സിഡ്നി: എ.ഐ അധിഷ്ഠിത സാങ്കേതിക പരിഷ്കരണങ്ങളുടെ ഭാഗമായി പ്രമുഖ ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാന്റാസ് (ക്വാന്റാസ് എയർവേസ്) 850 പ്രാദേശിക ജീവനക്കാരെ പിരിച്ചുവിടുന്നു. കോർപ്പറേറ്റ് തലത്തിലെ ബാക്ക്-ഓഫീസ് ജോലികൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്സ് ചെയ്യുന്നതിനാണ് കമ്പനിയുടെ തീരുമാനം.
പ്രൊഫഷണൽ സർവീസ് സ്ഥാപനമായ ആക്സെഞ്ചറുമായി ഇതിനായി ബഹുവർഷ കരാറിൽ ഏർപ്പെട്ടതായി കമ്പനി അറിയിച്ചു. ഐ.ടി സങ്കേതങ്ങളും ബാക്ക്-എൻഡ് ഡാറ്റാ സംവിധാനങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഘട്ടംഘട്ടമായി പിരിച്ചുവിടൽ
ഫിനാൻസ്, പ്രൊക്യൂർമെന്റ്, ഹ്യൂമൻ റിസോഴ്‌സ് (എച്ച്.ആർ), മാർക്കറ്റിങ് വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തിൽ തീരുമാനം ബാധിക്കുക. 850 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. 2027 മധ്യത്തോടെയാകും വെട്ടിച്ചുരുക്കലുകൾ പ്രാബല്യത്തിൽ വരികയെന്ന് ക്വാന്റാസ് ചീഫ് എക്സിക്യൂട്ടീവ് വനേസ ഹഡ്‌സൺ ജീവനക്കാർക്കയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ട്രേഡ് യൂണിയനുകളുടെ ശക്തമായ പ്രതിഷേധം
ക്വാന്റാസിന്റെ തീരുമാനത്തിനെതിരെ പ്രമുഖ ഓസ്ട്രേലിയൻ തൊഴിൽ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തദ്ദേശീയമായി നടത്തുന്ന ജോലികൾ വിദേശ രാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്സ് ചെയ്യില്ലെന്ന മുൻ വാഗ്ദാനം ലംഘിച്ചതായി ഓസ്ട്രേലിയൻ സർവീസ് യൂണിയൻ (എ.എസ്.യു.) ആരോപിച്ചു. സാങ്കേതിക മുന്നേറ്റത്തിന്റെ പേരിൽ വർഷങ്ങളായി കമ്പനിയെ മുന്നോട്ടുകൊണ്ടുപോയ തൊഴിലാളികളെ തെരുവിലിറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ പടരുന്ന ലേ-ഓഫ് ഭീതി
ഓസ്ട്രേലിയൻ കോർപ്പറേറ്റ് മേഖലയിൽ കഴിഞ്ഞ കുറച്ചാഴ്ചകൾക്കിടെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വലിയ ജോലി വെട്ടിച്ചുരുക്കലാണിത്. പ്രമുഖ ഡിസൈനിങ് പ്ലാറ്റ്‌ഫോമായ കാൻവ 1,200 ഒഴിവുകളും നാഷണൽ ഓസ്ട്രേലിയ ബാങ്ക് 2,500 തസ്തികകളും അടുത്തിടെ വെട്ടിച്ചുരുക്കിയിരുന്നു. ഇതോടെ ആകെ 4,500-ലധികം കോർപ്പറേറ്റ് തസ്തികകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇല്ലാതായത്.
ഇന്ധനവില വർധനയും എ.ഐ അധിഷ്ഠിത മാറ്റങ്ങളും കാരണം ചെലവ് ചുരുക്കലിന് നിർബന്ധിതരാവുകയാണെന്നാണ് കമ്പനികളുടെ വാദം. അതേസമയം, ബാക്ക്-ഓഫീസ് ഡിജിറ്റലൈസേഷൻ വേഗത്തിലാക്കുന്നതിലൂടെ ഇന്ത്യയിലെ ടെക് അധിഷ്ഠിത തൊഴിൽ വിപണിക്ക് പുതിയ അവസരങ്ങൾ കൈവരുമെന്നാണ് വിലയിരുത്തൽ.
Content Highlights: Qantas Airways is cutting 850 regional back-office jobs as part of an AI and technology upgrade.
Published: 10 Nov 2026, 11:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented