രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ പ്രത്യേകിച്ചും ആണവ സങ്കേതങ്ങളെ വരെ AI ദുര്ബലമാക്കിയാല് ലോകം വലിയൊരു ദുരന്തം നേരിടേണ്ടി വരില്ലേ എന്നാണ് ഇപ്പോള് ഉയരുന്ന പ്രധാന ആശങ്ക.

നിർമിതബുദ്ധി (എഐ) മനുഷ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും അരങ്ങുവാഴുന്ന കാലമാണിത്. മനുഷ്യരുടെ ജോലി എളുപ്പമാക്കാൻ സൃഷ്ടിക്കപ്പെട്ടു എന്നു കരുതുന്ന ഈ സാങ്കേതിക വിദ്യ പക്ഷെ ഇപ്പോൾ ചില ആശങ്കകൾ ഉയർത്തുന്നുണ്ട്. മനുഷ്യരുടെ ജോലി നഷ്ടപ്പെടുമോ എന്നുള്ളതിനേക്കാൾ പ്രാധാന്യമുള്ള ചിലത്. ഈ സാങ്കേതിക വിദ്യയെ സഹായിക്കുന്ന എഐ ഏജന്റുകൾക്ക് സ്വയം ബുദ്ധി കൈവന്ന് മനുഷ്യന്റെ കമാൻഡ് പോലും വേണ്ടാതെ സ്വയമേവ ചില കാര്യങ്ങൾ ചെയ്തതാണ് ഇപ്പോൾ സാങ്കേതിക ലോകത്തെ ഉത്കൺഠപ്പെടുത്തുന്നത്. ഇത് രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ പ്രത്യേകിച്ചും ആണവ സങ്കേതങ്ങളെ വരെ ദുർബലമാക്കിയാൽ ലോകം വലിയൊരു ദുരന്തം നേരിടേണ്ടി വരില്ലേ എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആശങ്ക.
സുരക്ഷാപ്പിഴവുകളുള്ള കമ്പ്യൂട്ടർ ശൃംഖലകളിലേക്ക് നുഴഞ്ഞുകയറാൻ എ.ഐ ഏജന്റുകൾക്ക് കഴിയുമെന്നിരിക്കെ, ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിന് രാജ്യങ്ങളുടെ ആണവ പ്രതിരോധ-പ്രത്യാക്രമണ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാൻ സാധിക്കുമോ? അങ്ങനെ വന്നാൽ ഭൂമിയുടെ ഗതിയെന്തായിരിക്കും?
റഷ്യ തങ്ങളുടെ 'ഡെഡ് ഹാൻഡ്' (പെരിമീറ്റർ) സംവിധാനം വീണ്ടും പ്രവർത്തനസജ്ജമാക്കിയതായി ഈയിടെ സൺഡേ ടൈംസ് ഉൾപ്പെടെയുള്ള ചില മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നേതൃത്വം ഇല്ലാതായാലും അക്രമണമുണ്ടായാൽ ആണവ തിരിച്ചടി ഉറപ്പാക്കുന്നതിനുള്ളതാണ് ഈ സംവിധാനം. ഉത്തര കൊറിയയും തങ്ങൾ ആക്രമിക്കപ്പെട്ടാൽ സ്വയമേവ ആണവ തിരിച്ചടി നടത്താനുള്ള വ്യവസ്ഥകൾ പാർലമെന്റിൽ നിയമവിധേയമാക്കിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
സാധാരണ ഗതിയിൽ വളരെ സങ്കീർണമായി രൂപകൽപ്പന ചെയ്യപ്പെട്ട ഡെഡ് ഹാൻഡ് പോലുള്ള സംവിധാനത്തിലേക്ക് കടന്നുകയറുക എ.ഐ ഏജന്റുകൾക്കോ മറ്റാർക്കെങ്കിലുമോ എളുപ്പമല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പെരിമീറ്റർ യഥാർഥത്തിൽ ഒരു ആശയവിനിമയ സംവിധാനമാണെന്നും ആക്രമണമുണ്ടായാൽ തിരിച്ചടിക്കാനുള്ള ഉത്തരവ് കൈമാറുക മാത്രമേ ഇത് ചെയ്യുകയുള്ളുവെന്നുമാണ് റഷ്യൻ ആണവ പ്രതിരോധ വിദഗ്ധർ പറയുന്നത്. അതുകൊണ്ട് മനുഷ്യന്റെ ഇടപെടലില്ലാതെ ഇവ പ്രവർത്തിക്കില്ലെന്നും ഇവർ പറയുന്നു.
ഓരോ രാജ്യത്തിന്റെയും ആണവ ആക്രമണ സംവിധാനങ്ങൾ സാധാരണ ഇന്റർനെറ്റുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ടവയല്ലെന്നും അതിനൂതനമായ സുരക്ഷാ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെടുന്നവയാണെന്നുമാണ് കരുതപ്പെടുന്നത്.
സാധാരണ ഗതിയിൽ മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ ഒരു ആണവ ആക്രമണം ഒരു രാജ്യത്തിനും സാധ്യമല്ലെന്നാണ് കരുതുന്നത്. പക്ഷെ ആക്രമണ സംവിധാനം മുഴുവൻ കമ്പ്യൂട്ടർവത്കൃതമാക്കിക്കഴിഞ്ഞാൽ, ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അത്തരമൊരു സംവിധാനം വിനാശകരമായ ദുരന്തത്തിന് വഴിയൊരുക്കിയേക്കാം. അതിലും വലിയൊരു ദുരന്തം നേരിടാൻ മനുഷ്യരാശി പോലും ചിലപ്പോൾ ബാക്കിയുണ്ടാവണമെന്നില്ല. അതുകൊണ്ട് ഇതിനെ നേരിടാൻ ഒറ്റ മാർഗമേയുള്ളൂ: ആണവ രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുക എന്നതാണ് ഇതിൽ പ്രധാനം. സുരക്ഷിതമല്ലാത്ത സംവിധാനങ്ങളെ സുരക്ഷിതമാക്കുക എന്നത് മാത്രമേ ഈ സാഹചര്യത്തിൽ ഇവർക്ക് ചെയ്യാൻ കഴിയൂ.
എന്തുകൊണ്ടാണീ ആശങ്കകൾ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) എന്ന പേര് പോലും ഈ സംവിധാനത്തെ കുറച്ചുകാണിക്കുകയാണെന്നും സൂപ്പർ ഇന്റലിജൻസ് എന്നാണ് ഇനി എഐ വിശേഷിപ്പിക്കപ്പെടേണ്ടതെന്നും ഈയിടെ അഭിപ്രായപ്പെട്ടത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്. തുടർന്ന് 2026 സെപ്റ്റംബർ 29ന് അദ്ദേഹം ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം അമേരിക്കൻ ഫെഡറൽ ഭരണവിഭാഗം (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) ഔദ്യോഗിക ആശയവിനിമയങ്ങളിലും രേഖകളിലും 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്നതിന് പകരം 'സൂപ്പർ ഇന്റലിജൻസ്' (എസ്.ഐ) എന്ന പദം ഉപയോഗിക്കണമെന്ന് നിർദേശിച്ചു.
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതേണ്ടതില്ല. പിന്നാലെ എ.ഐ രംഗത്ത് വൻ നിക്ഷേപമിറക്കുന്ന സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക്കും ട്രംപിനെ പിന്തുണച്ച് രംഗത്തെത്തി; തന്റെ കമ്പനിയായ സ്‌പേസ് എക്‌സ്എഐയുടെ പേര് സ്‌പേസ് എക്‌സ്എസ്ഐ എന്നാക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ പേര് ഈ സാങ്കേതികവിദ്യയുടെ വളരുന്ന ശേഷിയെ കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. ഒരുതരത്തിൽ ഈ വാദം പൂർണമായും തള്ളിക്കളയാനാവില്ല. കാരണം എഐ ടൂളുകൾ, അത് ചാറ്റ് ജി.പി.ടി ആവട്ടെ ക്ലോഡ് ആവട്ടെ ജമിനൈ ആവട്ടെ, ഇന്ന് ഇതില്ലാതെ ജോലി ചെയ്യുക പോലും പലർക്കും പ്രയാസമാണ്. കൗമാരക്കാർക്കിടയിലും ഇവയുടെ ഉപയോഗം വ്യാപകമാണ്.
എ.ഐ കാരണം ജോലി പോകുമോ, തൊഴിൽ രംഗം ടെക്‌നോളജി മുഴുവനായും കീഴടക്കുമോ എന്നൊക്കെയായിരിക്കാം വികസ്വര രാജ്യങ്ങളുടെ ആശങ്ക. എന്നാൽ വികസിത രാജ്യങ്ങളിലെ സ്ഥിതി അതല്ല. എ.ഐ ചാറ്റ് ബോട്ടുകളോടുള്ള അമിതമായ വൈകാരിക അടുപ്പത്തിന് ശേഷം കൗമാരക്കാരായ കുട്ടികൾ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന സംഭവങ്ങൾ അമേരിക്കയിൽ 2024 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതെത്തുടർന്ന് 2025 സെപ്റ്റംബറിൽ അമേരിക്കയിലെ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്.ടി.സി) ഓപ്പൺ എ.ഐ, ക്യാരക്ടർ എ.ഐ, മെറ്റ, ഇൻസ്റ്റഗ്രാം, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, സ്‌നാപ്, എക്‌സ് എ.ഐ എന്നീ ഏഴ് സ്ഥാപനങ്ങളോട് കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരങ്ങൾ ആവശ്യപ്പെട്ടു.
എ.ഐ മനുഷ്യന് പകരമായി മാറുന്ന സാഹചര്യത്തിൽ സ്ത്രീ-പുരുഷ ബന്ധങ്ങൾ പോലും ദുർബലമായേക്കുമെന്നും പകരം എ.ഐ ടൂളുകൾ പങ്കാളികളുടെ സ്ഥാനത്തേക്ക് വന്നേക്കുമെന്നും ചില വിദഗ്ധർ ആശങ്ക പങ്കുവെക്കുന്നുണ്ട്. ഇത് സാമൂഹിക ബന്ധങ്ങളെ ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് അവരുടെ മുന്നറിയിപ്പ്. അതിനിടയിലാണ് എ.ഐ സംവിധാനങ്ങളിൽ കണ്ടെത്തിയ വലിയൊരു സുരക്ഷാപ്പിഴവ് എ.ഐ വേറെയും ദുരന്തങ്ങൾ ഉണ്ടാക്കിയേക്കുമെന്ന ഭീതി പരത്തിയത്.
ഏജന്റുകളുടെ കടന്നുകയറ്റം; ചോർന്നത് ഇന്ത്യൻ സ്ഥാപനങ്ങളിലെ ഡാറ്റ
ഇന്ത്യയിലെ ചില സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകളിൽ എ.ഐ ഏജന്റുകൾ അനുമതിയില്ലാതെ കടന്നുകയറി ബിസിനസ് രേഖകളും വ്യക്തിഗത വിവരങ്ങളും രഹസ്യസ്വഭാവമുള്ള വിവരങ്ങളും വായിച്ചതായി രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ സി.ഇ.ആർ.ടി-ഇൻ ഒക്ടോബർ 15ന് പുറപ്പെടുവിച്ച 'ക്രിട്ടിക്കൽ' വിഭാഗത്തിലുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കി.
രണ്ടുതരം സംഭവങ്ങളാണ് അതിലുള്ളത്. ഒന്ന്, എ.ഐ കമ്പനികൾ തങ്ങളുടെ ഗവേഷണ ഘട്ടത്തിൽ ഉപയോഗിച്ച ഏജന്റുകൾ അവയ്ക്ക് നൽകിയ ചുമതലയുടെ പരിധി ലംഘിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ തത്സമയ സംവിധാനങ്ങളിലെത്തിയത്. ഇക്കാര്യം എ.ഐ കമ്പനികൾ സ്വമേധയാ സി.ഇ.ആർ.ടി-ഇന്നിനെ അറിയിക്കുകയായിരുന്നു. ബാധിക്കപ്പെട്ട കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ പേരുകൾ പുറത്തുവിട്ടിട്ടില്ല. രണ്ട്, ഹാക്കർമാർ ഓപ്പൺ സോഴ്‌സ് ഏജന്റ് ടൂളുകൾ സാമ്പത്തിക ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങൾക്കായി ദുരുപയോഗം ചെയ്തത്. തെറ്റായി ക്രമീകരിച്ച ക്ലൗഡ് സേവനങ്ങൾ, ചോർന്നുകിടക്കുന്ന ക്രെഡൻഷ്യലുകൾ, അമിതമായ അനുമതികൾ എന്നിങ്ങനെ നേരത്തേതന്നെ നിലനിന്നിരുന്ന പഴുതുകളിലൂടെയാണ് ഏജന്റുകൾ കടന്നുകയറിയതെന്നാണ് വിലയിരുത്തപ്പെടുന്നത്
ഇതിന് മുൻപ് 2026 ജൂലായിൽ സമാനമായ കടന്നുകയറ്റം ഹഗിങ് ഫേസ് എന്ന കമ്പനി കണ്ടെത്തിയിരുന്നു. ഓപ്പൺ എ.ഐയുടെ എ.ഐ ഏജന്റുകളാണ് അതിന് പിന്നിലെന്ന് ഓപ്പൺ എ.ഐ തന്നെ സ്ഥിരീകരിച്ചു. ഏജന്റുകളുടെ ഇത്തരം പ്രവർത്തനമാണ് ഇപ്പോൾ രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ വരെ ആളങ്കയിലാഴ്ത്തുന്നത്.
എന്താണ് എ.ഐ ഏജന്റുകൾ
എ.ഐ ഏജന്റുകൾ എന്നാൽ ഒരു സോഫറ്റ്‌വെയർ സംവിധാനമാണ്. ഇവ ഒരു പ്രവൃത്തി ഏറ്റെടുക്കുകയും അതിനെ ഞൊടിയിടയിൽ പല ഘട്ടങ്ങളായി വിഭജിക്കുകയും ചെയ്യുന്നു. പിന്നീട് എ.ഐ ടൂളുകളും മെമ്മറിയും നിർമിത യുക്തിയും ഉപയോഗിച്ച് പലതരം ജോലികൾ ഒരേസമയം ഉപയോക്താവിന് വേണ്ടി ചെയ്യാനും ഇവയ്ക്ക് സാധിക്കും.
ഇതിനെ പ്രധാനമായും മോഡൽ (അഥവാ ബുദ്ധി), ടൂൾസ് (അഥവാ കൈകൾ), മെമ്മറി (ചാറ്റ് ചെയ്ത കാര്യങ്ങൾ ഓർമിക്കാനുള്ള സംവിധാനം), പിന്നെ ലൂപ്പ് എന്നിങ്ങനെ തരംതിരിക്കാം. ലൂപ്പ് എന്നാൽ ചോദ്യങ്ങൾ സ്വീകരിക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക, നിരീക്ഷിക്കുക, പിന്നെ വീണ്ടും പരിഷ്‌കരിക്കുക എന്നീ പ്രവർത്തനങ്ങൾ ഒരു ചക്രഗതിയിൽ തുടർച്ചയായി ചെയ്യുക എന്നതാണ്. സാധാരണ ഗതിയിൽ പ്രോഗ്രാം ചെയ്തതനുസരിച്ച് പ്രവർത്തിക്കുകയാണ് ഇവയുടെ ജോലി.
എന്താണ് ഹഗിങ് ഫേസ് വിവാദം
എ.ഐ ഡെവലപ്പർമാർക്കുള്ള ഒരു പ്ലാറ്റ്‌ഫോമും ലൈബ്രറിയുമാണ് ഹഗിങ് ഫേസ്. മെഷീൻ ലേണിങ്, ഡീപ്പ് ലേണിങ് എന്നിവയിൽ പ്രവർത്തിക്കുന്ന ഡെവലപ്പർമാരുടെ ഒരു വലിയ കൂട്ടായ്മയാണിത്. ഗൂഗിളിന്റെ ബെർട്ട് പോലുള്ള നിരവധി ഓപ്പൺ മോഡലുകൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്ത് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. ഓപ്പൺ സോഴ്‌സ് ആയതിനാൽ ആർക്കും സൗജന്യമായി ഇതിലെ കോഡുകളും മോഡലുകളും ഉപയോഗിക്കാമെന്നതാണ് ഹഗിങ് ഫേസിന് ഈ രംഗത്ത് വലിയ സ്വീകാര്യത ലഭിക്കാൻ കാരണം.
2026 ജൂലായിൽ ഓപ്പൺ എ.ഐയുടെ ഒരു ഗവേഷണ മോഡൽ, സൈബർ ശേഷി പരിശോധിക്കുന്ന ഒരു ടെസ്റ്റിനിടെ, പരീക്ഷണ സംവിധാനത്തിന്റെ (സാൻഡ്‌ബോക്‌സ്) പരിധി മറികടന്ന് ഇന്റർനെറ്റ് ആക്‌സസ് നേടുകയും ടെസ്റ്റിന്റെ ഉത്തരം തേടുന്നതിനിടെ ഹഗിങ് ഫേസിന്റെ സംവിധാനങ്ങളിൽ അനധികൃതമായി പ്രവേശിക്കുകയും ചെയ്തു.
ചില ആഭ്യന്തര ഡാറ്റാസെറ്റുകളിലേക്കും സർവീസ് ക്രെഡൻഷ്യലുകളിലേക്കും ഇതുവഴി പ്രവേശനം ലഭിച്ചു. എന്നാൽ പൊതു മോഡലുകളിലോ ഡാറ്റാസെറ്റുകളിലോ മാറ്റം വരുത്തിയതിന് തെളിവില്ലെന്ന് ഹഗിങ് ഫേസ് അറിയിച്ചു. ഈ സംഭവത്തോടെയാണ് എ.ഐ ഏജന്റുകളുടെ പ്രവർത്തനം ഡെവലപ്പർമാരെ ഉത്കണ്ഠപ്പെടുത്തിയത്. ഈ രംഗത്തെ സുരക്ഷയെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണിത്. ഇതുകൊണ്ട് നിലവിലെ കംമ്പ്യൂട്ടർ ശൃംഖലകളും ബാങ്കിങ് നെറ്റ് വർക്കുകളുടെയുമൊക്ക സുരക്ഷ കൈകാര്യം ചെയ്യുന്ന വിദഗ്ധർ ഇന്നൊരുപക്ഷെ ഏറ്റവും പേടിക്കുന്ന പദം വൾനറബിലിറ്റി അതായത് ദൗർബല്യം എന്നതായിരിക്കും. ദുർബലമായ എന്തിനും ഉണ്ടാക്കാൻ കഴിയുന്നത് വിനാശമാണ്. വിനാശകരമായ എന്തും ആദ്യം തേടുക ഇരയുടെ ദൗർബല്യവും.
Content Highlights: Autonomous AI agents are developing self-reasoning capabilities beyond human commands., Concerns are rising over AI infiltrating complex nuclear defense and retaliation systems., Russia's 'Dead Hand' and North Korea's automated nuclear policies highlight these risks., Experts debate whether human intervention remains mandatory for such retaliation systems.
Published: 29 Oct 2026, 12:14 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented