ആൻഡ്രോയിഡ് ഫോണുകൾ പിന്നീട് ശക്തിയാർജിച്ചു. വില കുറഞ്ഞ Android ഫോണുകൾ, മലയാളം ടൈപ്പിങ് സൗകര്യങ്ങൾ, മൊബൈൽ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ ആപ്പുകൾ എന്നിവ സ്മാർട്ട്ഫോണുകളെ കൂടുതൽ ജനകീയമാക്കി.

ജിയോയുടെ വരവോടെയുണ്ടായ 4G സേവനങ്ങളുടെ വ്യാപനവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും വീഡിയോ, YouTube, ഡിജിറ്റൽ പേയ്മെന്റ്, ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉപയോഗം വർധിപ്പിച്ചു. സ്മാർട്ട്ഫോൺ ആശയവിനിമയത്തിനപ്പുറം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. പിന്നാലെ 5ജികൂടിയെത്തി.

ടെലിവിഷൻ-ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് സ്മാർട്ട് ടിവി യുഗത്തിലേക്ക്

കേവലം വാർത്താവിനിമയ ഉപാധി എന്ന നിലയിൽ നിന്ന് അതിവേഗമാണ് ടി.വി. വിനോദോപാധിയായി കേരളം ഏറ്റെടുത്തത്. കറുപ്പും വെളുപ്പും നിറഞ്ഞ ചെറിയ സ്ക്രീനുകളായിരുന്നു ആദ്യം. പിന്നീട് സ്ക്രീനുകൾ വലുപ്പമേറി. കളർ ടി.വികൾ വന്നു. സി.ആർ.ടി. ടി.വികൾ എൽ.സി.ഡി.യിലേക്കും എൽ.ഇ.ഡി.യിലേക്കും മാറി. ഇന്ന് സ്മാർട്ട് ടി.വി യുഗമാണ്.

ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് 1959 സെപ്റ്റംബർ 15-നാണ്. എന്നാൽ കേരളത്തിൽ ടെലിവിഷൻ പ്രക്ഷേപണത്തിന് അടിത്തറയാകുന്ന സംവിധാനങ്ങൾ നിലവിൽ വന്നത് പിന്നീടാണ്. 1982-ൽ തിരുവനന്തപുരത്ത് ദൂരദർശന്റെ ലോ പവർ ട്രാൻസ്മിറ്റർ പ്രവർത്തനം ആരംഭിച്ചു. 1985-ൽ മലയാളത്തിലുള്ള പ്രാദേശിക ടെലിവിഷൻ പരിപാടികൾ ആരംഭിച്ചതോടെ കേരളത്തിന്റെ ടെലിവിഷൻ ചരിത്രത്തിൽ നിർണായകമായൊരു അധ്യായം തുറന്നു.

ഗൾഫ് കുടിയേറ്റം ടി.വികൾ മലയാളി വീടുകളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂരയിൽ ഉയർത്തിവെക്കുന്ന നീളമുള്ള ആന്റിനകൾ അക്കാലത്തെ കാഴ്ചകളിലൊന്നായിരുന്നു. ദൂരദർശൻ മാത്രമാണ് ആദ്യകാലത്ത് ലഭ്യമായിരുന്ന ടി.വി. ചാനൽ. ഈ ഏകാധിപത്യം അവസാനിപ്പിച്ച് 1993 ഓഗസ്റ്റ് 30-ന് മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായി ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചു. പുതിയൊരു പ്രക്ഷേപണ സംസ്കാരത്തിന് ഏഷ്യാനെറ്റ് തുടക്കമിട്ടു. തുടക്കത്തിൽ വിനോദത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയ ചാനൽ പിന്നീട് വാർത്തകളും സീരിയലുകളും ഉൾപ്പെടെയുള്ള പരിപാടികളിലേക്ക് വ്യാപിച്ചു. 1998-ൽ സൂര്യ ടി.വി. കൂടി രംഗത്തെത്തിയതോടെ മത്സരാധിഷ്ഠിതമായ മലയാളം ടെലിവിഷൻ വ്യവസായം വളർന്നുതുടങ്ങി.

അതിനിടെ ആന്റിനകൾ മാറി കേബിൾ ടി.വി. നെറ്റ്‌വർക്ക് വ്യാപിച്ചിരുന്നു. അപ്പോഴേക്കും സ്വകാര്യ ചാനലുകൾ നിരവധിയായി ഉയർന്നു. ഇതിനു പുറമേ കേബിൾ ശൃംഖലയ്ക്ക് പുറമേ ഉപഗ്രഹത്തിലൂടെ നേരിട്ട് വീടുകളിലേക്ക് ചാനലുകൾ എത്തിക്കുന്ന ഡയറക്ട് ടു ഹോം സംവിധാനം വ്യാപകമായി. കേബിൾ ടി.വി. സാങ്കേതികവിദ്യയിലും മാറ്റങ്ങളുണ്ടായി. അനലോഗ് കേബിളുകൾക്ക് പകരം ഉയർന്ന സിഗ്നൽ ദൃശ്യനിലവാരം നൽകുന്ന ഡിജിറ്റൽ സെറ്റ്-ടോപ്പ് ബോക്സുകളെത്തി. 2015-ൽ ഏഷ്യാനെറ്റ് എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചു.

2011-ൽ മഴവിൽ മനോരമയും 2015-ൽ ഫ്ലവേഴ്സ് ടി.വിയും 2018-ൽ സീ കേരളവും ഉൾപ്പെടെയുള്ള ചാനലുകൾ രംഗത്തെത്തി. വിനോദപരിപാടികളിലെ മത്സരം കൂടുതൽ ശക്തമായി. ഇതോടൊപ്പം സ്മാർട്ട്ഫോണുകളും മൊബൈൽ ഇന്റർനെറ്റും വളരാൻ തുടങ്ങി. ടെലിവിഷനിൽമാത്രം ആശ്രയിക്കാതെ വാർത്തകളും വീഡിയോകളും മറ്റ് ഉപകരണങ്ങളിലൂടെ കാണാനുള്ള ശീലവും രൂപപ്പെട്ടു.

2020-കളിൽ ടി.വികളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന ഘട്ടം വന്നു. സ്മാർട്ട് ടി.വികളുടെ വ്യാപനവും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും കാഴ്ചാശീലങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. ടി.വി. ചാനലുകൾക്കൊപ്പം ജിയോഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് പോലുള്ള ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ ടി.വിയിൽ ലഭിച്ചുതുടങ്ങി. 4കെ നിലവാരത്തിലുള്ള ദൃശ്യാനുഭവം ടി.വികളിൽ ലഭിച്ചു. ആളുകൾക്ക് സംപ്രേഷണ സമയത്തിന് കാത്തിരിക്കാതെ ഇഷ്ടമുള്ള സമയത്ത് പരിപാടികൾ കാണാൻ കഴിയുന്നു. എങ്കിലും പരമ്പരാഗത ടി.വി. ചാനലുകളെ ഒ.ടി.ടി. സേവനങ്ങൾ മാറ്റിസ്ഥാപിച്ചിട്ടില്ല. പകരം കേബിൾ, ഡി.ടി.എച്ച്., സൗജന്യ പ്രക്ഷേപണം, ഇന്റർനെറ്റ് സ്ട്രീമിങ് എന്നിവ വ്യത്യസ്ത പ്രേക്ഷകവിഭാഗങ്ങൾക്കായി ഒരേസമയം നിലനിൽക്കുന്നുണ്ട്.

ഇന്റർനെറ്റ്

1990-കളുടെ മധ്യത്തോടെയാണ് ഇന്ത്യയിൽ പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. 1995 ഓഗസ്റ്റ് 15-ന് വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് (VSNL) പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് സേവനം ആരംഭിച്ചു. ഇതോടെയാണ് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്റർനെറ്റ് ഉപയോഗത്തിന് വഴിതുറന്നത്.

കേരളത്തിലും ഈ കാലത്ത് ഇന്റർനെറ്റ് ആദ്യം എത്തിയത് പ്രധാനമായും സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, വലിയ വ്യാപാര സ്ഥാപനങ്ങൾ, കമ്പ്യൂട്ടർ പരിശീലന കേന്ദ്രങ്ങൾ, ഇന്റർനെറ്റ് കഫേകൾ എന്നിവിടങ്ങളിലാണ്.

അന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ ടെലിഫോൺ ലൈനും മോഡവും ആവശ്യമായിരുന്നു. ഡയൽ-അപ്പ് കണക്ഷനുകളായിരുന്നു അന്ന്. കണക്ഷൻ സ്ഥാപിക്കാൻ ഏറെ സമയമെടുത്തിരുന്നു. വെബ് പേജുകൾ തുറക്കാനും ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും ഏറെ സമയമെടുക്കുന്ന അവസ്ഥയായിരുന്നു. ഇന്റർനെറ്റ് അന്ന് സാധാരണ കുടുംബങ്ങളുടെ ദൈനംദിന ആവശ്യമായിരുന്നില്ല. ചെലവ്, കമ്പ്യൂട്ടറുകളുടെ ലഭ്യത, സാങ്കേതിക പരിജ്ഞാനത്തിന്റെ കുറവ് എന്നിവയെല്ലാം അതിന് കാരണമാണ്. ഇത് പക്ഷേ കേരളത്തിലെമാത്രം പ്രത്യേകതയായിരുന്നില്ല.

കേരളത്തിൽ ഇന്റർനെറ്റിന്റെ സാമൂഹിക വ്യാപനത്തിന് നിർണായകമായ പങ്കുവഹിച്ച പദ്ധതിയാണ് അക്ഷയ.

2002-ൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച അക്ഷയ ഇ-സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം സാധാരണ ജനങ്ങൾക്ക് കമ്പ്യൂട്ടറും വിവരസാങ്കേതികവിദ്യയും പരിചയപ്പെടുത്തുക എന്നതായിരുന്നു. ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാൾക്കെങ്കിലും അടിസ്ഥാന ഐ.ടി. പരിജ്ഞാനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പിന്നീട് അക്ഷയ കേന്ദ്രങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന പൊതുസേവന കേന്ദ്രങ്ങളായും വളർന്നു. സ്വകാര്യ ഇന്റർനെറ്റ് കഫേകൾക്കൊപ്പം അക്ഷയ കേന്ദ്രങ്ങളും ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കി.

2010-കൾക്കുശേഷം

സ്മാർട്ട്ഫോണുകളുടെ വരവോടെ കമ്പ്യൂട്ടറിനെയോ ഇന്റർനെറ്റ് കഫേയെയോ ആശ്രയിക്കാതെ ഇന്റർനെറ്റ് വ്യക്തികളുടെ കൈകളിലെത്തി. 2010-കളുടെ തുടക്കത്തിൽ 3G സേവനങ്ങളും പിന്നീട് 4G സേവനങ്ങളും വ്യാപകമായി. ഫേസ്ബുക്ക്, വാട്സാപ്പ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വ്യക്തിഗത ആശയവിനിമയത്തിന്റെയും വിവരവിനിമയത്തിന്റെയും പ്രധാന മാർഗങ്ങളായി മാറി. അതിനിടെ പത്രങ്ങളും ടെലിവിഷൻ ചാനലുകളും വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വാർത്തകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. വായനക്കാർക്കും കാഴ്ചക്കാർക്കും വാർത്തകൾ തത്സമയം അറിയാൻ സാധിച്ചു.

2017-ൽ ഇന്റർനെറ്റ് സേവനം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി.

2020-ലെ കോവിഡ് മഹാമാരിയും ലോക്ഡൗണും കേരളത്തിലെ ഇന്റർനെറ്റ് ഉപയോഗത്തെ കൂടുതൽ ത്വരിതപ്പെടുത്തി. പഠനം, ജോലി, ആരോഗ്യപരിചരണം, ബാങ്കിങ്, വ്യാപാരം എന്നിവയിൽ ഓൺലൈൻ സംവിധാനങ്ങൾ കൂടുതൽ പ്രാധാന്യം നേടി. പഠനസാമഗ്രികൾ, വീഡിയോകൾ, പരീക്ഷാ വിവരങ്ങൾ എന്നിവ ഇന്റർനെറ്റിലൂടെ ലഭ്യമാക്കാൻ തുടങ്ങി. ഓൺലൈൻ ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഡിജിറ്റൽ പണമിടപാടുകൾ എന്നിവയുടെ ഉപയോഗം ക്രമേണ വർധിച്ചു. താങ്ങാവുന്ന വിലയിൽ സ്മാർട്ട്ഫോണുകളും മെച്ചപ്പെട്ട മൊബൈൽ നെറ്റ്‌വർക്കുകളും ലഭ്യമായത് ഇന്റർനെറ്റിന്റെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2023 ആയപ്പോഴേക്കും കേരളവ്യാപകമായി 5ജി കണക്ടിവിറ്റി എത്തുകയും ചെയ്തു.

നിർമിത ബുദ്ധി (AI)

സാങ്കേതിക രംഗത്ത് കേരളം ഏറ്റവും ഒടുവിൽ എത്തിനിൽക്കുന്നത് നിർമിത ബുദ്ധി യുഗത്തിലാണ്. സാധാരണ ജനങ്ങൾ വിദേശനിർമിത എഐ സേവനങ്ങളുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ എഐ സാങ്കേതികവിദ്യകളെ ഏതെല്ലാം മേഖലകളിൽ പ്രയോജനപ്പെടുത്താമെന്നും അവ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം, ഗതാഗതം, ഭരണനിർവഹണം, മാധ്യമപ്രവർത്തനം തുടങ്ങിയ മേഖലകളിൽ എഐയുടെ സാധ്യതകൾ വിപുലമാണ്. മലയാള ഭാഷയിലുള്ള ഉള്ളടക്ക നിർമാണം, പരിഭാഷ, വിവരവിശകലനം തുടങ്ങിയവയിലും എഐ പുതിയ അവസരങ്ങൾ തുറക്കുന്നു.

എഐ സാങ്കേതികവിദ്യയുടെ പ്രചാരം വർധിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട ഗവേഷണത്തിനും നൈപുണ്യവികസനത്തിനും സംരംഭകത്വത്തിനും കേരളം പ്രാധാന്യം നൽകുന്നുണ്ട്. സ്കൂൾതലത്തിൽ എഐ പഠനം പരിചയപ്പെടുത്തുന്നതും ഗവേഷണ സ്ഥാപനങ്ങളിലൂടെയും സ്റ്റാർട്ടപ്പുകളിലൂടെയും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതും ഈ മാറ്റത്തിന്റെ ഭാഗമാണ്. അതേസമയം, തൊഴിൽമേഖലയിലെ മാറ്റങ്ങൾ, വ്യക്തിവിവരങ്ങളുടെ സുരക്ഷ, തെറ്റായ വിവരങ്ങളുടെ വ്യാപനം, സാങ്കേതികവിദ്യയിലേക്കുള്ള തുല്യമായ പ്രവേശനം തുടങ്ങിയ വെല്ലുവിളികളും പരിഗണിക്കേണ്ടതുണ്ട്. വിദേശനിർമിത എഐ സംവിധാനങ്ങളുടെ ഉപയോക്താവ് എന്ന നിലയിൽനിന്ന് കേരളത്തിന്റെ സ്വന്തം ഭാഷയ്ക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ എഐ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലേക്കുള്ള വളർച്ചയാണ് ഈ രംഗത്ത് സംസ്ഥാനം ലക്ഷ്യമിടേണ്ടത്.

ഐടി രംഗത്തെ വളർച്ച

കംപ്യൂട്ടർ സാങ്കേതിക വിദ്യയും, ഇന്റർനെറ്റ് കണക്ടിവിറ്റിയുമെല്ലാം വികാസം പ്രാപിച്ചതിനൊപ്പം കേരളത്തിലെ ഐടി വ്യവസായരംഗവും അതോടൊപ്പം വികാസം പ്രാപിക്കുന്നുണ്ടായിരുന്നു. കേരളത്തിലെ ഐടി സ്റ്റാർട്ടപ്പ് രംഗത്തിന്റെ വളർച്ചയ്ക്ക് തുടക്കമിട്ടത് ഇലക്ട്രോണിക്സ് വ്യവസായത്തിന്റെയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും വികാസത്തോടെയാണ്. 1973-ൽ കെൽട്രോൺ സ്ഥാപിതമായതും 1990-ൽ ടെക്നോപാർക്ക് ആരംഭിച്ചതും സംസ്ഥാനത്തിന്റെ സാങ്കേതിക വളർച്ചയിൽ നിർണായകമായി. 2000-നുശേഷം ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ ഐടി കേന്ദ്രങ്ങളും ഇൻകുബേഷൻ സംവിധാനങ്ങളും വളർന്നതോടെ സോഫ്റ്റ്‌വെയർ സംരംഭങ്ങൾക്ക് കൂടുതൽ അവസരങ്ങളുണ്ടായി. 2012-ൽ കൊച്ചിയിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് വില്ലേജും 2014-ൽ കേരള സ്റ്റാർട്ടപ്പ് മിഷൻ രൂപീകരിച്ചതും സംരംഭകത്വത്തിന് പുതിയ ഊർജം നൽകി. വിദ്യാർഥികൾക്കും യുവാക്കൾക്കും സ്വന്തം സാങ്കേതിക ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റാനുള്ള പിന്തുണ ലഭിച്ചതോടെ ഫിൻടെക്, ഹെൽത്ത്ടെക്, എഡ്ടെക്, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ നിരവധി സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നു. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സ്പേസ് ടെക്, ഡീപ് ടെക് തുടങ്ങിയ നൂതന മേഖലകളിലേക്കും കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം വ്യാപിച്ചിരിക്കുകയാണ്.