
ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ മെഡൽപ്രതീക്ഷയായിരുന്ന നീരജ് ചോപ്ര പരിക്കേറ്റ് പുറത്തായതിനുപിന്നാലെ വനിതാ ജാവലിൻ ത്രോ താരം അന്നു റാണിയും ഏഷ്യൻ ഗെയിംസ് സംഘത്തിൽനിന്നു പുറത്ത്. 2022-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവാണ് അന്നുറാണി. ഇതോടെ വനിതാ ജാവലിനിൽ മത്സരിക്കാൻ ഇന്ത്യയ്ക്ക് ആളില്ല.
ഇതിനുപുറമേ, ഷാനവാസ് ഖാൻ(ലോങ്ജംപ്), നിത്യാ ഗാന്ധേ (4x100 മീറ്റർ റിലേ) എന്നിവരെയും സംഘത്തിൽനിന്ന് ഒഴിവാക്കി. ഇതോടെ, അത്‌ലറ്റിക്സ് സംഘം 77-ൽനിന്ന് 74 ആയി. ഏഷ്യൻ ഗെയിംസ് സംഘത്തിൽ ഉൾപ്പെട്ടവരെ ഉദ്ദേശിച്ച് വ്യാഴാഴ്ച ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ് മത്സരങ്ങൾ നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഓൺലൈനായി ചേർന്ന യോഗത്തിനുശേഷമായിരുന്നു താരങ്ങളുടെ ഒഴിവാക്കൽ. അത്‌ലറ്റിക്സ് ഫെഡറേഷൻ നിശ്ചയിച്ച യോഗ്യതാ മാർക്ക് (57.62 മീറ്റർ) മറികടക്കാൻ അന്നുറാണിക്കു കഴിഞ്ഞില്ലെന്നാണ് ഒഴിവാക്കലിനുള്ള വിശദീകരണം. മറ്റു രണ്ടുപേരെ പരിക്കിന്റെ പേരിലാണ് ഒഴിവാക്കിയത്.
ഒഴിവാക്കൽ, ആത്മഹത്യാ ഭീഷണി
ഏഷ്യൻ ഗെയിംസ് സംഘത്തിൽനിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി ടീനേജ് താരം ദിവ്യാൻഷി ചൗധരി. വുഷു താരമായ ദിവ്യാൻഷി(18) 60 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കാനിരുന്നത്. തന്നെ മോശംരീതിയിൽ ടീമിൽനിന്നു പുറത്താക്കിയെന്നാണ് ദിവ്യാൻഷിയുടെ ആരോപണം.
പട്യാലയിലെ ടീം ക്യാമ്പിന്റെ ടെറസിൽനിന്നെടുത്ത വീഡിയോ ദിവ്യാൻഷി സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഒൻപതു മിനിറ്റുള്ള വീഡിയോയിൽ കരഞ്ഞുകൊണ്ടാണ് ദിവ്യാൻഷി ആരോപണമുന്നയിക്കുന്നത്. മാസങ്ങളോളം തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഇനി ജീവിച്ചിരിക്കുന്നതിൽ അർഥമില്ലെന്നും വീഡിയോയിൽ പറയുന്നു.
2022-ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ, അർജുന അവാർഡ് ജേതാവായ റോഷിബിന ദേവിയെയാണ് ദിവ്യാൻഷിക്കു പകരമായി ടീമിൽ ഉൾപ്പെടുത്തിയത്. സെലക്ഷൻ ട്രയൽസിൽ ദിവ്യാൻഷി റോഷിബിനയെ പരാജയപ്പെടുത്തിയിരുന്നു. ക്യാമ്പിൽ വെച്ച് റോഷിബിന തന്റെ ചുമലിന് പരിക്കേൽപ്പിച്ചതായും ദിവ്യാൻഷി വീഡിയോയിൽ ആരോപിക്കുന്നു.
പരിക്കുള്ളതിനാലാണ് ദിവ്യാൻഷിയെ ടീമിൽനിന്ന് ഒഴിവാക്കിയതെന്നാണ് വുഷു ഫെഡറേഷന്റെ വിശദീകരണം. ക്യാമ്പിലെ മെഡിക്കൽ പരിശോധനയിൽ ദിവ്യാൻഷിയുടെ കാൽമുട്ടിനേറ്റ പരിക്ക് കണ്ടെത്തിയെന്നും ദിവ്യാൻഷിക്ക് പൂർണതോതിൽ പരിശീലനം നടത്താനാകുന്നില്ലെന്നും ഫെഡറേഷൻ പറയുന്നു. എന്നാൽ, ടീമിൽനിന്ന് ഒഴിവാക്കാൻ മാത്രമുള്ള പരിക്ക് ദിവ്യാൻഷിക്കില്ലെന്നാണ് പരിശീലകൻ അശോക് ഗൗതം പറയുന്നത്.
Content Highlights: Wushu teenager Divyanshi Choudhary posted a video after being excluded from the squad
Published: 13 Sept 2026, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented