കാസർകോട്: നിർമിതബുദ്ധി മേഖലയിൽ വൻമാറ്റങ്ങൾക്ക് വഴിയൊരുക്കി കാസർകോട് പിലിക്കോട് സ്വദേശി എം. നന്ദകിഷോർ വികസിപ്പിച്ച ‘ലയ’ എ.ഐ. സാൻഫ്രാൻസിസ്കോയിലെ ‘ടൈപ്പ് സേഫ് എ.ഐ.’ അവതരിപ്പിച്ച ‘ജെവ് എ.ഐ.’ പുറത്തുവന്നതോടെയാണ് ‘തീരുമാനമെടുക്കുന്ന’ (ഡിസിഷൻ എൻജിൻ) എ.ഐ. മോ‍ഡലായ ലയ ടെക്ക്‌ലോകത്ത് ചർച്ചയായത്.

To advertise here,

എന്താണ് ‘ലയ’

‘ചാറ്റ് ജി.പി.ടി.’ പോലുള്ള ജനറേറ്റീവ് ചാറ്റ് ബോട്ടുകൾ നൽകുന്ന നീണ്ട ഉത്തരങ്ങൾക്കു പകരം ദൈനംദിന പ്രവർത്തനങ്ങളിൽ‌ വേഗത്തിലും കൃത്യതയോടെയും തീരുമാനമെടുക്കാൻ സഹായിക്കുന്ന എ.ഐ. ആണ് ‘ലയ’. സന്ദേശങ്ങളും പരാതികളും തരംതിരിക്കലും മറ്റും അതിവേഗം പൂർത്തിയാക്കാൻ ഇതിനുകഴിയും. ‌

നൂറിലധികം ഭാഷ കൈകാര്യംചെയ്യാൻ ശേഷിയുള്ള ‘ലയ’ 33 മില്ലിസെക്കൻഡിൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും. നന്ദകിഷോർ നേതൃത്വംനൽകുന്ന കാസർകോട്ടെ ‘കോൺവയ് ഇനവേഷൻസ്’ ആണ് ‘ലയ’ വികസിപ്പിച്ചത്.

സെപ്റ്റംബർ 18-ആണ് ‘ലയ’ പുറത്തിറക്കിയത്. പൂർണമായും ഓപ്പൺ സോഴ്സ് ആയതിനാൽ ഡിവലപ്പർമാർക്കിത് സൗജന്യമായി ഡൗൺലോഡ് ചെയ്തുപയോഗിക്കാം.

കൽപ്പണിക്കാരനായ പിലിക്കോട് വയലിലെ മുക്കുന്നോത്ത് കെ.വി. തമ്പാന്റെയും ബീഡിത്തൊഴിലാളിയായ കല്യാണിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് നന്ദകിഷോർ. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സിൽ ബി.ടെക്. നേടിയശേഷം പാലക്കാട് ഐ.ഐ.ടി.യിൽ ലീഡ് റിസർച്ചറായി.

മംഗളൂരു കസ്‌തൂർബ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. എം. അഞ്ജലി, ഡോ. എം. അർച്ചന എന്നിവരാണ് സഹോദരങ്ങൾ. ഇവരുമായി ചേർന്നാണ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. സ്ഥാപനങ്ങൾക്കായി ‘ലയ’യുടെ അഡ്വാൻസ്ഡ് വെർഷനായ ‘വേഗ’ എ.ഐ. മോഡലും സൈബർ സുരക്ഷയ്ക്കായി ‘നദി ഓഡിറ്റും’ വികസിപ്പിച്ചിട്ടുണ്ട്.

സംരംഭകരെ സ്വന്തം ‘ഡിസിഷൻ എ.ഐ.’ മാതൃക വികസിപ്പിക്കാൻ സഹായിക്കുന്ന ‘എംബഡിങ് സ്റ്റുഡിയോ’ വെബ്സൈറ്റ് തയ്യാറായതായി നന്ദകിഷോർ പറഞ്ഞു.