മുംബൈ: കളിക്കാരുടെ തുടർച്ചയായ പരിക്കുകൾ കാരണം ഇന്ത്യൻ ടീം ഫിസിയോ കമലേഷ് ജെയിന്റെ സ്ഥാനം നഷ്ടമായി. ശ്രീലങ്ക പര്യടനത്തിന് പിന്നാലെ കമലേഷുമായുള്ള കരാർ അവസാനിപ്പിച്ചുവെന്നും നിലവിൽ അദ്ദേഹം നോട്ടീസ് പിരീഡിലാണെന്നും ഒഴിവ് വരുന്ന സ്ഥാനത്തേക്ക് ഉടൻ നിയമനമുണ്ടാകുമെന്നും ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.

To advertise here,

ഒട്ടേറെ ഇന്ത്യൻ താരങ്ങൾക്ക് തുടർച്ചയായി പരിക്കേൽക്കുകയും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്തതോടെയാണ് കമലേഷിനെതിരെ ബിസിസിഐ നടപടിയിലേക്ക് നീങ്ങിയത്. നിതിൻ പട്ടേലിന് പകരമായി 2022-ലാണ് കമലേഷ് ടീമിന്റെ പ്രധാന ഫിസിയോയായി ചുമതലയേറ്റത്.

താരങ്ങൾക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിനെക്കുറിച്ചും ഫിറ്റ്നസ് നിലവാരമില്ലാതായതിനെ കുറിച്ചും ബിസിസിഐയും ടീം മാനേജ്മെന്റും കമലേഷ് ജെയിനോട് മുമ്പ് വിശദീകരണം തേടിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങൾക്ക് നിരന്തരം പേശിവലിവ് ഉണ്ടായതിനെക്കുറിച്ചും മറ്റ് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായതിനെക്കുറിച്ചും ആശങ്കകൾ ഉയർന്നിരുന്നു.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തുടർച്ചയായി ഒട്ടേറെ ഇന്ത്യൻ താരങ്ങൾക്കാണ് പരിക്കേറ്റത്. ഇടത് തുടയെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് നിതീഷ് കുമാർ റെഡ്ഡി ടീമിൽ നിന്ന് പുറത്തായിരുന്നു. അതേസമയം ദീർഘകാലമായുള്ള പരിക്കിൽ നിന്ന് മോചിതനായി മടങ്ങിയെത്തിയ ഹർഷിത് റാണയ്ക്കും കളിക്കാനായില്ല. ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസും വലിയ ആശങ്കയുയർത്തിയിരുന്നു. പരമ്പരയ്ക്ക് മുൻപ് സായ് സുദർശൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കും ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.