അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലെ (എംഐടി) ചില റിപ്പോര്‍ട്ടുകള്‍ ജനറേറ്റീവ് എഐ രംഗത്തെ 95 ശതമാനം കമ്പനികളും നഷ്ടത്തിലാണെന്നു കാണിക്കുന്നു. തൊണ്ണൂറുകള്‍ക്കൊടുവില്‍ വിസ്മയകരമായ വളര്‍ച്ച കൈവരിച്ച ഡോട്ട്കോം കമ്പനികള്‍ പിന്നീട് തകര്‍ന്നു തരിപ്പണമായതുമായി ചില വിദഗ്ധര്‍ ഇതിനെ താരതമ്യപ്പെടുത്തുന്നു. നിര്‍മിതബുദ്ധി ആ വഴിക്കാണോ നീങ്ങുന്നത്? എന്താണ് നാം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍? സംസാരിക്കുന്നു പ്രശസ്ത ഐടി വിദഗ്ധന്‍ അനിവര്‍ എ. അരവിന്ദ് സംസാരിക്കുന്നു.

To advertise here,

അഞ്ചു ശതമാനം എഐ കമ്പനികളാണ് കാര്യമായ ലാഭം ഉണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതൊരു താല്‍ക്കാലികപ്രശ്നമാണോ അതോ നിര്‍മിതബുദ്ധി സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചനയാണോ ?

അല്ല, മറിച്ച് ഇപ്പോള്‍ നടക്കുന്ന വലിയൊരു വ്യാവസായിക പരിവര്‍ത്തനത്തിന്റെ സൂചനയാണ്. ആദ്യഘട്ടത്തില്‍ ഭീമമായ മുതല്‍മുടക്കുള്ള, വളരെ വലുപ്പമുള്ള എഐ മോഡലുകള്‍ (ലാര്‍ജ് ലാംഗ്വേജ് മോഡല്‍) നിര്‍മിക്കുന്നതിലായിരുന്നു ശ്രദ്ധ. എന്നാല്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഇവയെ ആശ്രയിക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന തിരിച്ചറിവ് കമ്പനികള്‍ക്ക് വന്നുതുടങ്ങി. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പുതിയ കമ്പോളം ഉണ്ടായി വരണം. തുടര്‍ന്ന് ചെലവു കുറയും, പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മിച്ച സ്മോള്‍ ലാംഗ്വേജ് മോഡലുകളിലേക്ക് (എസ്എല്‍എം) ചുരുക്കല്‍ നടക്കും. അതിന്റെമേല്‍ പുതിയ ടൂളുകളും സേവനങ്ങളും ചേര്‍ന്ന് വലിയൊരു ഇക്കോസിസ്റ്റം രൂപപ്പെട്ടു വരേണ്ടതുണ്ട്.

അതിന് കുറച്ചധികം സമയം എടുക്കും, അല്ലേ ?

അതെ. പക്ഷേ, മത്സരത്തില്‍ എല്ലാവരും വിജയിക്കില്ല. വിജയം നിര്‍ണയിക്കുന്നത് ഏറ്റവും മികച്ച സാങ്കേതികവിദ്യയല്ല, മറിച്ച് ആര്‍ക്കാണ് കൂടുതല്‍ ഡെവലപ്പര്‍മാരുടെ സ്വീകാര്യത (ഡെവലപ്പര്‍ അഡോപ്ഷന്‍) നേടാന്‍ കഴിയുന്നത് എന്നതാണ്. കാരണം, ഇന്ന് ഒരാള്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ നാളെ ഒരു വലിയ കമ്പനിക്ക് എളുപ്പത്തില്‍ പകര്‍ത്താനാകും. ലഭ്യമായ സാങ്കേതികവിദ്യയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിലും, കൂടുതല്‍ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നതിലുമാണ് കാര്യം. നിലവില്‍ അടിസ്ഥാനസൗകര്യ തലത്തിലുള്ള ഈ മത്സരം പതുക്കെ ഉല്‍പ്പന്നങ്ങളിലേക്ക് മാറും. എഐ എന്നത് ഒരു പ്രത്യേക ഫീച്ചര്‍ എന്നതിലുപരി നിലവിലുള്ള ആപ്ലിക്കേഷനുകളുടെ അടിസ്ഥാനഘടകമായി മാറും.

ആ മാറ്റത്തിന്റെ സ്വഭാവം

മത്സരം എഐ എനബിള്‍ഡായി മാറും. ടച്ച് ഫോണില്‍നിന്നു സ്മാര്‍ട്ട് ഫോണിലേക്കുള്ള മാറ്റത്തിന് സമാനമാണിത്. നിര്‍മിതബുദ്ധി എന്ന സാങ്കേതികവിദ്യയ്ക്ക് പ്രത്യേകമായി ഫീസ് നല്‍കേണ്ട, മെച്ചപ്പെടുത്തിയ സേവനത്തിന് നിലവിലുള്ള ചാര്‍ജ് നല്‍കും. ഉദാഹരണത്തിന്, ഒരു ജോബ് പോര്‍ട്ടല്‍ ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷ സ്‌ക്രീന്‍ ചെയ്യുന്ന സൗകര്യം നല്‍കുമ്പോള്‍ അതും സേവനത്തിന്റെ ഭാഗമായി മാറും. പെര്‍പ്ലെക്സിറ്റി എഐ പോലുള്ള കമ്പനികളുടെ മൂല്യം വര്‍ധിച്ചത് അവര്‍ പുതിയ സാങ്കേതികവിദ്യ കണ്ടുപിടിച്ചതുകൊണ്ടല്ല, ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന മികച്ച ഉല്‍പ്പന്നം നല്‍കിയതുകൊണ്ടാണ്.

നഷ്ടത്തിലാണെങ്കിലും എഐ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം വരുന്നത്

വലിയതോതില്‍ പരിവര്‍ത്തനം നടക്കാന്‍ സാധ്യതയുള്ള മേഖലയാണിതെന്നു നിക്ഷേപകര്‍ക്ക് നന്നായറിയാം. പഴയകാലത്ത് ഒരു സ്റ്റാര്‍ട്ടപ്പിന് ഫണ്ട് സ്വരൂപിക്കാന്‍ മൂന്നുനാലു വര്‍ഷം വേണ്ടിയിരുന്നു. ഇപ്പോള്‍ ആറുമാസമാകുമ്പോള്‍ തന്നെ ഫണ്ട് സ്വരൂപിക്കാനാകുന്നു. ആശയരൂപീകരണം തൊട്ട് ഫണ്ട് സ്വരൂപണവും കമ്പനി രൂപീകരണവുമൊക്കെ മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാവുന്നു.

ഡോട്ട് കോം കുമിള സാഹചര്യം ആവര്‍ത്തിക്കും എന്ന ആശങ്കയ്ക്ക് പ്രസക്തിയില്ലേ ?

ഒരുപാട് കമ്പനികളും ഒരുപാട് നിക്ഷേപങ്ങളും പരാജയപ്പെടും, സംശയമില്ല. ഒരു വ്യവസായത്തിലും എല്ലാവരും വിജയിക്കില്ലല്ലോ. ഇവിടെ അടിസ്ഥാനപരമായ സാങ്കേതികവിദ്യയുണ്ട്. നൂതനമായ ആശയവുമായി വന്ന്, അത് പെട്ടെന്ന് നടപ്പാക്കി ഉപയോക്താക്കളുടെയും ഡെവലപ്പര്‍മാരുടെയും പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്നവര്‍ അതിജീവിക്കും. ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ശരാശരി ഉല്‍പ്പന്നത്തിന് പോലും ഇപ്പോഴും വിപണിയില്‍ സ്ഥാനമുണ്ട്!

ഇത്തരം തിരുത്തലുകള്‍ വിപണിയില്‍ പതിവാണ്. സാങ്കേതികവിദ്യ മാറുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവര്‍ വീണുപോകും. മൊബൈല്‍ഫോണ്‍ കമ്പനി നോക്കിയ ഉദാഹരണം. ഇന്ത്യന്‍ സേവന വ്യവസായത്തിലെ മിഡില്‍ ടയര്‍ മാനേജര്‍മാരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അവരുടെ നിലനില്‍പ്പ് അവര്‍ ആര്‍ജിക്കുന്ന പുതിയ കഴിവുകളെ ആശ്രയിച്ചിരിക്കും. ഒരു ബിരുദം എന്നത് കരിയറിലേക്കുള്ള പ്രവേശന ടിക്കറ്റ് മാത്രമാണ്. അവിടെ ഒരാളെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയാക്കുന്നത് തികച്ചും മാനുഷികമായ, യന്ത്രങ്ങള്‍ക്ക് പകരം വെക്കാനാവാത്ത ചില കഴിവുകളാണ്.

നിര്‍മിതബുദ്ധി വളരെ ചെലവേറിയ മേഖലയാണോ ?

ഇപ്പോള്‍ ഭീമന്‍ മോഡലുകള്‍ ഉണ്ടാക്കുന്നതിലല്ല മത്സരം. കഴിഞ്ഞ വര്‍ഷത്തെ തരംഗം ചാറ്റ്ബോട്ടുകളായിരുന്നു, എന്നാല്‍, അവയുടെ പ്രധാന പരിമിതി ഓര്‍മയില്ലായ്മയായിരുന്നു. അതുകൊണ്ട് അവ ഏറെക്കുറെ അപ്രസക്തമായിരിക്കുന്നു. ഇന്നത്തെ താരം ഏജന്റുകളാണ്. പക്ഷെ, അവയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ഓര്‍മയുടെ കൃത്യമായ ഒരു ചട്ടക്കൂട് (മെമ്മറി സ്റ്റാക്ക്) ആവശ്യമാണ്. എല്ലാ ആവശ്യങ്ങള്‍ക്കും വലിയ മോഡലുകള്‍ വേണ്ട എന്ന തിരിച്ചറിവ് ഇപ്പോള്‍ എല്ലാവര്‍ക്കുമുണ്ട്. ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ചെറിയ മോഡലുകളാണ് വരാന്‍ പോകുന്നത്. ചിലപ്പോള്‍ ഒരു പ്രത്യേക ഭാഷ, പ്രത്യേക ജോലി, പ്രത്യേക ഡൊമെയ്ന്‍ എന്നിവയ്ക്കായി മാത്രം നിര്‍മിക്കുന്ന അതിവിദഗ്ദ്ധ മോഡലുകളും വരും.

ഈ മേഖലയില്‍ നിയന്ത്രണത്തിന്റെയും നിയമനിര്‍മാണത്തിന്റെയും ആവശ്യമുള്ളതായി തോന്നിയിട്ടുണ്ടോ ?

തീര്‍ച്ചയായും ആവശ്യമുണ്ട്. പക്ഷെ, അതിന്റെ സമയത്തിലും രീതിയിലുമാണ് കാര്യം. പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ശ്വാസംമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ തുടക്കത്തിലേ ഏര്‍പ്പെടുത്തരുത്. ആദ്യഘട്ടം ആത്മനിയന്ത്രണമാണ്. സ്വയം മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തി വ്യവസായങ്ങള്‍ സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കണം. അതേസമയം, നിയന്ത്രണ ഏജന്‍സികള്‍ ഈ സാങ്കേതികവിദ്യയെക്കുറിച്ച് പഠിക്കുകയും സ്വന്തം കഴിവുകള്‍ വികസിപ്പിക്കുകയും വേണം. ഈ സാങ്കേതികവിദ്യ സാധാരണക്കാരെ വലിയ തോതില്‍ ബാധിക്കാന്‍ തുടങ്ങുമ്പോള്‍- ഉദാഹരണത്തിന് ബാങ്കിംഗ്, സര്‍ക്കാര്‍ സേവനങ്ങള്‍- ശക്തവും പക്വവുമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാവും. ഉത്തരവാദിത്തം എന്നത് നിയമം കൊണ്ട് മാത്രം നടപ്പാക്കേണ്ട ഒന്നല്ല, അത് സിസ്റ്റത്തിന്റെ രൂപകല്‍പ്പനയില്‍ തന്നെ ഉണ്ടാകണം. ഒരു എഐ എടുത്ത തീരുമാനം എന്തിനായിരുന്നുവെന്ന് തിരിഞ്ഞുനോക്കി പരിശോധിക്കാനും വിശദീകരിക്കാനും സാധിക്കുമ്പോള്‍ ആ സിസ്റ്റം രൂപകല്‍പ്പനയില്‍ തന്നെ ഉത്തരവാദിത്തമുള്ളതായി മാറും.

ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യക്ക് പഴയ ഹൈപ്പ് ഇപ്പോഴില്ല. നിര്‍മിതബുദ്ധിയുടെ ഭാവി സമാനമാവുമോ?

പ്രശ്നം ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യക്ക് മുകളിലുണ്ടായ ഊഹക്കച്ചവടമായിരുന്നു. സാങ്കേതികവിദ്യ എന്ന നിലയ്ക്കുള്ള മൂല്യം അതിനിപ്പോഴുമുണ്ട്. എഐയെ താരതമ്യം ചെയ്യേണ്ടത് സ്മാര്‍ട്ട്ഫോണ്‍ വിപ്ലവത്തോടാണ്. ഇത് നമ്മുടെ ജീവിതത്തെയും ചിന്തയെയും സമൂലമായി പുനര്‍നിര്‍വചിക്കും. പണ്ട് ഡിജിറ്റല്‍ സാക്ഷരതയെക്കുറിച്ച് പറഞ്ഞതുപോലെ, ഇനി എഐ സാക്ഷരത അനിവാര്യമാവും.

എവിടെ നോക്കിയാലും എഐ ക്രാഷ് കോഴ്സുകളുടെ പരസ്യമാണ്

എഐ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മൂന്നുമാസം മുമ്പത്തെ എഐ അല്ല ഇന്ന്. അതിനാല്‍ ഒരു സര്‍ട്ടിഫിക്കറ്റ് കൊണ്ട് മാത്രം കാര്യമില്ല. തുടര്‍ച്ചയായി നവീകരിക്കുന്നതാണ് പ്രധാനം. പ്രോഗ്രാമിംഗ് ഭാഷകള്‍ മാറും, പക്ഷെ അല്‍ഗോരിതങ്ങളും ഡേറ്റാ സ്ട്രക്ച്ചറുകളും (DSA) മാറുന്നില്ല. കാര്യക്ഷമമായ പ്രശ്നപരിഹാരത്തിന്റെ വ്യാകരണമാണത്. ആ അടിത്തറയില്ലാത്തവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള മേഖലകളില്‍ ശോഭിക്കാന്‍ കഴിയില്ല.

നിര്‍മിതബുദ്ധിയില്‍ കോണ്ടെക്സ്റ്റ് എഞ്ചിനീയറിംഗ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ? 

'പ്രോംപ്റ്റ് എഞ്ചിനീയറിംഗ്' എന്ന പദത്തിന്റെ പ്രസക്തി കുറഞ്ഞു. അതിന്റെ കൂടുതല്‍ വികസിതമായ പുതിയ രൂപമാണ് കോണ്‍ടെക്സ്റ്റ് എഞ്ചിനീയറിംഗ്. ഒരു പ്രോംപ്റ്റിലൂടെ എഐയ്ക്ക് ഒരു നിര്‍ദ്ദേശം നല്‍കി ഒറ്റത്തവണ ഒരു മറുപടി നേടുക എന്നതായിരുന്നു പ്രോംപ്റ്റ് എഞ്ചിനീയറിംഗ്. അതൊരു തുടക്കം മാത്രമായിരുന്നു. യഥാര്‍ത്ഥലോകത്തിലെ പ്രശ്നങ്ങള്‍ അങ്ങനെ ഒറ്റ മറുപടിയില്‍ ഒതുങ്ങുന്നതല്ല. ഒരു ജോലി പൂര്‍ത്തിയാക്കാന്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോകണം, അതിന് തുടര്‍ച്ചയായ ഓര്‍മയും ലക്ഷ്യബോധവും വേണം. ഒരു എഐ ഏജന്റിന് ഒരു ജോലിയുടെ പൂര്‍ണമായ പശ്ചാത്തലം (കോണ്ടെക്സ്റ്റ്) നല്‍കുക, ആ ജോലി അവസാനിക്കുന്നത് വരെ ആ ഓര്‍മയും ലക്ഷ്യവും നിലനിര്‍ത്തുക. ഇതാണ് കോണ്‍ടെക്സ്റ്റ് എഞ്ചിനീയറിംഗ്. എഐയോട് ഒരു ചോദ്യം ചോദിക്കുന്നതില്‍ നിന്ന്, എഐയെ ഒരു സഹപ്രവര്‍ത്തകനായി കണ്ട് ഒരു പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ പരിശീലിപ്പിക്കുന്നതിലേക്കുള്ള മാറ്റമാണിത്.

ഗൂഗിള്‍ പോലുള്ള വലിയ കമ്പനികളിലെ കൂട്ടപിരിച്ചുവിടല്‍ കൂടുതല്‍ മേഖലകളെ ബാധിക്കുമോ?

പുതിയ സ്‌കില്ലുകള്‍ പഠിച്ചെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കേ ഇനി നിലനില്‍പ്പുള്ളൂ. വര്‍ഷങ്ങളായി മാറ്റമില്ലാതെ ഒരേ ജോലി ചെയ്ത് പുതിയ സ്‌കില്‍ ഒന്നും പഠിച്ചെടുക്കാതെ ടെക്നിക്കല്‍ മാനേജര്‍മാരായി നില്‍ക്കുന്നവരെ തീര്‍ച്ചയായിട്ടും ബാധിക്കും. എഐക്ക് പകരം വെക്കാനാവാത്ത കഴിവുകളില്ലാത്ത ഇത്തരക്കാര്‍ ഈ വ്യവസായത്തിന് ചുറ്റും ഒരു ദുര്‍മ്മേദസ്സ് ('മാനേജര്‍ ബെല്ലി') രൂപപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചെയ്യുന്ന ആവര്‍ത്തനസ്വഭാവമുള്ള പല കാര്യങ്ങളും ഇന്ന് എഐയ്ക്ക് ചെയ്യാനാവും. കൂട്ടത്തില്‍ നല്ല ഹ്യൂമന്‍ സ്‌കില്ലുകള്‍ - ഉദാഹരണത്തിന് ആശയവിനിമയം, ക്ലയന്റ് റിലേഷന്‍സ്, പ്രശ്നപരിഹാരം പോലുള്ളവ- ഉള്ളവര്‍ അതിജീവിക്കും.

പുതിയ നൈപുണികള്‍ പഠിച്ചെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. പ്രത്യേകിച്ച് അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം കരിയറുള്ളവര്‍ക്ക്. എഐയുടെ കാലത്തും അത്യാവശ്യമുള്ള ചില സോഫ്റ്റ് സ്‌കില്ലുകളുണ്ട്. പ്രോബ്ലം സോള്‍വിങ്, റീസണിംഗ് സ്‌കില്ലുകള്‍ പോലെ. നിര്‍മ്മിതബുദ്ധി കൊണ്ട് കാര്യങ്ങള്‍ നടത്തിയെടുക്കാനും കുറെ കാര്യങ്ങള്‍- ആശയവിനിമയം, ക്ലയന്റ് റിലേഷന്‍സ്, മാനേജ്മെന്റ് തുടങ്ങിയവ- അറിയണം. ഒരു ഡെവലപ്പര്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ രണ്ടുമൂന്നു മണിക്കൂറില്‍ ചെയ്തു കൊടുക്കാന്‍ സാധിക്കും. കാര്യക്ഷമതയുടെ ഈ മാറ്റവുമായി പൊരുത്തപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. നമ്മുടെ കോളേജുകളില്‍ ആ സ്‌കില്ലിംഗ് ചെയ്യുന്നില്ലെന്നാണ് അനുഭവം.

ജനറേറ്റീവ് എഐ ടൂളുകള്‍ സമൂഹമാധ്യമങ്ങളെ മാറ്റിമറിക്കുകയാണ്. ഇത് ജോലികളെ എങ്ങനെ ബാധിക്കും

ചില ജോലികളുടെ സ്വഭാവം മാറും, പക്ഷെ ഗുണനിലവാര നിയന്ത്രണത്തിന് മനുഷ്യന്‍ തന്നെ വേണം. എഐ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ നിറയുമ്പോള്‍, മനുഷ്യന്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ (ഹ്യൂമന്‍ വെരിഫൈഡ്) ഉള്ളടക്കത്തിന് വലിയ മൂല്യമുണ്ടാകും. ഈ രംഗത്ത് നിന്ന് മനുഷ്യന്‍ പൂര്‍ണ്ണമായും പുറത്താകുമെന്ന് ഞാന്‍ കരുതുന്നില്ല. എഐ ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ ചെയ്യുമ്പോള്‍, കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനും പുതിയ ആശയങ്ങള്‍ കണ്ടെത്താനും, സഹപ്രവര്‍ത്തകരുമായി ഇടപഴകാനും മനുഷ്യന് സമയം ലഭിക്കും.

ഈ മാറ്റങ്ങളെ നേരിടാന്‍ സര്‍ക്കാരുകള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

ഭരണത്തില്‍ കാര്യക്ഷമത കൂട്ടാന്‍ എഐക്ക് സാധിക്കും. പക്ഷെ, അതിന് അധികാരശൃംഖലയും (ചെയിന്‍ ഓഫ് കമാന്‍ഡ്) ഉത്തരവാദിത്വവും വേണം. ഒരു എഐ ഉപകരണം രോഗം നിര്‍ണയിച്ചാല്‍ പോരാ, ഉത്തരവാദിത്തമുള്ള ഒരു ഡോക്ടര്‍ അത് സാക്ഷ്യപ്പെടുത്തണം. എല്ലാം എഐ തീരുമാനിക്കട്ടെ എന്ന് പറയാനാവില്ല. ഇതിന് പണത്തെക്കാളുപരി വേണ്ടത് മികച്ച ഇക്കോസിസ്റ്റമാണ്. ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളില്‍ ഗവേഷണ സ്ഥാപനങ്ങളും കമ്പനികളും സര്‍ക്കാരും ചേര്‍ന്നൊരു മികച്ച ഗവേഷണ സംസ്‌കാരമുണ്ട്. കേരളത്തില്‍ അതിന്റെ കുറവുണ്ട്. നമ്മള്‍ ഇപ്പോഴും ഉപയോക്താക്കള്‍ മാത്രമായി ഒതുങ്ങുകയാണ്. ഒരു വ്യവസായത്തെ നിര്‍വചിക്കുന്നത് അതിന്റെ സ്രഷ്ടാക്കളാണ്. ടെക്നോളജി മാത്രം അറിഞ്ഞാല്‍ പോരാ, അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങളറിയുന്ന നേതൃത്വം നമുക്ക് വേണം. അല്ലെങ്കില്‍ ടെക്നോക്രാറ്റുകള്‍ കാര്യങ്ങള്‍ തീരുമാനിക്കും, അത് സമൂഹത്തിന് ഗുണകരമാവില്ല.