പ്രത്യക്ഷത്തിൽ പുതിയ അപ്പേർച്ചർ സംവിധാനം ഒരു നേട്ടമായി ഉയർത്തിക്കാണിക്കാമെങ്കിലും അതിന് കൊട്ടിഘോഷിക്കപ്പെടേണ്ട പ്രാധാന്യമൊന്നുമില്ലെന്ന് വാദിക്കുന്നവരും ഉണ്ട്.

എന്താണ് ഐഫോൺ 18 പ്രോ സീരിസ് ഫോണുകളിലെ പ്രധാന ക്യാമറയിൽ ആപ്പിൾ പ്രവേശിപ്പിച്ചിരിക്കുന്ന നൂതന സംവിധാനമായ വേരിയബിൾ അപ്പേർച്ചർ (variable aperture) ഫീച്ചർ? ഐഫോൺ 17 പ്രോ സീരിസിലെ ഫോൺ കൈവശമുള്ളവർ ഐഫോൺ 18 പ്രോ സീരിസ് വാങ്ങിയാൽ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും എന്തെങ്കിലും അർത്ഥവത്തായ അധിക മികവ് ലഭിക്കുമോ? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം തേടാൻ ശ്രമിക്കാം:
പലരും ഐഫോൺ പ്രോ മോഡലുകൾ വാങ്ങിക്കുന്നത് അവയുടെ ക്യാമറകളുടെ പ്രകടനമികവ് പ്രയോജനപ്പെടുത്താൻ വേണ്ടി കൂടിയാണ്. തങ്ങളുടെ ക്യാമറാ സിസ്റ്റത്തിൽ ആപ്പിൾ ഇതുവരെ കൊണ്ടുവന്ന ഹാർഡ്‌വെയർ മാറ്റങ്ങളിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഒന്നാണ് ഇപ്പോൾ മാർക്കറ്റിലെത്തിയിരിക്കുന്ന ഐഫോൺ 18 പ്രോ സീരിസിൽ അടക്കം ചെയ്തിരിക്കുന്ന വേരിയബിൾ അപർച്ചർ ഫീച്ചർ. ഇത് ഫോട്ടോഗ്രാഫി പഠിക്കാത്ത ഒരു സാധാരണ ഉപയോക്താവിന് ഉപകരിക്കുമോ എന്ന കാര്യത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്. സ്മാർട്ട്‌ഫോൺ നിർമ്മാണത്തിൽ ആപ്പിളിന്റെ എതിരാളിയായ സാംസങ് പരീക്ഷിച്ച ശേഷം ഒഴിവാക്കിയ ഫീച്ചറുമാണിത്.
എന്താണ് അപ്പേർച്ചർ?
അപ്പേർചർ (aperture) എന്ന വാക്കിന് സുഷിരം, ദ്വാരം തുടങ്ങിയ അർത്ഥങ്ങളാണുള്ളത്. ക്യാമറാ ലെൻസിന്റെ കാര്യത്തിൽ പറഞ്ഞാൽ അതിലൂടെ കടന്ന് സെൻസറിൽ എത്തുന്ന പ്രകാശത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ഹാർഡ്‌വെയർ സംവിധാനമായ ഫിസിക്കൽ അപ്പേർചർ ആണ് ആപ്പിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഒഴുക്കനായി പറയാം. ഐഫോൺ 18 പ്രോയ്ക്ക് മുമ്പുള്ള എല്ലാ ഐഫോണുകളിലും ഉണ്ടായിരുന്നത് ക്രമീകരിക്കാൻ സാധിക്കാത്ത തരത്തിലുള്ള സ്ഥിരമായ ഒരു സുഷിരം ആയിരുന്നു. ഐഫോൺ 18 പ്രോ സീരിസിലെ ക്യാമറാ സിസ്റ്റത്തിന്റെ പ്രധാന ക്യാമറയിലേക്ക് വെട്ടം കടത്തിവിടുന്ന സുഷിരത്തിന്റെ വലിപ്പം നാലു രീതിയിൽ മെക്കാനിക്കലായി ക്രമീകരിക്കാനാകും-എഫ് 1/1.48, എഫ് 1/1.8, എഫ് 1/2.8, എഫ് 1/4.0 എന്നിങ്ങനെയാണ് അതിനെക്കുറിച്ച് സാങ്കേതികമായി എഴുതുന്നത്. നാല് ഘട്ടങ്ങൾ അല്ലെങ്കിൽ സ്റ്റോപ്പുകൾ ആണ് ആപ്പിൾ നൽകിയിരിക്കുന്നത്. (എന്താണ് അപ്പേർച്ചർ എന്നതിനെക്കുറിച്ച് ചെറിയൊരു വിശദീകരണം കൂടെ ഒടുവിൽ നൽകാം.)
ഇതിന് വലിയ പ്രാധാന്യമില്ലെന്നും വാദം
പ്രത്യക്ഷത്തിൽ പുതിയ അപ്പേർച്ചർ സംവിധാനം ഒരു നേട്ടമായി ഉയർത്തിക്കാണിക്കാമെങ്കിലും അതിന് കൊട്ടിഘോഷിക്കപ്പെടേണ്ട പ്രാധാന്യമൊന്നുമില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. കാരണം സ്മാർട്ട്‌ഫോണുകളിലുള്ളത് നന്നേ കുഞ്ഞൻ സെൻസറുകളാണ്. ഐഫോൺ 18 പ്രോയുടെ പ്രധാന സെൻസറിന്റെ വലിപ്പത്തിന്റെ വിവരണം 'ടൈപ്പ് 1/1.28' എന്നാണ് (9.6 × 7.2 mm (ഏകദേശം 71.5 mm²). അതേസമയം, ഒരു ഫുൾ ഫ്രെയ്‌ം (full frame) സെൻസറുള്ള (36 × 24 mm, അല്ലെങ്കിൽ 864 mm²) ക്യാമറയ്ക്ക് മുന്നിൽ എഫ്/1.4 അപർച്ചർ ഉള്ള ലെൻസ് പിടിപ്പിച്ചാൽ പശ്ചാത്തലം അസ്പഷ്ടമാക്കാൻ കൂടുതൽ എളുപ്പമായിരിക്കും. പ്രത്യേകിച്ചും നോർമൽ, ടെലി ലെൻസുകളാണെങ്കിൽ.
കണക്കുകൾ ഉയർത്തി വിമർശകർ
ഐഫോൺ 18 പ്രോയിൽ ഉള്ള സെൻസറിന്റെ 12 മടങ്ങോളം വലുതാണ് ഒരു ഫുൾ ഫ്രെയ്‌ം സെൻസർ. ഇനി അതുപോരെങ്കിൽ ഈ കുഞ്ഞൻ സെൻസറിനു മുമ്പിൽ പിടിപ്പിച്ചിരിക്കുന്ന ലെൻസിന്റെ ശരിയായ (actual) ഫോക്കൽ ലെങ്ത് ഏകദേശം 7 എംഎം ആണത്രെ. എന്നാൽ, ഒരു ഫുൾ ഫ്രെയ്‌ം സെൻസറിനു മുമ്പിൽ 24 എംഎം ലെൻസ് പിടിപ്പിച്ചാൽ എന്ന പ്രതീതി വരുത്തുന്ന (24 mm equivalent) രീതിയിലാണ് അതിനെ പ്രവർത്തിപ്പിക്കുന്നത് എന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, ഈ സംവിധാനത്തിൽ ഡെപ്ത് ഓഫ് ഫീൽഡ് വളരെ കൂടുതലായിരിക്കും. ഇനി അതുപോരെങ്കിൽ ആപ്പിൾ എഫ് 1/1.48 എന്നു വിളിക്കുന്ന അപ്പേർച്ചർ ഫുൾ ഫ്രെയ്‌ം ക്യാമറാ സെൻസറിലാണെങ്കിൽ അത് യഥാർത്ഥത്തിൽ എഫ് 6.8-7.0 എംഎം വരുമെന്നാണ് കണ്ടെത്തൽ. പക്ഷെ, ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം പ്രസക്തമാകുന്നത് പരമ്പരാഗത ഫോട്ടോഗ്രാഫിയുമായി തട്ടിച്ചു നോക്കുമ്പോൾ മാത്രമാണ്. എന്നാൽ, സ്മാർട്ട്‌ഫോണുകളിലെ ക്യാമറാ സിസ്റ്റങ്ങളിൽ കയറിപ്പാർത്തിരിക്കുന്നത് കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയുടെ ലീലാവിലാസങ്ങളാണല്ലോ. അതിന്റെ ചിത്രീകരണ വ്യാകരണം പരമ്പരാഗത ക്യാമറകളുടേതിൽനിന്ന് പാടെ വ്യത്യസ്തമാണ്. ഒന്നു പരിശോധിക്കാം:
ഐഫോൺ 18 പ്രോ സീരിസിലെ ഹാർഡ്‌വെയർ, പ്രൊസസിങ് മാറ്റങ്ങൾ
ഐഫോൺ 18 പ്രോ മോഡലുകളിൽ ആറ് ബ്ലെയ്ഡ് അടങ്ങുന്ന മെക്കാനിക്കൽ അപ്പേർച്ചർ ഹാർഡ്‌വെയർ ആണ് '48 എംപി ഫ്യൂഷൻ പ്രധാന ക്യാമറ'യിൽ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ പ്രധാന ക്യാമറയ്ക്ക് കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോയിൽ നൽകിയ അതേ സെൻസർ തന്നെയായിരിക്കാം ഉള്ളതെന്നും അനുമാനമുണ്ട്. അല്ലെങ്കിൽ പുതിയ സെൻസർ ആണ് എന്ന് ആപ്പിൾ തന്നെ ആത്മപ്രശംസ നടത്തുമായിരുന്നു എന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ഐഫോൺ 18 പ്രോയുടെ സെൽഫി ക്യാമറയിലേത് അടക്കം മറ്റെല്ലാ ലെൻസുകളിലും ഉള്ളത് ഐഫോൺ 17 പ്രോയിൽ കണ്ട അതേ സെൻസറുകൾ തന്നെയാണ്. വേരിയബിൾ അപർച്ചറിനു പുറമെ ഐഫോൺ 18 സീരിസിന് ലഭിക്കുന്നത് 'പ്രോ കൺട്രോൾസ്' എന്ന സോഫ്റ്റ്‌വെയർ ഫീച്ചറാണ്. ഇതാണെങ്കിൽ ഫോട്ടോഗ്രാഫി അറിയാത്തവർക്ക് ഉപകരിക്കുകയില്ലാത്തതിനാൽ ആയിരിക്കാം മെനുവിൽ പൂഴ്ത്തിവെച്ചിരിക്കുന്നത്. മാത്രമല്ല, ഈ 'പ്രോ കൺട്രോൾസ്' മുമ്പ് ഇറങ്ങിയ ഫോണുകളിലും നൽകാവുന്നതുമാണ്. ചുരുക്കിപ്പറഞ്ഞാൽ, ഐഫോൺ 18 പ്രോയുടെ ലെൻസിന് പരമാവധി എഫ് 1/1.48 അപർച്ചർ നൽകിയതും അത് ക്രമീകരിക്കാനുള്ള അവസരം ഒരുക്കിയതും ഒഴിച്ചാൽ ഐഫോൺ 17 പ്രോ സീരിസിൽ കണ്ട അതേ ക്യാമറാ സിസ്റ്റം തന്നെയായിരിക്കാം ഐഫോൺ 18 പ്രോ സീരിസിലും ഉള്ളത്. ഇത്തരം കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന രീതി ആപ്പിൾ കമ്പനിയുടെ ഡിഎൻഎയിൽ ഇല്ലതാനും.
ഐഫോൺ 18 പ്രോ സീരിസിന് അധിക മികവ് ലഭിക്കും, പക്ഷെ...
എന്നാൽ, പുതിയ എ20 പ്രോ പ്രൊസസറിന് ഐഫോൺ 18 പ്രോ സീരിസിലെ ക്യാമറകൾ പകർത്തുന്ന ഫോട്ടോയെയും വിഡിയോയെയും കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയുടെയും, ഫോണിൽ തന്നെ പ്രവർത്തിക്കുന്ന നിർമിത ബുദ്ധിയുടെയും (എഐ) അകമ്പടിയോടെ സംസ്കരിച്ചെടുക്കാനുള്ള അധിക ശേഷി ഗുണകരമായേക്കും. പുതിയ ന്യൂറൽ എൻജിനും, ഐഫോൺ 17 പ്രോ സീരിസിനെയും അപേക്ഷിച്ച് അധികമായി നൽകിയിരിക്കുന്ന മെമ്മറി ബാൻഡ്‌വിഡ്ത്തും ഫോട്ടോകൾക്കും വിഡിയോയ്ക്കും ഗുണകരമായേക്കും. തങ്ങളുടെ പുതിയ പ്രൊസസറിന് കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയും ഓൺ-ഡിവൈസ് എഐയുടെ പ്രകടനവും മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ആപ്പിൾ എടുത്തു പറഞ്ഞിട്ടുമുണ്ട്.
ഐഫോൺ 17 പ്രോ, 18 പ്രോ സീരിസുകൾ തമ്മിൽ കാണാവുന്ന വ്യത്യാസങ്ങൾ ഇവയാണ്: പുതിയ ഫോണിന് എഫ് 1/1.48 പരമാവധി അപ്പേർച്ചർ നൽകിയിരിക്കുന്നതിനാൽ കെട്ടിടങ്ങൾക്കുള്ളിലും രാത്രിയിലും പകർത്തുന്ന ഫോട്ടോകൾക്കും വിഡിയോകൾക്കും അൽപ്പം അധിക മികവ് കാണാനാകും. ഫിസിക്കൽ അപ്പേർച്ചർ വലുതാക്കാൻ സാധിച്ചിരിക്കുന്നതിനാൽ പോർട്രെയ്റ്റുകൾ പകർത്തുമ്പോളും വസ്തുക്കളുടെയും മറ്റും ചിത്രങ്ങൾ എടുക്കുമ്പോഴും പശ്ചാത്തലം കൂടുതൽ സ്വാഭാവികമായി അസ്പഷ്ടമാക്കാൻ സാധിച്ചേക്കും. 'പ്രോ കൺട്രോൾസ്' പ്രയോജനപ്പെടുത്താൻ അറിയാവുന്നവർക്ക് ഷട്ടർ സ്പീഡും വൈറ്റ് ബാലൻസും വേരിയബിൾ അപ്പേർച്ചറിനൊപ്പം സർഗാത്മകമായി ഉപയോഗിച്ച് ഗുണകരമായ മാറ്റം കൊണ്ടുവരാൻ സാധിക്കും.
ഫോട്ടോഗ്രാഫിയെക്കാളേറെ പ്രോ കൺട്രോൾസ് ഉപകരിക്കുക വിഡിയോ ഷൂട്ടർമാർക്ക് ആയിരിക്കും. വൈറ്റ്ബാലൻസും, എക്സ്പോഷറും ഫോൺ തന്നെ മാറ്റുന്നത് ഒഴിവാക്കാൻ അവർക്ക് സാധിക്കും. എന്നാൽ, പ്രോ കൺട്രോൾസ് ഉപയോഗിച്ച് ലഭിക്കുന്ന അധിക മികവ് ഫോട്ടോഗ്രാഫി അറിയാത്ത ഉപയോക്താവിന് അപ്രാപ്യമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓർക്കുക, ഇത്തരം നിയന്ത്രണങ്ങൾ സാധ്യമാകുന്നത് 48 എംപി ഫ്യൂഷൻ മെയിൻ ക്യാമറയിൽ മാത്രമാണ് താനും. ചുരുക്കിപ്പറഞ്ഞാൽ ഫോട്ടോഗ്രാഫി പരിജ്ഞാനം ഇല്ലാത്ത ഒരു ഐഫോൺ 17 പ്രോ സീരിസിലെ ഫോൺ ഉടമയ്ക്ക് താൻ പകർത്തി വന്ന ഫോട്ടോകളെയും വിഡിയോകളെയും അപേക്ഷിച്ച് അത്രമേൽ എഴുന്നനിൽക്കുന്ന ഒരു മികവ് ഐഫോൺ 18 പ്രോ വാങ്ങിയാൽ ലഭിച്ചേക്കില്ലെന്നാണ് വിദഗ്ധ മതം.
വേരിയബിൾ അപ്പേർച്ചർ: മറ്റ് കമ്പനികളുടെ പരീക്ഷണം ഇങ്ങനെ
വേരിയബിൾ അപ്പേർച്ചർ ഫീച്ചർ ആപ്പിളിനെക്കാൾ മുമ്പ് പരീക്ഷിച്ച പല ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കളുമുണ്ട്. സാംസങ് ആണ് ഇതിന് തുടക്കമിട്ടത്. അവർ 2018-ൽ ഇറക്കിയ ഗ്യാലക്സി എസ്9/എസ്9 പ്ലസ് മോഡലുകളിൽ ക്രമീകരിക്കാവുന്ന രണ്ട് അപ്പേർച്ചറുകൾ നൽകിയിരുന്നു (f/1.5, f/2.4). എന്നാൽ, അടുത്ത വർഷം ഇറക്കിയ ഗ്യാലക്സി എസ്10ലും കൂടെ അത് നൽകിയ ശേഷം സാംസങ് എൻജിനീയർമാർ എസ്20 മുതലുള്ള ഫോണുകളിൽ ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. വേരിയബിൾ അപ്പേർച്ചർ തങ്ങൾക്ക് നൽകാവുന്ന ഏറ്റവും നൂതന വേർഷൻ ഷഓമി കമ്പനി ഒരുക്കിയത് വാവേയ് കമ്പനിയുടേതുപോലെയായിരുന്നു.
എന്നാൽ, അതല്ല വാവേയ് (Huawei) കമ്പനിയുടെ കഥ. ഹ്വാവെയ്യുടെ എൻജിനീയർമാരും ഈ പരീക്ഷണം 2018-ൽ ആരംഭിച്ചിരുന്നു. വേരിയബിൾ അപ്പേർച്ചർ സംവിധാനം ഉൾക്കൊള്ളുന്ന ആദ്യ ഫോൻ അവർ ഇറക്കുന്നത് 2022-ലാണ് -മെയ്റ്റ് 50 പ്രോ (Huawei Mate 50 Pro). എഫ്/1.4 നും എഫ്/4 നും ഇടയിൽ തിരഞ്ഞെടുക്കാവുന്ന 10 സ്ഥാനങ്ങളാണ് ഒരുക്കിയിരുന്നത്. തുടർന്ന് അവർ ഇറക്കിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിലെല്ലാം ഈ പരീക്ഷണം സ്ഥിരമായി നിലനിർത്തിപ്പോന്നു. അമേരിക്ക നിരോധിച്ചതോടെ വാവേയ് ചൈനയിലേക്ക് ഒതുങ്ങുകയും പൊതുജന ശ്രദ്ധയിൽനിന്ന് ഒരു പരിധിവരെ മാഞ്ഞുപോകുകയും ചെയ്തു.
എന്നാൽ, ക്യാമറകളുടെയും സ്മാർട്ട്‌ഫോൺ ക്യാമറകളുടെയും ഗുണനിലവാരം ശാസ്ത്രീയമായി അപഗ്രഥിക്കുന്നു എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര കമ്പനികൾ വാവേയ് ഫോണുകൾക്ക് കഴിഞ്ഞ 10 വർഷത്തിനിടയിൽ മികച്ച റേറ്റിങ് നൽകിയത് നിശ്ചയമായും ആപ്പിളും ശ്രദ്ധിച്ചിട്ടുണ്ടാകും. പിൻക്യാമറകളുടെ ഫോട്ടോഗ്രാഫി ശേഷിയിലാണ് വാവേയ് ആപ്പിളിനെയും മറ്റു കമ്പനികളെയും പിന്തള്ളുന്നത്. അതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച ശേഷമായിരിക്കാം വേരിയബിൾ അപ്പേർച്ചർ പരീക്ഷണം ആരംഭിക്കാൻ ആപ്പിളും തീരുമാനിച്ചിരിക്കുക. അതേസമയം, വീഡിയോഗ്രാഫിയുടെ കാര്യത്തിലാണെങ്കിൽ ഐഫോണുകൾ പലപ്പോഴും ഒരു വാവേയ്യെക്കാൾ ഒരു പടി മുന്നിലുമാണ്.
വേരിയബിൾ അപ്പേർച്ചർ ആപ്പിൾ നിലനിർത്തുമോ?
ഐഫോൺ 19 പ്രോയിൽ എന്തായാലും ഈ ഫീച്ചർ നിലനിർത്തിയേക്കും എന്നാണ് പരക്കെയുള്ള വിലയിരുത്തൽ. കൂടാതെ, ഇത് ആപ്പിൾ ഏറ്റെടുത്തതോടെ കൂടുതൽ കമ്പനികൾ ഈ സംവിധാനം തങ്ങളുടെ ഫോണുകളിൽ കൊണ്ടുവരാൻ നിർബന്ധിതരായേക്കാം. സാംസങിനും അത് കണ്ടില്ലെന്ന് നടിക്കാനായേക്കില്ല. ഒരു പരീക്ഷണം എന്ന നിലയിൽ അത് ഭാവിയിൽ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയുടെ പരിധി വികസിപ്പിച്ചേക്കാം എന്നും കരുതപ്പെടുന്നു.
ഐഫോൺ 18 പ്രോ സീരിസ് വാങ്ങണോ?
ക്യാമറാ സിസ്റ്റം മാത്രമല്ല ഐഫോൺ 18 പ്രോ സീരിസിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചറുകൾ ഉപകാരപ്രദമാണ് എന്നുള്ളവർക്ക് നിശ്ചയമായും പരിഗണിക്കാം. എന്നാൽ, ഫോട്ടോയും വിഡിയോയും പകർത്താനുള്ള ഒരു ടൂൾ ആയിട്ടാണ് ഐഫോൺ 18 പ്രോ സീരിസ് പരിഗണിക്കുന്നതെങ്കിൽ ഒന്നുകൂടെ ആലോചിക്കുന്നത് നന്നായിരിക്കും. പരമ്പരാഗത ഫോട്ടോഗ്രാഫി അറിയാവുന്നവർക്ക് ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളിലേക്കും വച്ച് മികച്ചത് 18 പ്രോ സീരിസ് തന്നെയാണ്. എന്നാൽ, 'പ്രോ കൺട്രോൾസ്' പ്രയോജനപ്പെടുത്താൻ കഴിയാത്ത ഐഫോൺ 17 പ്രോ ഉപയോക്താവ് കണ്ടെന്റ് ചിത്രീകരണത്തിനു വേണ്ടി പുതിയ സീരിസ് പരിഗണിക്കണോ എന്ന കാര്യത്തിൽ സംശയമുണ്ട്. മാത്രമല്ല, ഒന്നിടവിട്ട തലമുറയിലെ ഫോണുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത് എന്ന വാദവും ഉണ്ടല്ലോ.
അപ്പേർച്ചർ മൂല്യങ്ങളെക്കുറിച്ച് അൽപ്പം കൂടെ
മിറർലെസ് ക്യാമറകളുടെയും മറ്റു പരമ്പരാഗത ലെൻസുകളുടെ തോതുവച്ചു പറഞ്ഞാൽ ഐഎസ്ഓയും ഷട്ടർ സ്പീഡും മാറ്റുന്നില്ലെങ്കിൽ എഫ് 1/4.0 ലൂടെ പ്രവേശിക്കുന്നതിന്റെ ഏകദേശം ഇരട്ടി വെളിച്ചം എഫ് 1/2.8 ലൂടെ പ്രവേശിപ്പിക്കാം. എഫ് 1/2.8 ലേതിനേക്കാൾ ഇരട്ടി വെളിച്ചം എഫ് 1/1.8 ൽ ലഭിക്കും. എന്നാൽ, എഫ് 1/1.8 ലൂടെ പ്രവേശിക്കുന്നതിന്റെ ഏകദേശം 49 ശതമാനത്തോളം അധിക വെളിച്ചമായിരിക്കും എഫ് 1/1.48 ലൂടെ പ്രവേശിപ്പിക്കാൻ സാധിക്കുക.
Content Highlights: Apple has introduced a physical variable aperture feature in the iPhone 18 Pro series main camera, but experts debate whether it offers a significant real-world advantage over the iPhone 17 Pro for average users.
Published: 30 Sept 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented