കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കിടെ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങിതുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇതോടെ സംസ്ഥാനം നേരിട്ട വൈദ്യുതി നിയന്ത്രണം ഒഴിവായി. ഒക്ടോബറിൽ പകലും രാത്രിയിലുമായി 800 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് ഹിമാചൽ പവർ കോർപ്പറേഷനുമായുള്ള കരാർ. യൂണിറ്റിന് 14.5 രൂപയാണ് കരാറിലെ നിരക്ക്.
സാധാരണ ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുക കേരളത്തിൽ പതിവാണ്. എന്നാൽ ഇവിടെ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്.
ഹിമാചലിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെയാണ് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള കേരളത്തിലെത്തുന്നത്?
ഹിമാചലിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വൈദ്യുതി ലൈൻ ഉണ്ടോ? ഇല്ല!
ഇവിടെയാണ് ഇന്ത്യയുടെ നാഷണൽ പവർ ഗ്രിഡ് എന്ന വലിയ വൈദ്യുതി ശൃംഖലയുടെ പ്രാധാന്യം.
കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുതി നമ്മുടെ വീടുകളിലെത്തിക്കാൻ ലൈൻ വലിക്കുന്നത് പോലെ ഹിമാചലിൽ നിന്ന് കേരളത്തിലേക്ക് മാത്രം നേരിട്ട് വൈദ്യുതി എത്തിക്കുന്ന ഒരു പ്രത്യേക ട്രാൻസ്മിഷൻ ലൈൻ ഒന്നുമില്ല.
ഇവിടെയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും മേഖലകളിലെയും വൈദ്യുതി നിലയങ്ങളും ട്രാൻസ്മിഷൻ സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഉയർന്ന വോൾട്ടേജിലുള്ള രാജ്യവ്യാപക പ്രസരണ ശൃംഖലയായ ഒരു നാഷണൽ പവർ ഗ്രിഡ് (National Power Grid) ഉപയോഗപ്പെടുത്തുന്നത്. രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി രാജ്യത്തിന്റെ ഒരു കോണിൽ നിന്നും മറ്റേ കോണിലേക്ക് എത്തിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
നോർത്തേൺ ഗ്രിഡ്, വെസ്റ്റേൺ ഗ്രിഡ്, ഈസ്റ്റേൺ ഗ്രിഡ്, നോർത്ത്-ഈസ്റ്റേൺ ഗ്രിഡ്, സത്തേൺ ഗ്രിഡ് എന്നിങ്ങനെ പ്രാദേശിക ഗ്രിഡുകളായി വിഭജിച്ച് കിടന്നിരുന്ന രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയെ 2013-ലാണ് പരസ്പരം ബന്ധിപ്പിച്ച് പരസ്പര ബന്ധിതമായൊരു വലിയ വൈദ്യുതി വിതരണ സംവിധാനമാക്കി മാറ്റിയത്. രാജ്യത്തുടനീളം ഒരേ ഫ്രീക്വൻസിയിൽ വൈദ്യുതി എത്തിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. 'വൺ നേഷൻ, വൺ ഗ്രിഡ്, വൺ ഫ്രീക്വൻസി' എന്നാണ് ഈ പദ്ധതിയുടെ ആപ്തവാക്യം.
അതായത് ഹിമാചലിൽ നിന്ന് കേരളത്തിലേക്കുള്ള വൈദ്യുതി കൈമാറ്റത്തെ ഇങ്ങനെ മനസിലാക്കാം-
ഹിമാചൽ പ്രദേശ് → വടക്കേ ഇന്ത്യയിലെ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് → നാഷണൽ ഗ്രിഡ് → സത്തേൺ ഗ്രിഡ് → കേരളത്തിലെ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് → കെഎസ്ഇബി
ഹിമാചൽ നൽകുന്ന വൈദ്യുതി എങ്ങനെ കൃത്യമായി കേരളത്തിലെത്തും?
ഇവിടെയാണ് കാര്യങ്ങൾ കുറച്ചുകൂടി രസകരമാവുന്നത്. ഹിമാചലിൽ നിന്ന് വൈദ്യുതി കേരളത്തിലേക്ക് എത്തുന്നത് ഒരു കുപ്പിയിൽ വെള്ളം നിറച്ച് അയക്കുന്നത് പോലെയല്ല. നേരത്തെ സൂചിപ്പിച്ച നാഷണൽ പവർ ഗ്രിഡിലേക്ക് രാജ്യത്തുടനീളമുള്ള ഊർജോത്പാദന കേന്ദ്രങ്ങളിൽ നിന്ന് വൈദ്യുതി എത്തുകയും അതിൽ നിന്ന് ഓരോ സംസ്ഥാനത്തേക്കും വൈദ്യുതി എടുക്കുകയുമാണ് ചെയ്യുക.
ഒരു ഉദാഹരണമെടുക്കാം, ഒരു നിശ്ചിത അളവിൽ വെള്ളം സംഭരിക്കാനാവുന്ന വലിയൊരു ജലസംഭരണി, അതിലേക്ക് പല സംസ്ഥാനങ്ങളിൽ നിന്നും വെള്ളമെത്തുന്നു. ആ സംഭരണിയിൽ നിന്നുള്ള വെള്ളം ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങൾ എടുക്കുകയും ചെയ്യുന്നു.
നാഷണൽ പവർ ഗ്രിഡും അതുപോലെയാണ്, വിവിധ മേഖലയിൽ നിന്നുള്ള വൈദ്യുതി ഈ പരസ്പര ബന്ധിത നെറ്റ്‌വർക്കിലേക്ക് എത്തും. അവിടെനിന്ന് ആവശ്യക്കാർ എടുക്കും.
ഇവിടെ ഹിമാചലുമായുണ്ടാക്കിയ കരാർ പ്രകാരം നാഷണൽ ഗ്രിഡിൽ നിന്ന് കേരളം എപ്പോഴാണോ ആവശ്യമായ വൈദ്യുതി എടുക്കുന്നത്, പകരം അത്രയും വൈദ്യുതി ഹിമാചൽ ഗ്രിഡിലേക്ക് ചേർക്കുകയും ചെയ്യുന്നു.
കേരളത്തിന്റെ പ്രധാന ട്രാൻസ്മിഷൻ ലിങ്കുകൾ
കേരളത്തിലേക്ക് പുറത്തു നിന്നുള്ള വലിയ അളവിലുള്ള വൈദ്യുതി എത്തിക്കുന്നതിൽ പ്രധാനപ്പെട്ട ട്രാൻസ്മിഷൻ സംവിധാനങ്ങളാണ് 2019-ൽ യാഥാർത്ഥ്യമായ എടമൺ-കൊച്ചി പവർ ഹൈവേയും 2021-ൽ കമ്മീഷൻ ചെയ്ത പുഗളൂർ-തൃശൂർ എച്ച്വിഡിസി ലിങ്കും (Pugalur–Thrissur HVDC link). കേരളത്തിന്റെ വൈദ്യുത സ്വയംപര്യാപ്തതയ്ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനും ഈ രണ്ട് പദ്ധതികളും വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ രണ്ട് പദ്ധതികളും ഇന്ത്യയുടെ നാഷണൽ ഗ്രിഡുമായി ബന്ധിപ്പിച്ചവയാണ്. ഉത്തരേന്ത്യയിലെ ഊർജോത്പാദന കേന്ദ്രങ്ങളും ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ രാജ്യത്തിന്റെ ഏത് സ്ഥലത്ത് ഉത്പാദിപ്പിച്ച വൈദ്യുതിയും കേരളത്തിലെത്തിക്കാൻ ഈ സംവിധാനങ്ങൾ ഉപയോഗിക്കാം.
ഇത് കൂടാതെ ഉദുമൽപേട്ട്-മടക്കത്തറ ലൈൻ, തിരുനെൽവേലി-തിരുവനന്തപുരം ലൈൻ, മൈസൂർ-കോഴിക്കോട് ലൈൻ, തിരുനെൽവേലി-കൊച്ചി ലൈൻ എന്നിങ്ങനെയുള്ള സത്തേൺ റീജ്യൻ ട്രാൻസ്മിഷൻ സംവിധാനങ്ങളും മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലയുമായി കേരളത്തെ ബന്ധിപ്പിക്കുന്നുണ്ട്.
കേരളം എന്തുകൊണ്ട് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നു?
കേരളത്തിന്റെ സ്വന്തം വൈദ്യുതി ഉൽപ്പാദനശേഷി ഉണ്ടെങ്കിലും, സംസ്ഥാനത്തിന്റെ മുഴുവൻ ആവശ്യവും ആഭ്യന്തര ഉൽപ്പാദനം കൊണ്ട് നിറവേറ്റാൻ സാധിക്കാറില്ല. പ്രത്യേകിച്ച് കേരളത്തിലെ ജലവൈദ്യുതി ഉൽപ്പാദനം മഴയെയും ജലലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കേരളം ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ അധികം വരുന്ന വൈദ്യുതി (Surplus power) ലഭ്യമാകുമ്പോൾ കേരളം കരാറുകൾ വഴി വൈദ്യുതി വാങ്ങുന്നത്.
Content Highlights: This article explains how Kerala overcomes its power crisis by purchasing electricity from Himachal Pradesh and details how the National Power Grid seamlessly transmits power across thousands of kilometers without direct transmission lines.
Published: 04 Oct 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented