യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ വൻ വിജയം നിർമിത ബുദ്ധി (എഐ), ഡാറ്റാ സെന്റർ പദ്ധതികൾക്കും ബിസിനസിനും വലിയ തിരിച്ചടിയാകുന്നു. രാജ്യത്തുടനീളം വലിയ തോതിൽ ഡാറ്റാ സെന്ററുകൾ നിർമിക്കാനുള്ള ടെക് കമ്പനികളുടെ നീക്കങ്ങൾക്കെതിരെയുള്ള ജനവികാരമായിട്ടാണ് ഈ വിജയത്തെ പലരും വിലയിരുത്തുന്നത്. ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം നേടുന്നത് ഡാറ്റാ സെന്ററുകൾക്ക് കൂടുതൽ കർശന പരിശോധനകൾക്കും തടസ്സങ്ങൾക്കും കാരണമാകുമെന്ന നിക്ഷേപകരുടെ ആശങ്ക വ്യാഴാഴ്ച എഐ, ഡാറ്റാ സെന്റർ ഓഹരി വിപണിയിൽ പ്രതിഫലിച്ചു.

To advertise here,

നിയോക്ലൗഡ് കമ്പനികളായ കോർവീവിന്റെ ഓഹരി 11 ശതമാനവും നെബിയസ് 15 ശതമാനവും ഇടിഞ്ഞു. പ്രമുഖ ചിപ്പ് കമ്പനികളായ എൻവിഡിയ, ബ്രോഡ്കോ എന്നിവയിലെ നഷ്ടത്തെത്തുടർന്ന് ഫിലാഡൽഫിയ സെമികണ്ടക്ടർ സൂചിക എട്ട് ശതമാനം ഇടിഞ്ഞ് കഴിഞ്ഞ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അപ്ലൈഡ് ഡിജിറ്റൽ, സൈഫർ ഡിജിറ്റൽ, ഐറെൻ (IREN) തുടങ്ങിയ ഡാറ്റാ സെന്റർ ഓപ്പറേറ്റർമാരുടെ ഓഹരികൾ 15 ശതമാനത്തിലധികം ഇടിഞ്ഞു. ഊർജ-ഉപകരണ വിതരണക്കാരായ ജിഇ വെർനോവ (ഏഴ് ശതമാനം), കോൺസ്റ്റലേഷൻ എനർജി (4.3 ശതമാനം) എന്നിവയ്ക്കും തിരിച്ചടിയുണ്ടായി. വൻകിട കമ്പനികളായ ആമസോൺ 3.3 ശതമാനവും ആൽഫബെറ്റ് 1.5 ശതമാനവും ഇടിഞ്ഞതായും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

ഡാറ്റാ സെന്ററുകൾക്കെതിരെ പ്രാദേശികതലത്തിൽ ജനരോഷം ഉയർന്നുവരുന്ന സമയത്താണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഡാറ്റാ സെന്റർ പെർമിറ്റുകൾ താത്കാലികമായി മരവിപ്പിക്കുമെന്നും നിർമാണ ചട്ടങ്ങൾ കർശനമാക്കുമെന്നും വാഗ്ദാനം ചെയ്ത ഡെമോക്രാറ്റിക് സ്ഥാനാർഥികൾ ടെക്സസ്, ജോർജിയ, ഒഹായോ എന്നിവിടങ്ങളിൽ ഗവർണർ പദവികൾ നേടിയത് പദ്ധതികൾക്കെതിരെയുള്ള ജനവികാരത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നുണ്ട്.

ഡാറ്റാ സെന്റർ നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, 2028-ഓടെ യുഎസിൽ വരാനിരിക്കുന്ന ഡാറ്റാ സെന്റർ ശേഷിയുടെ 30 ശതമാനത്തോളം വെല്ലുവിളി നേരിട്ടേക്കാമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.

ജനപിന്തുണ തിരിച്ചുപിടിക്കാൻ ഓപ്പൺ എഐയുടെ പുതിയ നയങ്ങൾ

ജനങ്ങളുടെ എതിർപ്പ് മറികടക്കാനും വിശ്വാസം വീണ്ടെടുക്കാനുമായി പുതിയ നീക്കങ്ങൾ നടത്തുകയാണ് മുൻനിര എഐ കമ്പനിയായ ഓപ്പൺ എഐ. ഇതിന്റെ ഭാഗമായി പുതിയ ഡാറ്റാ സെന്റർ സൈറ്റുകൾക്കായി ചർച്ച നടത്തുമ്പോൾ നോൺ-ഡിസ്‌ക്ലോഷർ കരാറുകൾ (NDA) ഉപയോഗിക്കുന്നത് കമ്പനി ഒഴിവാക്കും. ഇതുവഴി നിർമാണ പദ്ധതികൾ, ഗതാഗതം, ശബ്ദം, വെളിച്ചം എന്നിവ പ്രദേശവാസികൾക്ക് എങ്ങനെ ബാധിക്കുമെന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ തൊഴിലവസരങ്ങൾ ഉയർത്തിക്കാട്ടാനും കമ്പനി ശ്രമിക്കും. തെക്കൻ ഒഹായോയിലെ ഒരു കേന്ദ്രത്തിൽ ശരാശരി 80,000 ഡോളർ വാർഷിക ശമ്പളമുള്ള 2,500 സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

വൻകിട കരാറുകളിൽ വീണ്ടും ചർച്ചകൾ

ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തിൽ കമ്പനികൾ കൂടുതൽ ജാഗ്രത പാലിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇതിനകം തന്നെ കാണാം. എഐ ക്ലൗഡ് പ്രൊവൈഡറായ എൻസ്കെയിലിന്റെ (Nscale) ടെക്സസ് ഡാറ്റാ സെന്ററിൽ നിന്ന് കൂടുതൽ കംപ്യൂട്ടിങ് ശേഷി വാടകയ്‌ക്കെടുക്കാനുള്ള നീക്കം മൈക്രോസോഫ്റ്റ് നടപ്പിലാക്കില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതോടെ 10,000 കോടി ഡോളറുകൾ മൂല്യമുള്ള കരാറാണ് റദ്ദാക്കപ്പെടുക.

എഐ ഭാവി ആശങ്കയിൽ

ഡാറ്റാ സെന്ററുകൾക്ക് അനുമതി നൽകുന്നതിലെ കർശന നിയന്ത്രണങ്ങളും നിർമാണച്ചെലവിലെ വർധനവും സാങ്കേതിക മുന്നേറ്റങ്ങൾക്ക് ആവശ്യമായ വൻതോതിലുള്ള ഊർജ ദൗർലഭ്യവും വരും വർഷങ്ങളിൽ യുഎസിലെ എഐ വ്യവസായത്തിന്റെ വളർച്ചാ വേഗത്തെ കാര്യമായി ബാധിച്ചേക്കുമെന്നാണ് ഈ സംഭവവികാസങ്ങൾ നൽകുന്ന സൂചന.