എഐ വലിയ സാമ്പത്തിക മുന്നേറ്റം സൃഷ്ടിച്ചേക്കാം എന്നാല് ഇത് പല തൊഴിലുകള്ക്കും അസ്ഥിരതയും ഉണ്ടാക്കിയേക്കാം എന്ന് കമ്പനി തുറന്ന് സമ്മതിക്കുന്നു.

എഐ (നിർമിതബുദ്ധി) എല്ലാ മേഖലകളിലേക്കും കടന്നുകയറുന്നത് സൃഷ്ടിക്കുന്ന ആശങ്ക വളരെ വലുതാണ്. അത് ഉണ്ടാക്കാനിടയുള്ള സാമൂഹിക ആഘാതത്തെക്കുറിച്ച് വിദഗ്ധരടക്കം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഒരു പബ്ലിക് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസ് ആസ്ഥാനമായ ലോകത്തെതന്നെ മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്. ആന്ത്രോപിക് പബ്ലിക് ബെനിഫിറ്റ് ഫണ്ട് എന്നായിരിക്കും ഇതിന്റെ പേര്.
കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി ഇതിനായി മാറ്റിവെക്കും
എഐ സമൂഹത്തിൽ ഉണ്ടാക്കാനിടയുള്ള സ്വാധീനത്തെക്കുറിച്ച് പല തരത്തിലുള്ള ആശങ്കൾ ഉയരുന്ന ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിന് നന്മ ചെയ്യുന്ന പ്രോജക്റ്റുകളെ പിന്തുണയ്ക്കുന്നതിന് ഉള്ളതാണ് ഈ ഫണ്ട്. തുടക്കത്തിൽ കമ്പനിയുടെ ഓഹരികളുടെ അഞ്ച് ശതമാനം ഈ ഫണ്ടിലേക്ക് മാറ്റിവെക്കുമെന്ന് ആന്ത്രോപിക് പറയുന്നു. കമ്പനിയുടെ മൂല്യം വർധിക്കുന്നതനുസരിച്ച് ഫണ്ടിലേക്ക് മാറ്റിവെക്കുന്ന ഓഹരികളുടെ ശതമാനവും ഉയർത്തും.
ആന്ത്രോപിക്കിന്റെ പൂർണ നിയന്ത്രണത്തിലുള്ള സംവിധാനമായിരിക്കും ഇത്. കമ്പനിയുടെ മൂല്യത്തിൽ ഉണ്ടാകുന്ന ഓരോ 50 ശതമാനം വർധനവിനും അനുസരിച്ച് ഫണ്ടിന് അധികമായി രണ്ട് ശതമാനം കൂടി ലഭിക്കും. ഓഹരി ഉടമകളുടെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇത്. 2 ട്രില്യൺ (രണ്ട് ലക്ഷം കോടി) ഡോളറിന് മുകളിലേക്ക് കമ്പനിയുടെ മൂല്യം കുതിച്ചുയരാൻ ഇടയാക്കിയേക്കുമെന്ന് കരുതുന്ന ഒരു ഐപിഓയ്ക്ക് ആന്ത്രോപിക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
രാഷ്ട്രീയ സംഭാവനകൾക്ക് ഫണ്ട് ഉപയോഗിക്കില്ല
ഫണ്ടിന് കൈമാറുന്ന ഓഹരികളിൽ ഒന്നുപോലും യുഎസിലോ മറ്റ് രാജ്യങ്ങളിലോ ലോബിയിങ്ങിനോ രാഷ്ട്രീയ സംഭാവനകൾക്കോ ഉപയോഗിക്കില്ലെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ കമ്പനിയുടെ ഓഹരികളുടെ ഏകദേശം 20 ശതമാനവും പൊതുജനക്ഷേമത്തിനായി നീക്കിവെക്കുമെന്നും ആന്ത്രോപിക് പറയുന്നു.
തൊഴിലിൽ എഐ അസ്ഥിരത സൃഷ്ടിച്ചേക്കാം
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വലിയ സംഭാവനകൾ നൽകുന്നതിനോ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങൾക്ക് നേരിട്ട് സഹായം എത്തിക്കുന്നതോ ഈ ഫണ്ട് ഉപയോഗിച്ചേക്കാം. എഐ വ്യാപനം കാരണം തൊഴിൽ നഷ്ടപ്പെടുന്നതോ ജോലികൾ പുനഃക്രമീകരിക്കപ്പെടുന്നതോ അടക്കമുള്ളവയെക്കുറിച്ച് പഠിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങളെയും ഈ ഫണ്ട് പിന്തുണച്ചേക്കാം. ഈ ലക്ഷ്യങ്ങൾക്കായി ഇതിനകം 200 മില്യൺ (20 കോടി) ഡോളർ മാറ്റിവെച്ചിട്ടുണ്ടെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു.
എഐ വലിയ സാമ്പത്തിക മുന്നേറ്റം സൃഷ്ടിച്ചേക്കാം എന്നാൽ ഇത് പല തൊഴിലുകൾക്കും അസ്ഥിരതയും ഉണ്ടാക്കിയേക്കാം എന്ന് കമ്പനി തുറന്ന് സമ്മതിക്കുന്നു. വരും മാസങ്ങളിൽ ഫണ്ടിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
വിമർശനവുമായി മസ്‌ക്
ആന്ത്രോപിക്കിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും എഐ കമ്പനിയായ സ്‌പേസ് എക്‌സ് എഐ (മുമ്പ് എക്‌സ് എഐ) അടക്കമുള്ളവയുടെ ഉടമയുമായ ഇലോൺ മസ്‌ക് രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ ഓഹരികൾ നേരിട്ട് പൊതുജനങ്ങൾക്ക് നൽകാൻ ശുപാർശ ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരു ബോർഡ് നിയന്ത്രിക്കുന്ന ഫണ്ടിൽ ഓഹരികൾ നിക്ഷേപിക്കുന്നതിന് പകരം കമ്പനിയുടെ ഓഹരികൾ സാധാരണക്കാരുടെ കൈകളിൽ നേരിട്ട് എത്തിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. എഐ കമ്പനികൾ തങ്ങളുടെ വരുമാനം ജനങ്ങളുമായി പങ്കുവെക്കേണ്ട രീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വലിയ ചർച്ചയായേക്കും.
Content Highlights: Anthropic is launching the Anthropic Public Benefit Fund, initially committing 5% of its shares to societal good., The fund will scale as the company grows, potentially reaching a 20% total commitment for public benefit., The announcement precedes Anthropic's anticipated IPO, which could value the company at $2 trillion., Tech billionaire Elon Musk reacted by suggesting the shares should be given directly to the public instead of a managed fund.
Published: 19 Oct 2026, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented