ഗ്വാഡലൂപ്പ്: ഫുട്‌ബോളിൽ അച്ഛനും മകനും ഒരേ ടീമിനായി കളിച്ചു എന്നതിൽ വലിയ അതിശയോക്തിയൊന്നുമില്ല. ഒരേ ടീമിനായും വ്യത്യസ്ത ടീമുകൾക്കായും ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും കളിച്ച അച്ഛനും മകനും ഫുട്‌ബോൾ ചരിത്രത്തിലുണ്ട്. സിനദിൻ സിദാൻ-ലൂക്ക സിദാൻ, സെസാർ മാൾഡീനി-പൗളോ മാൾഡീനി-ഡാനിയൽ മാൾഡീനി, ലിലിയൻ തുറാം-മാർക്കസ് തുറാം, ആൽഫ് ഇംഗെ ഹാളണ്ട്-എർലിങ് ഹാളണ്ട്, ഡിയഗോ സിമിയോണി-ജിയോവാനി സിമിയോണി, പീറ്റർ ഷ്‌മൈക്കിൾ-കാസ്പർ ഷ്‌മൈക്കിൾ ഇങ്ങനെ പോകുന്നു ആ നിര.

To advertise here,

എന്നാൽ ഫുട്‌ബോൾ ലോകത്തെ തന്നെ വിസ്മയിപ്പിച്ച ഒരു അപൂർവ സാമ്യതയ്ക്ക് ഉടമകളായ ഡച്ചുകാരായ ഒരു അച്ഛനും മകനുമുണ്ട്. അച്ഛൻ 1994 മുതൽ 2004 വരെ നെതർലൻഡ്‌സിനായി കളിച്ച സൂപ്പർ സ്‌ട്രൈക്കർ പാട്രിക് ക്ലൈവർട്ട്. മകൻ 2018 മുതൽ നെതർലൻഡ്‌സിനായി കളിക്കുന്ന ജസ്റ്റിൻ ക്ലൈവർട്ട്.

കഥയാരംഭിക്കുന്നത് 2000-ലാണ്. അന്ന് യൂറോ കപ്പിൽ ഇറ്റലിക്കെതിരേ സെമി ഫൈനൽ മത്സരം കളിക്കുകയാണ് അച്ഛൻ പാട്രിക് ക്ലൈവർട്ട്. ജൂൺ 29-ാം തീയതിയായിരുന്നു മത്സരം. കളിക്കിടെ നെതർലൻഡ്‌സിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുന്നു. കിക്കെടുക്കാനെത്തിയത് ടീമിന്റെ വിശ്വസ്തനായ സ്‌ട്രൈക്കർ പാട്രിക്ക്. എന്നാൽ പാട്രിക്കിന്റെ ഷോട്ട് ഇടത് പോസ്റ്റിലിടിച്ച് മടങ്ങുന്നു. അതോടെ ആ മത്സരം തോറ്റ് ഡച്ച് ടീം ടൂർണമെന്റിൽ നിന്ന് പുറത്തേക്ക്.

അവിടെ നിന്നും കൃത്യം 26 വർഷങ്ങളുടെ ഇടവേള, വീണ്ടുമൊരു ജൂൺ 29. 2026 ലോകകപ്പിലെ നെതർലൻഡ്‌സ് - മൊറോക്കോ നോക്കൗട്ട് മത്സരം. ഇത്തവണ നെതർലൻഡ്‌സിനായി കളിക്കുന്നത് മകൻ ജസ്റ്റിൻ ക്ലൈവർട്ട്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ കിക്കെടുക്കാൻ ജസ്റ്റിന് അവസരം ലഭിക്കുന്നു. പണ്ട് പിതാവ് പെനാൽറ്റി നഷ്ടപ്പെടുത്തിയ അതേ തീയതിയിൽ തന്നെ കിക്കെടുക്കാൻ മകനും. എന്നാൽ ജസ്റ്റിന്റെ ഷോട്ടും ഇടത് പോസ്റ്റിലിടിച്ച് മടങ്ങുന്നു. ഇത്തവണയും നെതർലൻഡ്‌സ് ടൂർണമെന്റിൽ നിന്ന് പുറത്തേക്ക്.

2000-ൽ പാട്രിക്കിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചപ്പോൾ, 2026-ൽ സമാനമായ രീതിയിൽ ജസ്റ്റിന്റെ ഷോട്ടും ഗോൾപോസ്റ്റിന്റെ അതേ ഭാഗത്ത് തട്ടി മടങ്ങിയെന്ന അപൂർവ യാദൃശ്ചികത. രണ്ട് പിഴവുകളും സംഭവിച്ചത് ഒരേ തീയതിയിലും. 2000-ൽ തന്റെ പിതാവ് ഇറ്റലിക്കെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തുമ്പോൾ ജസ്റ്റിന് വെറും ഒരു വയസ്സ് മാത്രമായിരുന്നു പ്രായം.

അച്ഛൻ പാട്രിക് ക്ലൈവർട്ടിന്റെ പിഴവ് യൂറോ കപ്പിലും മകന്റേത് ലോകകപ്പിലുമാണെന്ന വ്യത്യാസമുണ്ട്. അതുപോലെ അച്ഛന് പിഴച്ചത് 90 മിനിറ്റ് മത്സരത്തിനിടെയായിരുന്നു. മകന്റെ പിഴവ് പെനാൽറ്റി ഷൂട്ടൗട്ടിലും.