ന്യൂഡൽഹി: ഓപ്പണിങ് ആരെ ഇറക്കും. മൂന്നാം പേസർ വേണോ അതേ സ്പിന്നർ മതിയോ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ മൂന്നാം നമ്പറിൽ ഇറങ്ങണോ?... അഫ്ഗാനിസ്താനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിന് പലപല ആശയക്കുഴപ്പമാണ്. ഞായറാഴ്ച രാത്രി 7.30-നാണ് മത്സരം.

To advertise here,

അഭിഷേക് ശർമ, മലയാളിതാരം സഞ്ജു സാംസൺ, കൗമാരവിസ്മയം വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ എന്നിവരാണ് ടീമിലെ ഓപ്പണർമാർ. സിംബാബ് വെക്കെതിരായ പരമ്പരയിൽ അഭിഷേക് ശർമയും സൂര്യവംശിയുമാണ് ഓപ്പൺ ചെയ്തത്. സഞ്ജു സാംസൺ ടീമിലുണ്ടായിരുന്നില്ല. പരമ്പരയിൽ മിന്നും പ്രകടനവുമായി 15-കാരൻ സൂര്യവംശി താരമായി. എന്നാൽ, അഭിഷേക് മോശം ഫോമിലായിരുന്നു. അഫ്ഗാനെതിരേ ആദ്യമത്സരത്തിൽ ഓപ്പണർമാരുടെ കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയിലാണ്. അഭിഷേക്- സൂര്യവംശി സഖ്യം തുടരുമോ അതോ സഞ്ജുവിന് അവസരം ലഭിക്കുമോയെന്നതാണ് വലിയ ചർച്ച. ഓപ്പണർമാരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടേറിയതാണെന്നും ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. ഓപ്പണിങ്ങിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ബാറ്ററോട് താനും കോച്ച് ഗൗതം ഗംഭീറും സംസാരിക്കുമെന്നും അയ്യർ വ്യക്തമാക്കി.

ഇഷാൻ കിഷനെ മൂന്നാം നമ്പറിൽ ഇറക്കുമ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാം നമ്പറിലേക്ക് മാറേണ്ടിവരും. നെറ്റ്‌സിൽ പരിശീലനത്തിനിടെ ഇഷാന്‌ പരിക്കേറ്റത്‌ ടീമിന്‌ ആശങ്കയായിട്ടുണ്ട്‌. ഐ.പി.എൽ. പഞ്ചാബ് കിങ്‌സിനായി മൂന്നാം നമ്പറിലാണ് ശ്രേയസ് ഇറങ്ങാറുള്ളത്. ബൗളർമാരിൽ പേസർമാരായ ജസ്പ്രീത് ബുംറ, അർഷ് ദീപ് സിങ് എന്നിവരുണ്ടാകും. സ്പിന്നർമാരായി അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർ കളിക്കും. മൂന്നാം പേസറെ കളിപ്പിക്കാൻ തീരുമാനിച്ചാൽ യാഷ് ഠാക്കൂറും മൂന്നാം സ്പിന്നറെ പരിഗണിച്ചാൽ വരുൺ ചക്രവർത്തിയും കളിക്കും.

ട്വന്റി-20 യിൽ മികച്ച ടീം അഫ്ഗാനിസ്താനുണ്ട്. റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്‌മാൻ എന്നീ മൂന്ന് മികച്ച സ്പിന്നർമാർ അവർക്കുണ്ട്.