മുംബൈ: പരിശീലകരോടായാലും ടീം അംഗങ്ങളോടായാലും എപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. ഇന്ത്യന്‍ പരിശീലകനായിരിക്കുന്ന സമയത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേര്‍സ്റ്റണും ധോനിയും തമ്മിലുള്ള അടുപ്പം ടീമിന് ഏറെ ഗുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

To advertise here,

ഇപ്പോഴിതാ 2011 ലോകകപ്പിനു മുമ്പ് ധോനിയുമൊത്തുള്ള മറക്കാനാകാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കേര്‍സ്റ്റണ്‍. ധോണിയുടെ വിശ്വസ്തതയുടെയും സ്‌നേഹത്തിന്റെയും തെൡവായി ഈ സംഭവത്തെ കേര്‍സ്റ്റണ്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഒരു യൂട്യൂബ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

2011 ലോകകപ്പിനു മുന്‍പ് ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബെംഗളൂരുവിലുള്ള ഒരു എയര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാനായി ഒരു ടീം ട്രിപ്പിന്‍ ക്ഷണം ലഭിക്കുകയുണ്ടായി. ടീം ഇന്ത്യയ്‌ക്കൊപ്പം കേര്‍സ്റ്റണും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം മൂന്ന് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളുണ്ടായിരുന്നു. ഇതോടെ സുരക്ഷാ മാനദണ്ഡം മുന്‍നിര്‍ത്തി ഇവര്‍ക്ക് അനുമതി നിഷേധിച്ചു. 

ഇക്കാര്യത്തില്‍ ധോനി ഇടപെട്ടതിനെ കുറിച്ച് കേര്‍സ്റ്റണ്‍ പറയുന്നത് ഇങ്ങനെ: ''ഇത് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മതിപ്പ് തോന്നിയ വ്യക്തികളില്‍ ഒരാളാണ് ധോനി. ജനങ്ങളുടെ നേതാവാണ് അദ്ദേഹം. ഒരു ലീഡര്‍ എന്ന നിലയിലുള്ള ധോനിയുടെ സാന്നിധ്യം അപാരമാണ്. വിശ്വസ്തനും കൂടിയാണ്. അതാണ് ഏറ്റവും പ്രധാനം. ലോകകപ്പിനു (2011) മുമ്പ് ഞങ്ങള്‍ ബാംഗ്ലൂരിലായിരുന്ന സമയം. അവിടത്തെ ഒരു എയര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പോയ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല. അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ ഞാനും സപ്പോര്‍ട്ട് സ്റ്റാഫിലെ രണ്ട് അംഗങ്ങളുമുള്‍പ്പെയുള്ള വിദേശികളുണ്ടായിരുന്നു. സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന അന്ന് രാവിലെ എല്ലാവരും പോകാനായി തയ്യാറെടുക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ദക്ഷിണാഫ്രിക്കക്കാരായ എനിക്കും പാഡി അപ്ടണും എറിക് സിമ്മണ്‍സിനും സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന അറിയിപ്പ് വന്നു. അതോടെ എം.എസ് (ധോനി) ആ പരിപാടി മുഴുവന്‍ റദ്ദാക്കി. ഇവരെല്ലാം എന്റെ ആളുകളാണ്. ഇവരെ പ്രവേശിപ്പിക്കില്ലെങ്കില്‍ ഞങ്ങളാരും വരുന്നില്ല എന്നായിരുന്നു ധോനി അന്ന് പറഞ്ഞത്.'' - കേര്‍സ്റ്റണ്‍ ഓര്‍ക്കുന്നു. 

തന്നോട് ഏറ്റവും വിശ്വസ്തതയോടെ പെരുമാറിയ ക്യാപ്റ്റനാണ് ധോനിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2007 ഡിസംബറിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി കേര്‍സ്റ്റണ്‍ ചുമതലയേല്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം ചൂടി ഏതാനും നാളുകള്‍ക്കു ശേഷമായിരുന്നു അത്. കേര്‍സ്റ്റന്റെ കാലത്ത് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീം 2011-ല്‍ ഏകദിന ലോകകപ്പും സ്വന്തമാക്കി.

ധോനിയുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വളരെയധികം സഹായകരമായിരുന്നുവെന്നും കേര്‍സ്റ്റണ്‍ പറഞ്ഞു.

Content Highlights: MS Dhoni cancelled team trip after Gary Kirsten was denied entry