വ്യക്തിപരമായ വിഷയങ്ങളിൽ നിർമിത ബുദ്ധിയോട് (AI) അഭിപ്രായടേടുന്നവരോ, വിവരങ്ങൾ തിരയുന്നവരോ ആണോ നിങ്ങൾ? സ്വകാര്യവിഷയങ്ങൾ സംസാരിക്കുന്ന ചാറ്റുകൾക്ക് സ്വകാര്യത ഉറപ്പുവരുത്താനായി ചാറ്റ്ജിപിടി പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. അതീവ രഹസ്യസ്വഭാവമുള്ള ചാറ്റുകൾ പിൻ (PIN), ഫേസ് ഐഡി (Face ID), അല്ലെങ്കിൽ ടച്ച് ഐഡി (Touch ID) എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ ചാറ്റ്ജിപിടി അവതരിപ്പിച്ചിരിക്കുന്നത്.

To advertise here,

ചാറ്റുകൾ ലോക്ക് ചെയ്താൽ അവ പ്രധാന ഹിസ്റ്ററിയിലോ സെർച്ചിലോ കാണാൻ കഴിയില്ല. പകരം, അവ ഒരു പ്രത്യേക 'Locked Chats' ഫോൾഡറിലേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കും. ലോക്ക് ചെയ്ത പ്രൈവറ്റ് ചാറ്റുകൾക്ക് വെവ്വേറെ മെമ്മറി സൗകര്യം ഉള്ളതിനാൽ, അവയിലെ വിവരങ്ങൾ നിങ്ങളുടെ സാധാരണ ചാറ്റുകളുമായി കലരില്ല.

അതായത് നിങ്ങളുടെ ലോക്ക് ചെയ്ത ചാറ്റിലെ വിവരങ്ങൾ ഓർത്തെടുത്ത് നിങ്ങളുടെ മറ്റ് ചാറ്റുകളിൽ കാണിക്കുകയോ പറയുകയോ ഇല്ല. എന്നാൽ ചാറ്റുകൾ ലോക്ക് ചെയ്യുന്നതിന് മുമ്പുള്ള വിവരങ്ങൾ ലോക്ക് ചെയ്യുമ്പോൾ നീക്കം ചെയ്യപ്പെടില്ല. അത് ചാറ്റ്ജിപിടിയുടെ ഓർമയിൽ ഉണ്ടാകും. അതിനാൽ സ്വകാര്യ ചാറ്റുകൾ ആരംഭിക്കുമ്പോൾ തന്നെ അത് ലോക്ക് ചെയ്തുവെക്കാൻ ഓർക്കണം.

പിൻ നമ്പർ മറക്കരുത്

ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ നൽകുന്ന PIN വളരെ പ്രധാനമാണ്. ഒരുപക്ഷേ നിങ്ങൾ അത് മറന്നുപോയി PIN റീസെറ്റ് ചെയ്യുകയാണെങ്കിൽ, ലോക്ക് ചെയ്ത എല്ലാ ചാറ്റുകളും അതിലെ വിവരങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് തിരിച്ചെടുക്കാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.

എല്ലാ ചാറ്റുകളും ലോക്ക് ചെയ്യാനാവില്ല

ടെമ്പററി ചാറ്റുകൾ, ആർക്കൈവ് ചെയ്തവ, ഗ്രൂപ്പ് ചാറ്റുകൾ, ഷെയർ ചെയ്ത ലിങ്കുകൾ വഴിയുള്ള ചാറ്റുകൾ, കൂടാതെ മീറ്റിംഗ് റെക്കോർഡിംഗുകൾ തുടങ്ങിയവ ഈ രീതിയിൽ ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല. ChatGPT-യുടെ ഹെൽത്ത് കെയർ പ്ലാൻ ഒഴികെ മിക്ക പ്ലാനുകളിലും ഈ സൗകര്യം ഇപ്പോൾ ലഭ്യമാണ്.