ഒരാൾ മാത്രമുള്ള സ്റ്റാർട്ടപ്പ്, ലോകത്തെ വൻകിട എഐ കമ്പനികളിലൊന്നായ ആന്ത്രോപിക്ക് ആ സ്റ്റാർട്ടപ്പിനെ ഏറ്റെടുക്കുന്നു. കേൾക്കുമ്പോൾ കൗതുകം തോന്നാം, എന്നാൽ, നിർമിത ബുദ്ധിയുടെ കാലത്ത് അതിന്റെ ആവശ്യമുണ്ടോ എന്നാണ്!
പ്രൊഫസർ ഓക്ക് എന്ന എക്സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. ആന്ത്രോപിക് ഒരു വൺ-പേഴ്സണൻ ബയോടെക്കിനെ ഏറ്റെടുത്തു. ആ വ്യക്തി ഞാനാണ്. ഞാൻ അതിനെ കുറിച്ച് എല്ലാം പറയാം. എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊഫസർ ഓക്ക് പങ്കുവെച്ച എക്സ് പോസ്റ്റ് ആരംഭിക്കുന്നത്. തന്റെ പേര് കോഡി ട്രാൻബാർഗർ എന്നാണെന്ന് പ്രൊഫസർ ഓക്ക് പോസ്റ്റിൽ പരിചയപ്പെടുത്തുന്നു.
18 മാസം മുമ്പാണ് മിത്രിൽ മെഡിസിൻ എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്. മറ്റ് മെഡിക്കൽ ലാബുകളിൽനിന്ന് വ്യത്യസ്തമായി കോഡി ട്രാൻബാർഗർ മാത്രമായിരുന്നു ഈ സ്റ്റാർട്ടപ്പിലെ മനുഷ്യനായ ഏക ജീവനക്കാരൻ. ലാബിലെ മറ്റ് ജോലികളൊക്കെ ചെയ്തിരുന്നത് ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ മോഡലുകളാണ്.
ഈ ജൂലായിലാണ് ആന്ത്രോപിക്ക് തന്റെ ബയോടെക്ക് സ്റ്റാർട്ടപ്പ് ഏറ്റെടുത്തുവെന്ന് കോഡി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചത്. ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് എംബിഎ നേടിയ കോഡി, വെഞ്ച്വർ കാപിറ്റലിസ്റ്റ് സ്ഥാപനമായ അറ്റ്ലസ് വെഞ്ച്വറിലെ സംരംഭകനാണെന്നും ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നു.
എഐ ഉപയോഗിച്ചുള്ള ഗവേഷണ ജോലി എങ്ങനെ?
ഒരു സാധാരണ ബയോടെക് ലാബിൽ പത്തോളം പേർ ചെയ്യേണ്ട ജോലികൾ ക്ലോഡ് (Claude) എന്ന എഐയുടെ സഹായത്തോടെ അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുകയായിരുന്നു. പരീക്ഷണങ്ങൾ ആസൂത്രണം ചെയ്യുക, ലബോറട്ടറി ഡാറ്റ വിശകലനം ചെയ്യുക, കരാറുകൾ തയ്യാറാക്കുക, ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുക തുടങ്ങി മരുന്നു കണ്ടെത്തൽ പ്രക്രിയയിലെ സങ്കീർണ്ണമായ പല കാര്യങ്ങളും ക്ലോഡ് എളുപ്പമാക്കി. ഇതിനെ ആന്ത്രോപിക് ‘പൈപ്പ്‌ലൈൻ-ഇൻ-എ-പേഴ്‌സൺ’ (Pipeline-in-a-Person) എന്ന് വിശേഷിപ്പിക്കുന്നു. വെറും 18 മാസത്തിനുള്ളിൽ മസ്കുലർ ഡിസ്ട്രോഫിക്കുള്ള ഒരു ചികിത്സയുടെ എലികളിൽ നടത്തിയ പരീക്ഷണം വിജയിപ്പിക്കാനും സാധിച്ചു.
ഒരു സിംഗിൾ ഓപ്പറേറ്റർക്കും ക്ലോഡിനും പാർട്ട് ടൈം കൺസൾട്ടന്റുകൾക്കും എത്രത്തോളം മുന്നേറാൻ സാധിക്കുമെന്നറിയാനുള്ള ഒരു പരീക്ഷണമായാണ് ഈ രീതിയിലൊരു സ്റ്റാർട്ടപ്പ് ആരംഭിച്ചതെന്ന് കോഡി ട്രാൻബാർഗർ പറയുന്നു. ആന്ത്രോപിക്കുമായി ചേരുന്നതോടെ ഗവേഷണ ജോലികൾക്കായി കൂടുതൽ വിഭവങ്ങൾ ലഭ്യമാവുമെന്ന് കോഡി പറഞ്ഞു.
എല്ലാം വിചാരിച്ചതുപോലെ നടന്നാൽ 2028-ഓടെ ഈ മരുന്ന് മനുഷ്യരിലെ ക്ലിനിക്കൽ ട്രയലുകൾക്കായി തയ്യാറാകുമെന്നാണ് ആന്ത്രോപിക് പ്രതീക്ഷിക്കുന്നത്. മരുന്ന് ഗവേഷണവും കണ്ടുപിടുത്തവും കൂടുതൽ വേഗത്തിലാക്കുകയാണ് ആന്ത്രോപ്പിക്കിന്റെ പ്രധാന ലക്ഷ്യം. ഇതിനായി അവർ വിവിധ ബയോടെക് കമ്പനികളുമായി ചേർന്ന് വലിയൊരു ശൃംഖല തന്നെ രൂപീകരിച്ചിട്ടുണ്ട്.
Content Highlights: Anthropic has acquired Mithril Medicine, a one-person biotech startup founded by Cody Tranbarger, where Claude AI managed all laboratory operations and drug discovery processes. This groundbreaking "pipeline-in-a-person" model successfully advanced muscular dystrophy treatments in animal trials within just 18 months.
Published: 29 Oct 2026, 11:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented