ലോകത്തെ മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഓ ജെൻസൻ ഹുവാങ്ങിന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ പ്രശ്‌നങ്ങളും ചാരവൃത്തി വിവാദവും ലോകത്തെ എഐ മുന്നേറ്റത്തിലും യു.എസും ചൈനയും തമ്മിലുള്ള എഐ കിടമത്സരത്തിലും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധർ. ഈ വിവാദം ഹുവാങ്ങിനുണ്ടാക്കുന്ന വ്യക്തിപരമായ പ്രശ്‌നങ്ങൾക്കപ്പുറത്തേക്ക് വളരുമെന്നും ഹുവാങ്ങ് ഇതുവരെ എതിർത്തുവന്ന ചിപ്പ് കയറ്റുമതി നിയന്ത്രണ നീക്കങ്ങൾ യുഎസിന് ചാരവൃത്തി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അനായാസം നടപ്പാക്കിയെടുക്കാൻ സാധിക്കുമെന്നും നിരീക്ഷകർ കരുതുന്നു.

To advertise here,

എഐ രംഗത്തെ മൂന്ന് തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ വിവാദം യുഎസിനെ സഹായിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

1. ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി വാദിച്ചിരുന്നു ഹിവാങ് ദുർബലനാകുന്നതോടെ ഈ നീക്കവുമായി അനായാസം മുന്നോട്ടുപോകാൻ യു.എസിന് കഴിഞ്ഞേക്കും.

2. ചൈനയിലേക്ക് എൻവിഡിയയുടെ H200 ചിപ്പുകൾ കയറ്റുമതി ചെയ്യുന്നകതിനായി നിലവിൽ നൽകിയിട്ടുള്ള അനുമതികൾ യു.എസിന് പിൻവലിക്കാൻ കഴിഞ്ഞേക്കും.

2. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എൻവിഡിയയയുടെ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാനും യു.എസ് ഭരണകൂടത്തിന് കഴിഞ്ഞേക്കും.

ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളെ ഹുവാങ് എതിർത്തിന് പിന്നിലെന്ത്?

ചൈനയിലേക്കുള്ള അത്യാധുനിക എഐ ചിപ്പ് കയറ്റുമതിയുടെ മേലുള്ള സമ്പൂർണ്ണ നിരോധനത്തെ എതിർത്ത് വാഷിംഗ്ടണിൽ ശക്തമായി വാദിച്ചിരുന്ന കോർപ്പറേറ്റ് ശബ്ദങ്ങളിൽ ഒരാളായിരുന്നു ജെൻസൻ ഹുവാങ്. ചൈനീസ് വിപണിയിൽ നിന്ന് അമേരിക്കൻ കമ്പനികളെ ഒഴിവാക്കുന്നത് ആഭ്യന്തര എതിരാളിയായ വാവെയ്ക്ക് മുൻതൂക്കം നൽകുമെന്നും സ്വന്തമായി എഐ ആവാസവ്യവസ്ഥ നിർമ്മിക്കാനുള്ള ബെയ്ജിങ്ങിന്റെ ശ്രമങ്ങളെ അത് വേഗത്തിലാക്കുമെന്നും എൻവിഡിയ സിഇഒ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദവും ചൈനീസ് ചാരവൃത്തി ആരോപണവും ഈ വാദഗതികളെ ദുർബലപ്പെടുത്തിയേക്കാം. ലോകത്തിലെ ഏറ്റവും ശക്തമായ എഐ ചിപ്പ് നിർമ്മാതാവിന്റെ മേൽ പിടിമുറുക്കാൻ വാഷിങ്ടണിന് ഈ വിവാദം വഴി തുറന്ന് നൽകിയേക്കാം.

ഹുവാങ്ങിന്റെ നിലപാടുകൾ പരിശോധിക്കപ്പെടും

ചൈനയുമായുള്ള വ്യാപാര ബന്ധം യുഎസ് ടെക് കമ്പനികൾക്ക് വിപണി വിഹിതവും സാങ്കേതിക സ്വാധീനവും നിലനിർത്താൻ സഹായിക്കുമെന്ന് ഹുവാങ് വാദിച്ചിരുന്നു. കയറ്റുമതി നിയന്ത്രണങ്ങൾ ആഭ്യന്തര ബദലുകളെ പ്രോത്സാഹിപ്പിക്കുമെന്നതിനാൽ അത് ചൈനീസ് എതിരാളികൾക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം വാദിച്ചു.

എന്നിരുന്നാലും, സിംഗപ്പൂർ ആസ്ഥാനമായുള്ള ഡാറ്റാ സെന്റർ കമ്പനിയായ മെഗാസ്പീഡ് ഇന്റർനാഷണലിലെ മുൻ എക്‌സിക്യൂട്ടീവും ചൈനീസ് വനിതാ വ്യവസായിയുമായ ആലീസ് ഹുവാങ്ങുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഈ നിലപാടിൽ ഉറച്ചുനിൽക്കാനും ശക്തമായ വാദഗതികൾ മുന്നോട്ടുവെക്കാനും അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും.

ഒരു വർഷത്തിലേറെയായി യുവതി നിരീക്ഷണത്തിൽ

യുഎസ് അധികാരികൾ ആലീസ് ഹുവാങിനെ ഒരു വർഷത്തിലേറെയായി നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അവർ ബെയ്ജിങ്ങിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് അവർ കരുതുന്നുവെന്നും ദി ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ് എന്നിവ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മേൽനോട്ടത്തിൽ ഈ വർഷം തയ്യാറാക്കിയ രഹസ്യാന്വേഷണ മെമ്മോയിൽ എൻവിഡിയ മേധാവിയെ ലക്ഷ്യമിട്ടാണ് അവരെ റിക്രൂട്ട് ചെയ്തിട്ടുള്ളതെന്ന് ആശങ്കപ്പെടുന്നതായി വിശദീകരിച്ചിരുന്നു.

ആലീസുമായുള്ള ഹ്വാങിന്റെ ഇടപെടലുകൾ സാധാരണമായ ബിസിനസ്സ് ഇടപാടുകൾ മാത്രമാണെന്നാണ് എൻവിഡിയ ആദ്യം വിശദീകരിച്ചത്. സുപ്രധാന വ്യാപാര രഹസ്യങ്ങളോ യുഎസ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളോ അല്ല, മറിച്ച് സാധാരണ ബിസിനസ്സ് വിവരങ്ങളാണ് അവരുമായി പങ്കുവെച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

എന്നാൽ പിന്നീട് നവംബർ 8-ന് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ താൻ ഭാര്യയോട് അനശ്വസ്തത കാട്ടിയിട്ടുണ്ടെന്ന് ഹ്വാങ് സമ്മതിക്കുകയും തന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ഉണ്ടായ ബുദ്ധിമുട്ടുകളിൽ മാപ്പ് പറയുകയും ചെയ്തു. തുടർന്ന് എൻവിഡിയ ബോർഡ് ഈ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്ഹൗസ് എല്ലാം അറിഞ്ഞിരുന്നുവോ?

ചാരവൃത്തി ആശങ്കകളെക്കുറിച്ച് വൈറ്റ് ഹൗസിന് വളരെ നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആലീസ് ഹുവാങിന്റെ നീക്കങ്ങളെക്കുറിച്ച് ഏകദേശം ഒരു വർഷം മുമ്പ് ട്രംപിന് രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഈ ബന്ധം പുറത്തുകൊണ്ടുവരുന്നതിന് യുഎസ് സർക്കാർ കരുനീക്കം നടത്തിയെന്നതിന് സ്ഥിരീകരിക്കപ്പെട്ട തെളിവുകളൊന്നുമില്ല. എന്നാൽ ആഗോള എഐ മത്സരത്തിൽ എൻവിഡിയ കേന്ദ്രസ്ഥാനത്ത് തുടരുന്ന സമയത്ത് സാങ്കേതികവിദ്യയുടെ നിയന്ത്രണം സ്വായത്തമാക്കുന്നതിനായി വാഷിംഗ്ടണിന്റെ ദേശീയ സുരക്ഷാ സംവിധാനം ഈ വിവാദം ഉപയോഗിച്ചേക്കാം എന്നതാണ് വിദഗ്ധർ പറയുന്നത്.