ഒരു കുടുംബത്തിലെ ഭക്ഷണമേശയിൽ നടക്കുന്ന ഒരു തർക്കം സങ്കൽപ്പിക്കുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകൾക്ക് കണക്കിലെ ഗൃഹപാഠത്തിന് ചാറ്റ്ജിപിടി ഉപയോഗിക്കണം. അമ്മയ്ക്ക് അതിൽ അസ്വസ്ഥതയുണ്ട്: ഇത് കുറച്ചുകൂടി ചുറ്റിവളഞ്ഞ ഒരു കോപ്പിയടിയല്ലേ? ഒരു ട്യൂട്ടറുടെ സഹായം തേടുന്നതിൽ നിന്ന് ഇതിന് ഒരു വ്യത്യാസവുമില്ലെന്ന് മകൾ ഉറപ്പിച്ചു പറയുന്നു. ഇരുവരും പൂർണ്ണമായും ശരിയല്ല; പൂർണ്ണമായും തെറ്റുമല്ല. ഇതേ ചോദ്യം ശാസ്ത്രം ഇതിനകം പരിശോധിച്ചുകഴിഞ്ഞു; ആ ഉത്തരം തർക്കത്തിലെ ഇരുപക്ഷത്തേക്കാളും ഉപകാരപ്രദമാണ്.

To advertise here,

കേരളത്തിലെ ഓരോ കുടുംബവും ജോലി ചെയ്യുന്ന ഓരോ മുതിർന്നയാളും ചോദിക്കേണ്ട രണ്ടു ചോദ്യങ്ങൾ ഈ തർക്കത്തിലുണ്ട്: നമ്മുടെ കുട്ടികളുടെ പഠനരീതിയെ എഐ എങ്ങനെ മാറ്റും, നമ്മുടെ തൊഴിലിനെ അത് എന്തു ചെയ്യും? ഓരോന്നായി പരിശോധിക്കാം.

എല്ലാ ജോലികളും ഒരുപോലെയല്ല മാറുന്നത്

എന്റെ ജോലി അപകടത്തിലാണോ? സത്യസന്ധമായ ഉത്തരം നിങ്ങൾ ചെയ്യുന്ന ജോലിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഡേറ്റാ എൻട്രി, ടെലിമാർക്കറ്റിങ്, അടിസ്ഥാന കണക്കെഴുത്ത്, രേഖകൾ തരംതിരിക്കൽ തുടങ്ങി സ്ഥിരം നിയമങ്ങൾ പിന്തുടരുന്ന, ആവർത്തിച്ചുവരുന്ന പതിവു ജോലികളാണ് ഏറ്റവും വേഗത്തിൽ മാറുന്നത്; കാരണം എഐ ഏറ്റവും എളുപ്പത്തിൽ പഠിക്കുന്നത് ഇത്തരം മാതൃകകളാണ്. അഭിഭാഷകർ, അനലിസ്റ്റുകൾ, ഡിസൈനർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ എന്നിവരടങ്ങുന്ന രണ്ടാമത്തെ വിഭാഗത്തിന്റെ ജോലി ഇല്ലാതാകുകയല്ല, പുനർരൂപപ്പെടുകയാണ്. പതിവു ഭാഗം ചുരുങ്ങുന്നു, വിവേചനശേഷി ആവശ്യമുള്ള ഭാഗം വളരുന്നു. നഴ്‌സുമാർ, ഡോക്ടർമാർ, അധ്യാപകർ, തെറാപ്പിസ്റ്റുകൾ, വിദഗ്ഗ കൈത്തൊഴിലാളികൾ, മതപുരോഹിതർ എന്നിവരടങ്ങുന്ന മൂന്നാമത്തെ വിഭാഗത്തിലാണ് ഏറ്റവും കുറഞ്ഞ മാറ്റം; കാരണം ആ ജോലികൾ വിശ്വാസം, നേരിട്ടുള്ള സാന്നിധ്യം, മാനുഷിക ബന്ധങ്ങൾ എന്നിവയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

ഈ മാതൃക എല്ലാ മേഖലകളിലും ആവർത്തിക്കുന്നു. ആരോഗ്യരംഗത്ത്, സ്‌കാനുകളിലെ പ്രശ്‌നങ്ങൾ എഐ നിമിഷങ്ങൾക്കകം ചൂണ്ടിക്കാട്ടുമ്പോൾ ഡോക്ടർമാർ രോഗനിർണ്ണയത്തിലും രോഗീപരിചരണത്തിലും ശ്രദ്ധയൂന്നുന്നു. നിയമരംഗത്ത്, ദിവസങ്ങളെടുത്തിരുന്ന കരാർ പരിശോധന ഇപ്പോൾ മിനിറ്റുകൾ കൊണ്ട് കഴിയുന്നു. ജൂനിയർ അഭിഭാഷകർ തന്ത്രരൂപീകരണത്തിലേക്കും കോടതിയിലെ വാദത്തിലേക്കും നീങ്ങുന്നു. ധനകാര്യരംഗത്ത്, തട്ടിപ്പുകൾ നടക്കുന്ന നിമിഷം തന്നെ അൽഗോരിതങ്ങൾ കണ്ടെത്തുന്നു. അനലിസ്റ്റുകൾ ഡേറ്റ ശേഖരിക്കുന്നതിൽ നിന്ന് സാധ്യത വിലയിരുത്തുന്നതിലേക്ക് മാറുന്നു. പതിവു ജോലികൾ എഐ ഏറ്റെടുക്കുന്നു. വിവേചനം, വിശ്വാസം, കരുതൽ എന്നീ മാനുഷിക ഘടകങ്ങൾ നിലനിൽക്കുന്നു. അവയുടെ മൂല്യം കൂടുകയും ചെയ്യുന്നു.

ചരിത്രം നമ്മെ പഠിപ്പിക്കുന്നത്

ഇതിനു മുമ്പും നാം ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 1980കളിൽ എക്‌സൽ പോലുള്ള സ്‌പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയർ വന്നപ്പോൾ അക്കൗണ്ടന്റുമാരുടെ കാലം കഴിഞ്ഞെന്ന് പലരും ഭയന്നു. പകരം, ആ ജോലി കൈക്കണക്കിൽ നിന്ന് വിശകലനത്തിലേക്കു മാറി; ആ വിശകലനത്തിനുള്ള ആവശ്യം വർധിക്കുകയും ചെയ്തു. 1990കളിൽ ഫോട്ടോഷോപ്പ് വന്നപ്പോൾ ഗ്രാഫിക് ഡിസൈൻ എന്ന തൊഴിൽ ഇല്ലാതാകുമെന്ന് പലരും പ്രവചിച്ചു; പകരം ഡിസൈൻ മേഖല കുതിച്ചുയർന്നു. മെഡിക്കൽ സ്‌കാനുകൾ പരിശോധിക്കാൻ ഇപ്പോൾ എഐ ഉപയോഗിക്കുന്ന റേഡിയോളജി രംഗത്ത് പോലും അമേരിക്കയിൽ റേഡിയോളജിസ്റ്റുകൾക്കുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്; കാരണം, സാധാരണഗതിയിൽ മനുഷ്യർക്ക് ശ്രദ്ധയിൽപ്പെടാത്ത അതിസൂക്ഷ്മമായ കാര്യങ്ങൾ കണ്ടെത്താൻ എഐ-ക്ക് കഴിയുമെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് യോഗ്യതയുള്ള ഒരു ഡോക്ടർ തന്നെയാണ്.

ഇത് പ്രതീക്ഷ നൽകുന്നതാണ്; പക്ഷേ ഉറപ്പല്ല. ഇത്തവണ തുടക്കക്കാരുടെ തസ്തികകളും പതിവു ജോലികളും യഥാർത്ഥ ഭീഷണി നേരിടുന്നു; സോഫ്റ്റ്‌വെയർ മുതൽ കസ്റ്റമർ സർവീസ് വരെയുള്ള മേഖലകളിലെ പുതിയ ബിരുദധാരികൾ ഇതിനകം ആ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ചരിത്രം നമുക്ക് പ്രതീക്ഷയ്ക്കുള്ള കാരണം നൽകുന്നു; പ്രതിരോധശേഷി നൽകുന്നില്ല. യന്ത്രത്തിന് കഴിയാത്ത വിവേചനശേഷി ഒരു മനുഷ്യൻ തന്നെ പ്രയോഗിക്കേണ്ട ജോലികളാണ് നിലനിൽക്കാനും വളരാനും ഏറ്റവും സാധ്യതയുള്ളത്.

അത്താഴമേശയിലെ തർക്കത്തിന് ശാസ്ത്രത്തിന്റെ തീർപ്പ്

സ്വതന്ത്രമായി നടത്തിയ രണ്ടു പഠനങ്ങൾ ഇതേ ചോദ്യം പരിശോധിച്ചു. ഹാർവാർഡിൽ, ഭൗതികശാസ്ത്ര വിദ്യാർത്ഥികൾ ചില പാഠങ്ങൾ ഏറ്റവും മികച്ച അധ്യാപന രീതികളിലൊന്നായ, വിദഗ്ഗമായി രൂപകൽപ്പന ചെയ്ത 'ആക്ടീവ് ലേണിങ്' ക്ലാസ് മുറിയിലും, മറ്റു ചിലത് വീട്ടിലിരുന്ന് പ്രത്യേകം തയ്യാറാക്കിയ ഒരു എഐ ട്യൂട്ടറിന്റെ സഹായത്തോടെയും പഠിച്ചു. ഉത്തരങ്ങൾ നേരിട്ട് നൽകുന്നതിനു പകരം ചെറിയ ചുവടുകളായി വിദ്യാർത്ഥികളെ നയിക്കുന്ന വിധത്തിലാണ് ആ ട്യൂട്ടർ നിർമ്മിച്ചിരുന്നത്. എഐ ട്യൂട്ടറിനൊപ്പം പഠിച്ചപ്പോൾ വിദ്യാർത്ഥികൾ കുറഞ്ഞ സമയം കൊണ്ട് ഇരട്ടിയിലേറെ പഠിച്ചു; പഠനത്തിൽ കൂടുതൽ താൽപ്പര്യവും കാണിച്ചു.

അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ വാർട്ടൺ സ്‌കൂളിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന, കൂടുതൽ വിപുലമായ ഒരു പഠനം തുർക്കിയിലെ യഥാർത്ഥ ഗണിത ക്ലാസുകളിൽ ആയിരത്തോളം ഹൈസ്‌കൂൾ വിദ്യാർത്ഥികളെ നിരീക്ഷിച്ചു. ഒരു സംഘത്തിന് എഐ ഉണ്ടായിരുന്നില്ല; രണ്ടാമത്തെ സംഘത്തിന് സാധാരണ ചാറ്റ്‌ബോട്ട്; മൂന്നാമത്തെ സംഘത്തിന് ഉത്തരം നൽകാതെ സൂചനകൾ മാത്രം നൽകുന്ന എഐ ട്യൂട്ടർ. പരിശീലനവേളയിൽ ചാറ്റ്‌ബോട്ട് സംഘം 48 ശതമാനം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു; ട്യൂട്ടർ സംഘം അമ്പരപ്പിക്കുന്ന 127 ശതമാനം. എന്നാൽ എഐ പിൻവലിച്ച് പരീക്ഷ നടത്തിയപ്പോൾ, ചാറ്റ്‌ബോട്ട് ഉപയോഗിച്ചവർ ഉപയോഗിക്കാത്തവരേക്കാൾ 17 ശതമാനം കുറവ് മാർക്ക് നേടി. ട്യൂട്ടർ സംഘം എഐ ഇല്ലാത്തവരുടേതിന് ഏതാണ്ട് തുല്യമായ മാർക്ക് നേടി; മോശമായില്ല, എന്നാൽ മെച്ചപ്പെട്ടതുമില്ല.

പാഠം സുവ്യക്തമാണ്. വിദ്യാർത്ഥി എഐ ഉപയോഗിക്കുന്നുണ്ടോ എന്നതല്ല, എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. ഉത്തരത്തിനു പകരം സൂചന നൽകുന്ന എഐ ട്യൂട്ടർ ഗ്രാഹ്യം വളർത്തുന്നു. ഉത്തരങ്ങൾ വെറുതെ കൈമാറുന്ന വെറും ചാറ്റ്‌ബോട്ടുകൾ പുരോഗതിയുടെ ഒരു മിഥ്യാധാരണ സൃഷ്ടിക്കുകയും, വളർത്തിയെടുക്കേണ്ട കഴിവിനെ നിശ്ശബ്ദമായി പൊള്ളയാക്കുകയും ചെയ്യുന്നു. എഐ ട്യൂഷൻ ഫലിക്കുമെന്ന മകളുടെ വാദം ശരിയായിരുന്നു. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള അമ്മയുടെ ആശങ്കയും ശരിയായിരുന്നു.

എഐയുടെ ശക്തി അവസാനിക്കുന്നിടം

ഗ്രാഹ്യത്തെ നാലു പടികളുള്ള ഒരു ഏണിയായി സങ്കൽപ്പിക്കുക. ഏറ്റവും താഴെ ഡേറ്റ: 8, 7, 15, 37 പോലുള്ള വെറും സംഖ്യകൾ. അടുത്തത് വിവരം: അതേ സംഖ്യകൾ സന്ദർഭത്തോടെ, ഉദാഹരണത്തിന് നാലു വിദ്യാർത്ഥികളുടെ മാർക്കുകളായി കരുതുക. പിന്നെ അറിവ്: 30ൽ കൂടുതൽ മാർക്ക് നേടിയവർ മാത്രമേ ജയിക്കൂ എന്ന തിരിച്ചറിവ്. ഏറ്റവും മുകളിൽ വിവേകം: വിവേചനം, മൂല്യങ്ങൾ, അർത്ഥം. ഒരു ജോലിക്കോ ഉപരിപഠനത്തിനോ യോഗ്യത നേടാൻ എത്ര മാർക്ക് വേണമെന്ന് ആദ്യം തീരുമാനിക്കുന്ന വിദഗ്ദ സമിതിയെപ്പോലെ.

എഐ ആദ്യത്തെ മൂന്നു പടികളിലും അസാധാരണമാംവിധം മികച്ചതാണ്. സമുദ്രം പോലെ വിശാലമായ ഡേറ്റ കൈകാര്യം ചെയ്യാനും, ഏതൊരു മനുഷ്യ സംഘത്തേക്കാളും വേഗത്തിൽ അതിൽ നിന്ന് അറിവ് വേർതിരിച്ചെടുക്കാനും അതിനു കഴിയും. എന്നാൽ വിവേകം, അതായത് എന്തു ചെയ്യാൻ കഴിയും എന്നു മാത്രമല്ല, എന്തു ചെയ്യണം എന്നറിയാനുള്ള കഴിവ്, വ്യക്തമായും മനുഷ്യന്റേതു മാത്രമായി തുടരുന്നു. കഴിഞ്ഞ ലേഖനത്തിലെ മഞ്ഞിലെ ചെന്നായയുടെ കഥ കാണിച്ചതുപോലെ, എഐ നമ്മുടെ മുൻവിധികൾ നിശ്ശബ്ദമായി സ്വാംശീകരിക്കുന്നത് അതുകൊണ്ടാണ്. നിയന്ത്രണ നിയമങ്ങൾ സാങ്കേതികവിദ്യയ്ക്കു പിന്നിൽ ഇഴഞ്ഞുനീങ്ങുന്നതും അതുകൊണ്ടാണ്. ചില സാഹചര്യങ്ങളിൽ, തങ്ങൾ പരീക്ഷിക്കപ്പെടുകയാണെന്ന് സംശയിക്കുമ്പോൾ ചില എഐ മോഡലുകൾ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരങ്ങൾ നൽകാമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയതും അതുകൊണ്ടാണ്; ശാസ്ത്രജ്ഞർ ഇപ്പോഴും പരിഹാരം തേടുന്ന ഗുരുതരമായ ഒരു വിശ്വാസപ്രശ്‌നമാണത്.

നാളെ മുതൽ നിങ്ങൾ ചെയ്യേണ്ടത്

ഇതൊന്നും പരിഭ്രാന്തിക്കോ അന്ധമായ ആവേശത്തിനോ ഉള്ള കാരണമല്ല. നിങ്ങൾക്കുവേണ്ടി ചിന്തിക്കാനല്ല, നിങ്ങളോടൊപ്പം ചിന്തിക്കാൻ എഐയോട് ആവശ്യപ്പെടുക: ഒരു ആശയം പരീക്ഷിക്കാനോ ഒരു തുടക്കരൂപം തയ്യാറാക്കാനോ അത് ഉപയോഗിക്കുക; നിങ്ങളുടെ ചിന്തയ്ക്കു പകരമായല്ല. പ്രധാനപ്പെട്ട എന്തും സ്ഥിരീകരിക്കുക; പൂർണ്ണമായും തെറ്റായിരിക്കുമ്പോഴും എഐ പൂർണ്ണ ആത്മവിശ്വാസത്തോടെ സംസാരിച്ചേക്കാം. നിങ്ങൾ ഒരു രക്ഷിതാവാണെങ്കിൽ, സൗകര്യത്തിനുവേണ്ടി കുട്ടിയുടെ വളർച്ച ബലികഴിക്കരുത്; ഉത്തരങ്ങൾ വെറുതെ നൽകുന്ന ഒരു ചാറ്റ്‌ബോട്ട് വിലപ്പെട്ട ഒന്നിനെ നിശ്ശബ്ദമായി കവർന്നെടുക്കുന്നുണ്ട്. നിങ്ങളുടെ ജോലിയുടെ എത്ര ഭാഗം പതിവു ജോലിയാണെന്നും, എത്ര ഭാഗം നിങ്ങളുടെ വിവേചനശേഷിയെയും സാന്നിധ്യത്തെയും ബന്ധങ്ങളെയും ആശ്രയിക്കുന്നുവെന്നും സത്യസന്ധമായി സ്വയം ചോദിക്കുക. ഏതൊരു പ്രവചനത്തേക്കാളും ആ ഉത്തരമായിരിക്കും ഈ ദശകം നിങ്ങളുടെ തൊഴിൽജീവിതത്തോട് എങ്ങനെ പെരുമാറുമെന്ന് നിർണ്ണയിക്കുക.

എഐ വരുമോ എന്നതായിരുന്നില്ല ഒരിക്കലും ചോദ്യം; അത് ഇതിനകം ഇവിടെയുണ്ട്. മൂർച്ചകൂട്ടിയ വിവേചനശേഷിയോടെയാണോ, അതോ ആ ശേഷി യന്ത്രത്തെ ഏൽപ്പിച്ചിട്ടാണോ നാം അതിനെ നേരിടുന്നത് എന്നതാണ് യഥാർത്ഥ ചോദ്യം. എഐ ഒരുപാട് അറിവ് സ്വന്തമാക്കിയേക്കാം. പക്ഷേ വിവേകം, ഇപ്പോഴെങ്കിലും, നമ്മുടേതു മാത്രമായി കാത്തുസൂക്ഷിക്കാനുള്ളതാണ്.

തുടരും

 

(യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്‌ളോറിഡ, യുഎസ്എയിലെ നാനോടെക്‌നോളജി, മെറ്റീരിയൽസ്, ഫോട്ടോണിക്‌സ് പ്രൊഫസറാണ് ലേഖകൻ)

ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാം