ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗറിന്‍റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അവിശ്വസനീയമായ രീതിയിൽ പിറകോട്ട് തലകീഴായ് മറിഞ്ഞ് പന്ത് ക്യാച്ച് ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിലാണിതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണത്തിൽ പറയുന്നത്. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വ്യാപകമായ് പങ്കുവയ്ക്കപ്പെട്ടതായി കണ്ടു. പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ ഹർമൻ പ്രീത് കൗർ ഇങ്ങനെ ഒരു ക്യാച്ച് എടുത്തിരുന്നെങ്കിൽ സ്വാഭാവികമായും അത് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തേനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല.

വൈറൽ വീഡിയോയിലെ അസാധ്യ കാച്ച് വീഡിയോ വിശദമായി പരിശോധിച്ചു. സൂക്ഷമായി നിരീക്ഷിച്ചതിൽനിന്നും ഇതിൽ ഒട്ടേറെ അപാകതകൾ ഉള്ളതായി കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് ജേർസിയുടെ വലതുവശത്ത് അഡിഡാസിന്‍റെ ലോഗോയും ഇടതുവശത്ത് ബി.സി.സി.ഐയുടെ (BCCI) ചിഹ്നവുമാണ് ഉണ്ടാകാറ്. എന്നാൽ വീഡിയോയിൽ ഹർമൻ ധരിച്ചിരിക്കുന്ന ജേഴ്‌സിയിൽ ഇരുവശത്തും ബി.സി.സി.ഐയുടെ ചിഹ്നങ്ങളാണ് ഉള്ളത്. മാത്രമല്ല, ക്യാച്ചിനായി പിറകിലേക്ക് മറിഞ്ഞ അവർ അസ്വാഭാവിക തരത്തിൽ വായുവിൽ തലകീഴായി നിൽക്കുന്നതായും കാണം. ഇത്തരത്തിൽ ഒരു ബാക്ക് ഫ്ലിപ്പ് നടത്തുകയെന്നത് അസാധ്യമാണ്. കൂടാതെ, ബാറ്റ്സ്മാൻ‌ അടിച്ച് പറത്തിയ ബോൾ ഇടയ്ക്ക് വെച്ച് വായുവിൽ അപ്രത്യക്ഷവുകയും തൊട്ടടുത്ത നിമിഷം പ്രത്യക്ഷമാകുന്നുമുണ്ട്. സാധാരണ എഐ വീഡിയോകളിലാണ് ഇങ്ങനെയുള്ള അപാകതകൾ കാണാറ്. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വൈറൽ ദൃശ്യങ്ങൾ പരിശോധിച്ചു. വീഡിയോ 81 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

 

ഇത് കൂടാതെ ക്രിക്കറ്റ് താരങ്ങൾ സമാനരീതിയിൽ ബാക്ക്ഫ്ലിപ്പ് ചെയ്ത് പന്ത് ക്യാച്ച് ചെയ്യുന്ന വേറെയും വീഡിയോകൾ ഇൻറർനെറ്റിൽ ലഭ്യമാണ്. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇതിൽനിന്നു സ്ഥിരീകരിക്കാം.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്, പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം.