പി.എച്ച്.പി (PHP), ഇമുദ്ര (eMudhra) എന്നിവയിലെ സുരക്ഷാ പ്രശ്നങ്ങൾക്കു പിന്നാലെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സെർവറുകളെയും എന്റർപ്രൈസ് സിസ്റ്റങ്ങളെയും ഹാക്കിങ് ഭീഷണിയിലാഴ്ത്തി മറ്റൊരു സുരക്ഷാ വീഴ്ച കണ്ടെത്തി. കമ്പ്യൂട്ടറുകളുടെയോ സെർവറുകളുടെയോ മദർബോർഡിൽ ഇൻസ്റ്റാൾ ചെയ്യുന്ന യു.ഇ.എഫ്.ഐ ഫേംവെയർ നിർമിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഓപ്പൺ സോഴ്സ് കോഡായ ടിയാനോകോർ ഇ.ഡി.കെ II (TianoCore EDK II) ലാണ് ഈ ഗുരുതരമായ പിഴവ് കണ്ടെത്തിയിരിക്കുന്നത്. സെർവറുകൾ ബൂട്ട് ആകുന്നതിന് മുൻപ് തന്നെ അവയിൽ അപകടകരമായ കോഡുകൾ പ്രവർത്തിപ്പിക്കാൻ ഈ വീഴ്ച ഹാക്കർമാർക്ക് വഴിയൊരുക്കുന്നു.

To advertise here,

CVE202697631 എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ സുരക്ഷാ വീഴ്ചയെ മെമ്മറി കറപ്ഷൻ പിഴവെന്നാണ് (Memory Corruption Flaw) സാങ്കേതികമായി വിളിക്കുന്നത്. പത്തിൽ 9.5 എന്ന ഗുരുതരമായ സുരക്ഷാ സ്കോറാണ് ഇതിന് നൽകിയിരിക്കുന്നത്. ഭൂമിയിലെ ഒട്ടുമിക്ക സെർവറുകളെയും ഇത് ബാധിച്ചേക്കാമെന്ന് ആർസ് ടെക്നിക്ക (Ars Technica) റിപ്പോർട്ട് ചെയ്യുന്നു. ആന്ത്രോപിക്കിലെ അലക്സ് മാട്രോസോവ്, ഗൂഗിളിലെ ഡാൻ ഹോംസ്മിത്ര എന്നിവർ ചേർന്നാണ് ഈ സുരക്ഷാ തകരാർ കണ്ടെത്തിയത്.

നെറ്റ്‌വർക്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന കോഡ് ഉപയോഗിച്ച് സെർവറുകളും സ്റ്റോറേജ് ഉപകരണങ്ങളും ബൂട്ട് ചെയ്യാൻ സഹായിക്കുന്ന പി.എക്സ്.ഇ ബേസ് കോഡ് ഡ്രൈവറിലാണ് (PXE Base Code driver) ഈ തകരാർ. സുരക്ഷാ സംവിധാനങ്ങളായ സെക്വർ ബൂട്ട് (Secure Boot) അല്ലെങ്കിൽ ട്രസ്റ്റഡ് പ്ലാറ്റ്‌ഫോം മൊഡ്യൂൾ (ടിപിഎം) എന്നിവ പ്രവർത്തനക്ഷമമാകുന്നതിന് മുൻപ് തന്നെ മെഷീനുകളിലേക്ക് നുഴഞ്ഞുകയറാൻ ഇതിലൂടെ സാധിക്കും.

ഇതുവരെ ഈ വീഴ്ച മുതലെടുത്ത് ആക്രമണങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ വാണിജ്യ ഉൽപ്പന്നങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്ന് ഇന്റൽ വ്യക്തമാക്കി. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഈ പ്രശ്നം നേരിട്ട് ബാധകമല്ലെന്നാണ് ആം (Arm) പ്രതികരിച്ചത്. ലോകത്തെ 70 ശതമാനത്തോളം വെബ്‌സൈറ്റുകളെ ബാധിച്ച പി.എച്ച്.പി സുരക്ഷാ വീഴ്ചയും, ഇമുദ്ര ദുർബലമായ സെക്യൂരിറ്റി കീകൾ ഉപയോഗിച്ച സംഭവവും പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഈ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.