ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ അത്​ലറ്റിക്‌സ് സീരീസ് ഫൈനലിൽ വനിതകളുടെ 100 മീറ്ററിൽ വിജയിച്ച്, ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായി മഹാരാഷ്ട്രയിൽ നിന്നുള്ള 23-കാരി ഹരിത ഭദ്ര. 11.22 സെക്കൻഡിലായിരുന്നു താരത്തിന്റെ ഫിനിഷ്. 2021-ൽ ദ്യുതി ചന്ദ് സ്ഥാപിച്ച ദേശീയ റെക്കോഡ് നേരിയ വ്യത്യാസത്തിലാണ് (0.05 സെക്കൻഡ്) ഹരിതയ്ക്ക് നഷ്ടമായത്. ഓഗസ്റ്റിൽ ഭുവനേശ്വറിൽ നടന്ന വേൾഡ് അത്​ലറ്റിക്‌സ് സിൽവർ ലെവൽ കോണ്ടിനെന്റൽ ടൂർ മീറ്റിൽ കുറിച്ച 11.46 സെക്കൻഡായിരുന്നു ഹരിതയുടെ ഇതുവരെയുള്ള മികച്ച വ്യക്തിഗത പ്രകടനം.

To advertise here,

ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ആദ്യം ഹരിതയെ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് ടീമിലെടുക്കുകയായിരുന്നു. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലാണ് ഹരിത മത്സരിക്കുന്നത്.

അതേസമയം പുരുഷ-വനിതാ ഹാമർ ത്രോ മത്സരങ്ങളിൽ പുതിയ ദേശീയ റെക്കോഡുകൾ പിറന്നു. ആകെ 65 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് ഈ ടൂർണമെന്റിൽ അത്​ലറ്റുകൾക്കായി വിതരണം ചെയ്തത്. പുരുഷ വിഭാഗം ഹാമർ ത്രോയിൽ ഡൽഹിയുടെ നിർഭയ് ചൗധരി 71.02 മീറ്റർ ദൂരത്തേക്ക് ഹാമർ എറിഞ്ഞ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. 2016-ൽ നീരജ് കുമാർ സ്ഥാപിച്ച 70.73 മീറ്ററിന്റെ റെക്കോഡാണ് നിർഭയ് മറികടന്നത്. വനിതാ വിഭാഗത്തിൽ ഉത്തർപ്രദേശിന്റെ താന്യ ചൗധരി 68.35 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തി. 2017-ൽ സരിത സിങ് കുറിച്ച 65.25 മീറ്ററിന്റെ റെക്കോഡാണ് താന്യ മറികടന്നത്.

ഒഡിഷയുടെ അനിമേഷ് കുജൂർ പുരുഷന്മാരുടെ സ്പ്രിന്റ് ഇനങ്ങളായ 100 മീറ്ററിലും (10.21 സെക്കൻഡ്) 200 മീറ്ററിലും (20.59 സെക്കൻഡ്) ഇരട്ട സ്വർണം നേടി.

കേരളത്തിന്റെ അത്​ലറ്റുകൾ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവെച്ചത്. വനിതകളുടെ ലോങ് ജമ്പിൽ 6.76 മീറ്റർ ചാടി അൻസി സോജൻ സ്വർണം നേടി. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ 16.43 മീറ്റർ ദൂരത്തോടെ കാർത്തിക് ഉണ്ണികൃഷ്ണൻ സ്വർണം കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററിൽ 1:46.40 മിനിറ്റിൽ ഫിനിഷ് ചെയ്ത് മുഹമ്മദ് അഫ്‌സൽ സ്വർണം നേടി.