ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഭാവി പ്രവചിക്കുകയാണ് ലോകം. ഇതിനകം ആയിരക്കണക്കിന് കോടി ഡോളര്‍ ആഗോള തലത്തില്‍ ഈ രംഗത്ത് നിക്ഷേപിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എഐയുടെ സമ്പന്നമായ ഭാവി മിഥ്യാധാരണമാത്രമാണെന്ന സൂചനകള്‍ നല്‍കുകയാണ് പുതിയ റിപ്പോര്‍ട്ട്. എഐ വ്യവസായ സംരംഭങ്ങളില്‍ നിന്ന് കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകുന്നില്ലെന്നും തൊഴിലുകളെ പൂര്‍ണമായി കയ്യടക്കാന്‍ എഐയ്ക്ക് പ്രായോഗിക വെല്ലുവിളികളുണ്ടെന്നും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) നടത്തിയ പുതിയ പഠനം പറയുന്നു.
2025 ന്റെ ആദ്യ പകുതിയില്‍ മാത്രം AI സ്റ്റാര്‍ട്ടപ്പുകളിലും എന്റര്‍പ്രൈസുകളിലുമായി 4400 കോടി ഡോളറിലധികം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നാണ് 'The GenAI Divide: State of AI in Business 2025' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യാ ലോകത്തുണ്ടായ 'ഹൈപ്പിനെ' തുടര്‍ന്ന് കമ്പനികള്‍ എഐയില്‍ നിക്ഷേപിക്കാന്‍ തിരക്കുകാട്ടി, അയഥാര്‍ത്ഥമായ പ്രതീക്ഷകള്‍ ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ ഭൂരിഭാഗം പദ്ധതികളും തകര്‍ന്നു. എഐ അധിഷ്ഠിതമായ സമ്പന്നമായ ഭാവിസ്വപ്‌നങ്ങള്‍ വെറും സങ്കല്‍പ്പം മാത്രമാണെന്ന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് എഐടിയുടെ പഠനറിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ കാലങ്ങളില്‍ ചാറ്റ്ജിപിടി, ക്ലോഡ്, ജെമിനൈ ഉള്‍പ്പടെ നിരവധി എഐ സാങ്കേതികവിദ്യകള്‍ വന്നു. തൊഴിലിടങ്ങളില്‍ അവ വിപ്ലവം തീര്‍ക്കുമെന്നാണ് പറയപ്പെടുന്നത്. എല്ലാ തൊഴില്‍ മേഖലകളിലേക്കും എഐ കടന്നുവരുമെന്ന് പ്രവചിക്കപ്പെടുന്നു. തൊഴിലാളികളെ പിരിച്ചുവിട്ട് പല കമ്പനികളും എഐയുടെ സാധ്യതകള്‍ പരീക്ഷിക്കാനും തുടങ്ങി. നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട പ്രതീക്ഷകളുടെ വലിയൊരു 'കുമിള' യെ വിശ്വസിച്ചാണ് ഈ നിക്ഷേപങ്ങളെല്ലാം നടന്നതെന്ന് പറയുകയാണ് പുതിയ പഠനം.
95 ശതമാനം എഐ പ്രൊജക്ടുകളില്‍ നിന്നും യാതൊരു വരുമാനവുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 40 ശതമാനം സ്ഥാപനങ്ങള്‍ തങ്ങള്‍ എഐ ടൂളുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വെറും അഞ്ച് ശതമാനം മാത്രമാണ് അവരുടെ പ്രവര്‍ത്തനങ്ങളില്‍ സംയോജിപ്പിച്ചിട്ടുള്ളൂ. പല പദ്ധതികളും തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഫീസുകളിലെ കേവലം 30 ശതമാനം ജോലികള്‍ക്ക് മാത്രമേ എഐ മോഡലെ ആശ്രയിക്കാനാവൂ എന്ന് പരിശോധനകളില്‍സ വ്യക്തമായി. ബാക്കി മനുഷ്യര്‍ ചെയ്യണം. കോഡിങ്, ഡ്രാഫ്റ്റിങ് എന്നിവ ഉള്‍പ്പടെയുള്ള പല ജോലികളില്‍ ഇതിനകം എഐ പ്രയോജനപ്പെടുന്നുണ്ടെങ്കിലും സങ്കീര്‍ണമായ ജോലികള്‍ എഐയെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ല.
എന്തുകൊണ്ട് ഈ തിരിച്ചടി?
കൃത്യമായ പഠനമില്ലാത്തതിന്റെ കുഴപ്പം ഇക്കാര്യത്തിലുണ്ടെന്നാണ് എംഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. കേവലം ഹൈപ്പിന്റെ പുറത്ത് തങ്ങളുടെ ആവശ്യകതകള്‍ക്ക് അനുയോജ്യമല്ലാത്ത പൊതുവായ വലിയ ഭാഷാ മോഡലുകളെയാണ് സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത്. സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് ഇണങ്ങുന്ന എഐയ്ക്ക് വേണ്ടിയുള്ള നിക്ഷേപം അവര്‍ നടത്തുന്നില്ല. സെയില്‍സ് മാര്‍ക്കറ്റിങ് രംഗത്തെ ഓട്ടോമേഷന് വേണ്ടിയാണ് മിക്ക കോര്‍പ്പറേറ്റ് കമ്പനികളും എഐയില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ലോജിസ്റ്റിക്‌സ്, റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്‍്‌റ്, ഓപ്പറേഷന്‍സ് പോലുള്ള മേഖലകളില്‍ എഐ വികസിച്ചിട്ടുമില്ല. ഈ പൊരുത്തക്കേട് എഐ പദ്ധതികള്‍ കൂട്ടത്തോടെ ആരംഭിക്കുന്നതിനും തുടക്കത്തിലേ പരാജയപ്പെടുകയും ചെയ്യുന്നതിന് കാരണമാവുന്നു.
അതേസമയം കോര്‍പ്പറേറ്റ് കമ്പനികളേക്കാള്‍ സ്റ്റാര്‍ട്ടപ്പുകള്‍ എഐയില്‍ നേട്ടമുണ്ടാക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. കാരണം ഏതെങ്കിലും ഒരു പ്രത്യേക ആവശ്യം കേന്ദ്രീകരിച്ചാണ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം.
എന്തായാലും എഐയെ കുറിച്ച് ഐടി രംഗത്ത് സംശയം ജനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൃത്യമായ നയങ്ങളും പ്രവര്‍ത്തന പദ്ധതിയുമില്ലാതെ ദ്രുതഗതിയിലുള്ള എഐ വിന്യാസത്തിലൂടെ കാര്യമില്ലെന്ന് അവര്‍ തിരിച്ചറിയുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഐയ്ക്ക് വേണ്ടി ജീവനക്കാരെ പിരിച്ചുവിട്ട ക്ലാര്‍ന എന്ന പേമെന്റ് സ്ഥാപനം പിന്നീട് വീണ്ടും ജീവനക്കാരെ നിയമിച്ച സംഭവം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Content Highlights: A new MIT report exposes the stark reality of AI investments. 95% of AI projects has no revenue
Published: 22 Aug 2025, 06:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented