കൂടുതൽ ശക്തമായ നിർമിതബുദ്ധി വികസിപ്പിക്കാനുള്ള മത്സരമാണ് ഇന്ന് ആഗോള സാങ്കേതികരംഗത്തെ നയിക്കുന്നത്. എന്നാൽ, ആ മത്സരത്തിന്റെ മുൻനിരയിലുള്ള മൂന്നു പ്രമുഖർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് അപ്രതീക്ഷിതമായ ഒരേ നിഗമനത്തിലാണ് -എ.ഐ.യുടെ വളർച്ചയ്ക്ക് താത്കാലികമായെങ്കിലും വേഗം കുറയ്‌ക്കേണ്ടിവരും

To advertise here,

എ.ഐ. മോഡലുകളുടെ ശേഷി അതിവേഗം വർധിക്കുമ്പോൾ, അവയുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കമ്പനികൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് ആന്ത്രോപിക് സി.ഇ.ഒ. ഡാരിയോ അമോഡെയ് ചൂണ്ടിക്കാട്ടുന്നു. എക്‌സിൽ പങ്കുവെച്ച ദീർഘമായ ലേഖനത്തിൽ അദ്ദേഹം ഇതിനായി മൂന്നുഘട്ട ചട്ടക്കൂടും മുന്നോട്ടുവെച്ചു. ഓപ്പൺ എ.ഐ. സി.ഇ.ഒ. സാം ആൾട്ട്മാനും എക്‌സ് എ.ഐ. മേധാവി ഇലോൺ മസ്‌കും ഈ ആശയത്തിന് പിന്തുണയറിയിച്ചതോടെ, ഇത് ഒരു കമ്പനിയുടെ മാത്രം മുന്നറിയിപ്പല്ലാതായി; എ.ഐ. വ്യവസായത്തിന്റെ ഭാവിദിശയെക്കുറിച്ചുള്ള നിർണായകമായ ആഗോളസംവാദമായി മാറുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസന്റെ സാധ്യതകളെക്കുറിച്ച് ലോകത്തെ ആവേശഭരിതരാക്കിയവർ തന്നെയാണ് ഇപ്പോൾ അതിന്റെ വേഗത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുന്നത്.

സുരക്ഷയ്ക്കായുള്ള ഇടവേളയൊ ?

അമോഡെയ് മുന്നോട്ടുവെച്ച ആഹ്വാനം എ.ഐ. വികസനം പൂർണമായി അവസാനിപ്പിക്കണമെന്നല്ല. പ്രമുഖ എ.ഐ. ലാബുകൾ സ്വമേധയാ വേഗം കുറയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ അത് സമ്പൂർണ നിരോധനമാകരുത്; മറിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള താത്കാലിക ഇടവേളയായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതിനായി അദ്ദേഹം മുന്നോട്ടുവെക്കുന്ന മൂന്നുഘട്ട ചട്ടക്കൂട് വ്യക്തമാണ്. ഒന്നാമതായി, വൻതോതിലുള്ള നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ ഒരു മോഡലിന് ശേഷിയുണ്ടോ എന്നു പരിശോധിക്കുന്ന സംവിധാനങ്ങൾ കമ്പനികൾ വികസിപ്പിക്കുകയും ആ പരിശോധനാരീതികൾ പരസ്പരം പങ്കുവെക്കുകയും വേണം. രണ്ടാമതായി, കമ്പനികളുടെ സുരക്ഷാനടപടികൾ പരിശോധിക്കാൻ സ്വതന്ത്രവിദഗ്ധർക്ക് അനുമതിനൽകണം. മൂന്നാമതായി, എ.ഐ. സുരക്ഷയ്ക്കും സൈബർ സുരക്ഷയ്ക്കുമായി സർക്കാരുകൾ രാജ്യാന്തര നിലവാരങ്ങളും പൊതുമാനദണ്ഡങ്ങളും രൂപപ്പെടുത്തണം.

ഇതിന്റെ അടിസ്ഥാനസന്ദേശം ലളിതമാണ്: പുതിയ മോഡലുകളുടെ ശേഷി വർധിക്കുന്ന വേഗത്തിനൊപ്പം സുരക്ഷാസംവിധാനങ്ങൾക്കും നിയമങ്ങൾക്കും പരിശോധനകൾക്കും മുന്നേറാൻ സമയംനൽകണം. വേഗംമാത്രം പുരോഗതിയുടെ അളവുകോലായി മാറരുത്.

എന്തുകൊണ്ടാണ് ഈ മുന്നറിയിപ്പ്?

എ.ഐ.യുടെ ആദ്യഘട്ട വളർച്ചയിൽ ചർച്ചകൾ കേന്ദ്രീകരിച്ചിരുന്നത് അതിന്റെ നേട്ടങ്ങളിലായിരുന്നു -ഉത്പാദനക്ഷമത, ആരോഗ്യരംഗത്തെ കണ്ടെത്തലുകൾ, വിദ്യാഭ്യാസം, ശാസ്ത്രീയഗവേഷണം, ബിസിനസ് നവീകരണം എന്നിവയിൽ അത് സൃഷ്ടിക്കാവുന്ന വിപ്ലവകരമായ മാറ്റങ്ങൾ. എന്നാൽ, എ.ഐ. സംവിധാനങ്ങളുടെ സ്വയംപ്രവർത്തനശേഷി വർധിച്ചതോടെ ചോദ്യങ്ങളുടെ സ്വഭാവവും മാറി.

ഒരു എ.ഐ. മോഡലിന് മനുഷ്യന്റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ സങ്കീർണമായ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യാനും നിർവഹിക്കാനും കഴിയുമോ? സൈബർ ആക്രമണങ്ങൾക്കും ജൈവായുധവികസനത്തിനും വ്യാജവിവരപ്രചാരണത്തിനും അത് ഉപയോഗിക്കപ്പെടുമോ? മനുഷ്യർ നൽകിയ ലക്ഷ്യത്തെ തെറ്റായി വ്യാഖ്യാനിച്ചാൽ അതിനെ നിയന്ത്രിക്കാൻ കഴിയുമോ? അതിശക്തമായ സംവിധാനം അതിന്റെ പ്രവർത്തനം മറച്ചുവെക്കാനോ സുരക്ഷാ നിയന്ത്രണങ്ങളെ മറികടക്കാനോ പഠിച്ചാൽ എന്തു സംഭവിക്കും?

ഇവയെല്ലാം ഇന്ന് സയൻസ് ഫിക്ഷനിൽ മാത്രം ഒതുങ്ങുന്ന ചോദ്യങ്ങളല്ല. മോഡലുകൾ ഓരോ തലമുറയിലും കൂടുതൽ സ്വയംപര്യാപ്തവും പ്രവചനാതീതവുമായിത്തീരുമ്പോൾ, ചെറിയൊരു പിഴവുപോലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പുനൽകുന്നു. അപകടസാധ്യത കുറവാണെന്നു കരുതിയാലും അതിന്റെ ഫലം അസാധാരണമായി വലുതാകാമെങ്കിൽ മുൻകരുതൽ അനിവാര്യമാണ്.

സുരക്ഷയും മത്സരവും തമ്മിലുള്ള സംഘർഷം

ഒരു കമ്പനിക്ക് ഒറ്റയ്ക്ക് വേഗം കുറയ്ക്കുക എളുപ്പമല്ല. ഓപ്പൺ എ.ഐ. പിന്മാറിയാൽ ആന്ത്രോപിക് മുന്നിലെത്താം; അമേരിക്കൻ കമ്പനികൾ നിയന്ത്രണം പാലിച്ചാൽ ചൈനയോ മറ്റേതെങ്കിലും രാജ്യത്തെ സ്ഥാപനങ്ങളോ നേട്ടമുണ്ടാക്കാം. നിക്ഷേപകരുടെ പ്രതീക്ഷകളും വിപണിയിലെ ആധിപത്യത്തിനായുള്ള മത്സരവും കമ്പനികളെ കൂടുതൽ ശക്തമായ മോഡലുകൾ വേഗത്തിൽ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്നു.

ഇതാണ് എ.ഐ. സുരക്ഷയിലെ ഏറ്റവും വലിയ വിരോധാഭാസം. അപകടം എല്ലാവർക്കും അറിയാം. എന്നാൽ, മത്സരത്തിൽ പിന്നിലാകാനുള്ള ഭയം കാരണം ആരും ആദ്യം ബ്രേക്ക് അമർത്താൻ തയ്യാറാകുന്നില്ല.

മുന്നറിയിപ്പിനുപിന്നിൽ സ്വാർഥതയുണ്ടോ?

എ.ഐ. കമ്പനികളുടെ മുന്നറിയിപ്പുകളെ വിമർശനാത്മകമായി വിലയിരുത്തേണ്ടതുമുണ്ട്. വ്യവസായത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങൾ ശക്തമായ നിയന്ത്രണം ആവശ്യപ്പെടുമ്പോൾ, അതിനുപിന്നിൽ പൊതുസുരക്ഷ മാത്രമാണോ എന്ന ചോദ്യം സ്വാഭാവികമാണ്.

കർശനമായ പരിശോധനകളും ലൈസൻസുകളും സുരക്ഷാനിബന്ധനകളും നടപ്പാക്കിയാൽ അവ പാലിക്കാൻ ആവശ്യമായ പണവും സാങ്കേതികവിദഗ്ധരും വലിയ കമ്പനികൾക്കുണ്ടാകും. ചെറുകിട സ്റ്റാർട്ടപ്പുകൾക്കും സർവകലാശാലാ ഗവേഷകർക്കും സ്വതന്ത്ര ഡെവലപ്പർമാർക്കും അതേ ശേഷി ഉണ്ടായിരിക്കണമെന്നില്ല. അതിനാൽ സുരക്ഷയുടെ പേരിലുള്ള നിയന്ത്രണം നിലവിലെ വൻകിട കമ്പനികളുടെ വിപണിമേധാവിത്വം ഉറപ്പിക്കുന്ന കവചമായിമാറാനും സാധ്യതയുണ്ട്.

അതോടൊപ്പം, ഭാവിയിൽ സംഭവിക്കാവുന്ന അപകടങ്ങളുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്വത്തിൽനിന്ന് സ്വയം സംരക്ഷിക്കാനുള്ള ശ്രമവും ഇതിലുണ്ടാകാം. 'ഞങ്ങൾ നേരത്തേ മുന്നറിയിപ്പുനൽകിയിരുന്നു' എന്നു പറയാൻ കഴിയുന്നത് കമ്പനികൾക്ക് രാഷ്ട്രീയമായും നിയമപരമായും ഗുണകരമാണ്.

എന്നാൽ, അതുകൊണ്ട് മുന്നറിയിപ്പുകളുടെ പ്രാധാന്യം ഇല്ലാതാകുന്നില്ല. മുന്നറിയിപ്പു നൽകുന്നവരുടെ ഉദ്ദേശ്യവും അവർ ചൂണ്ടിക്കാണിക്കുന്ന അപകടത്തിന്റെ യാഥാർഥ്യവും രണ്ടായി പരിശോധിക്കണം. കമ്പനികൾക്ക് സ്വന്തം താത്പര്യങ്ങളുണ്ടാകാം; അതേസമയം അവർ മുന്നറിയിപ്പുനൽകുന്ന അപകടങ്ങൾ യഥാർഥവുമാകാം.

പ്രധാനചോദ്യം എ.ഐ. കൂടുതൽ ശക്തമാകുമോ എന്നതല്ല -ആ ശക്തി ആരുടെ നിയന്ത്രണത്തിലായിരിക്കും എന്നതാണ്. തീരുമാനങ്ങൾ ഏതാനും സാങ്കേതിക കമ്പനികളുടെ ബോർഡ് മുറികളിൽ മാത്രം എടുക്കപ്പെടുമോ? സർക്കാരുകൾക്കും സ്വതന്ത്ര ശാസ്ത്രജ്ഞർക്കും പൊതുസമൂഹത്തിനും അതിൽ പങ്കുണ്ടാകുമോ? ഒരു മോഡൽ അപകടകരമാണെന്നു കണ്ടെത്തിയാൽ അതിന്റെ പുറത്തിറക്കൽ തടയാൻ ആർക്കാണ് അധികാരം?

ഇവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടത്താതെ മുന്നോട്ടുപോകുന്നത് ഇരുട്ടിലൂടെ അതിവേഗം വാഹനമോടിക്കുന്നതുപോലെയാണ്. ലക്ഷ്യത്തിലെത്താനുള്ള ആവേശംമാത്രം മതിയാകില്ല; മുന്നിലുള്ള വഴി കാണാനും അപകടമുണ്ടാകുമ്പോൾ വാഹനം നിർത്താനും കഴിയണം.

(ലേഖകൻ അമേരിക്കയിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനാണ്)