പതിറ്റാണ്ടുകളോളം യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏഷ്യാ വൻകരയിലെയും ഫുട്‌ബോൾ അധോലോകത്തിന്റെ മുഖമായിരുന്നു പെരുമാൾ.

ബ്യൂട്ടിഫുൾ ഗെയിം എന്ന അർഥത്തിൽ ഫുട്‌ബോളിന് ബ്രസീലുകാർ ചാർത്തിക്കൊടുത്ത മേലങ്കിയാണ്. പക്ഷേ, ഫുട്‌ബോളിന്, ആ സുന്ദരമായ മുഖം മാത്രമല്ല. താരങ്ങളുടെ വിയർപ്പുവീണ പുൽത്തകിടിക്ക് പുറത്ത്, അതിനൊരു ഇരുണ്ട ലോകംകൂടിയുണ്ട്. ഒരു കറുത്ത മുഖം. ലോകകപ്പിന്റെ കൊടിയിറക്കം മുതൽ ഒരു പേക്കിനാവിലെന്ന പോലെ ആ ഡേർട്ടി ഗെയിം മുഖംമൂടി മാറ്റി തലനീട്ടുന്നത് നമ്മൾ കണ്ടു. ത്രസിപ്പിക്കുന്ന കളികളല്ല. ഹൃദയഭേദകമായ കള്ളക്കളികളാണ് സാമാന്യ ജനത്തിന് അപരിചിതമായ ആ 'ഡേർട്ടി ഗെയിമിന്റെ' മുഖമുദ്ര. ഇവിടെ അരങ്ങുവാഴുന്നത് കളിയല്ല. കള്ളക്കച്ചവടമാണ്. ലോകം ഒരൊറ്റ മനസോടെ ഉറക്കമിളച്ച് കണ്ടാസ്വദിച്ച ലോകകപ്പിന് തിരിതാണതിന് തൊട്ടുപിറകെ, ജിയാനി ഇൻഫാന്റിനോ എന്ന ഫിഫ മേധാവി തന്നെ അതേ ലോകകപ്പടക്കം, ഫുട്‌ബോളിനെ വിൽപനയ്ക്ക് വയ്ക്കാൻ ഒരു നിഷ്ഫലശ്രമം നടത്തിയത് വല്ലാത്തൊരു വിധിവൈപരിത്യമായിരുന്നു ആരാധകരുടെ കണ്ണിൽ. ഇതേ കളങ്കത്തിന്റെ പാപക്കറ പുരണ്ട കഥയാണ് ഇപ്പോൾ ലയണൽ മെസ്സിയുടെ പേരിൽ കേരളത്തിലും ആടിത്തിമിർത്ത് പരാജയപ്പെട്ടത്. രണ്ട് കള്ളക്കച്ചവടങ്ങളിലും ഫുട്‌ബോൾ വെറും വിൽപനച്ചരക്കായിരുന്നു. രണ്ട് കൂട്ടരും വിറ്റുകാശാക്കാൻ ശ്രമിച്ചത്, നമ്മൾ ഫുട്‌ബോൾ ആരാധകരുടെ അഭിനിവേശത്തെയാണ്.
ഫുട്‌ബോൾ ഭ്രാന്തമായ ലഹരിയായി സിരകളിൽ പടർന്നവർക്ക്, അതിന്റെ കാൽപനിക സൗന്ദര്യത്തിൽ അഭിരമിക്കുന്നവർക്ക്, ഈ വിവാദങ്ങളും അതിലെ സമാനതകളുമെല്ലാം യാദൃച്ഛികമോ അവിശ്വസനീയമോ ആണെന്ന് തോന്നിയേക്കാം. പക്ഷേ, കാലങ്ങളായി ഫുട്‌ബോളിനെ അടുത്തറിഞ്ഞവർ ഇക്കൂട്ടരുടെ കള്ളക്കണ്ണ് പണ്ടേ കണ്ടതാണ്. ലോകകപ്പ് ഫിഫയ്ക്ക് ഒന്നു വെച്ച് പത്ത് വാരാവുന്ന, വെറും നാടകുത്ത് മാത്രമാണെന്ന് പണ്ടേ പറഞ്ഞതാണ്. മെസ്സി കേരളത്തിൽ വരില്ലെന്ന് മുന്നറിയിപ്പ് കൊടുത്തതാണ്. മെസ്സിക്കുവേണ്ടി വാരിയെറിഞ്ഞെന്നു പറഞ്ഞ കോടികളുടെ പോക്കുവരവിൽ അന്നേ സംശയം പ്രകടപ്പിച്ചതാണ്.
ഫുട്‌ബോൾ ഏറ്റവും സുന്ദരമായ കളിയാണ്. ഏറ്റവും ജനപ്രിയമായ കളിയാണ്. എന്നാൽ, ഫുട്‌ബോളിനെപ്പോലെ ഇങ്ങനെ കാശെറിഞ്ഞു കാശുവരാൻ, അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിച്ചെടുക്കാൻ പറ്റിയൊരു കായികവിനോദവും വെറെയില്ല. ഈ ജനപ്രിയത തന്നെയാണ് കള്ളക്കച്ചവടക്കാർക്കും കള്ളപ്പണക്കാർക്കും അതിനെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. ഇത് പറഞ്ഞത് വേറെ ആരുമല്ല, യുവേഫയാണ്. ഫുട്‌ബോളിന്റെ യൂറോപ്പിലെ നടത്തിപ്പുകാർ. അതും പണ്ടൊരു അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ. കേരളത്തിലെ സാമാന്യ ജനത്തിന് മെസ്സി വിവാദവും കള്ളപ്പണ ആരോപണങ്ങളുമെല്ലാം പുതുമയായിരിക്കാം. പക്ഷേ, നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിൽ, ഈ കള്ളക്കച്ചവടക്കം ഫുട്‌ബോളിന്റെ മറുപാതിയാണ്. കേരളത്തിലെ മെസ്സി വിവാദത്തിൽ ആരോപണവിധേയർ മെസ്സി വരാമെന്ന് വാക്കുപറഞ്ഞുവെന്ന് വാദിച്ച് ആണയിടുന്ന ഒരാളുണ്ട്. ക്ലോഡിയോ ടാപ്പിയ. അർജന്റീന ഫുട്‌ബോൾ ഫെഡറേഷന്റെ അധ്യക്ഷൻ. ഇക്കുറി ന്യൂയോർക്കിൽ നിന്ന് ലോകകപ്പ് കഴിഞ്ഞു മടങ്ങുമ്പോൾ ഇതേ ടാപ്പിയ അറസ്റ്റിലാവാതെ രക്ഷപ്പെട്ടത് തലവര നല്ലതായതുകൊണ്ടു മാത്രമാണ്. നികുതി വെട്ടിപ്പും ഫണ്ട് തട്ടിപ്പും കളളപ്പണം വെളുപ്പിക്കലുമായി 300 മില്ല്യൺ ഡോളർ തിരിമറിയുടെ കേസിലെ മുഖ്യപ്രതിയാണ്. എഎഫ്എ ട്രഷറർ ഈ കേസിലെ കൂട്ടുപ്രതിയാണ്. ഒത്തുകളിക്കും ബിനാമി ഇടപാടുകൾക്കും ടാപ്പിയയുടെ പേരിൽ കേസുകൾ അനവധിയുണ്ട്. എഫ്ബിഐയും അർജന്റീനയിലെ അന്വേഷണ ഏജൻസികളുമൊക്കെ എപ്പോൾ വേണമെങ്കിലും വിലങ്ങണിയിക്കാമെന്നതാണ് അവസ്ഥ. ഇവരുമായിട്ടാണത്രെ, മെസ്സിയെ കൊണ്ടുവന്ന് കേരള ഫുട്‌ബോളിനെ സമുദ്ധരിക്കാൻ കച്ചകെട്ടിയിറങ്ങിയ ത്യാഗികളുടെ സാമ്പത്തിക ഇടപാട്. ഈ കളങ്കിതരുടെ കത്തും ഒപ്പുമൊക്കെയാണ് നിരപരാധിത്തം തെളിയിക്കാൻ കേരളത്തിൽ ആശ്രയം. എങ്ങനെയുണ്ട് കാര്യങ്ങൾ.
ടാപ്പിയ മാത്രമല്ല, മെസ്സിയുടെ വരവിന്റെ ക്രയവിക്രിയത്തിന് അണിയറിയിൽ ഊരുംപേരുമില്ലാത്ത കഥാപാത്രങ്ങൾ വേറെയുമുണ്ടെന്നാണ് കേൾവി. ഈ മുഖവും വിലാസങ്ങളുമില്ലാത്ത മനുഷ്യർ, അവരുടെ നിഗൂഢ താത്പര്യങ്ങൾ, ഇരുട്ടിലെ ഇടപാടുകൾ. കേരളത്തിലായാലും ബ്യൂണസ് ഏറീസിലായാലും ലണ്ടനിലോ സൂറിച്ചിലോ ആയാലും ഇതുതന്നെയാണ് ഫുട്‌ബോളിന്റെ യഥാർഥ ശാപം.
കേരളത്തിലിരുന്ന് മെസ്സിയെ കൊണ്ടുവരാൻ ശ്രമിച്ച നിഗൂഢ വഴികളെക്കുറിച്ച് ചർച്ച നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പേരുകൂടിയുണ്ട്. വിൽസൺ രാജ് പെരുമാൾ. സിംഗപ്പൂരുകാരനായ പെരുമാളിനെക്കുറിച്ച് ഫുട്ബോളിന് പുറത്തുള്ളവർ അധികമൊന്നും കേട്ടിരിക്കാൻ വഴിയില്ല. കുറേനാൾ സിംഗപ്പൂരിലും ഫിൻലൻഡിലുമൊക്കെയുള്ള ജയിലുകളിലായിരുന്നു. പതിറ്റാണ്ടുകളോളം യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏഷ്യാ വൻകരയിലെയും ഫുട്‌ബോൾ അധോലോകത്തിന്റെ മുഖമായിരുന്നു പെരുമാൾ. ബിനാമി ഇടപാടുകൾക്ക് ഇടനില നിന്നും, ഒത്തുകളിക്ക് കളമൊരുക്കിയും വാതുവെപ്പിന് ചരടുവലിച്ചും അരങ്ങുവാണ പെരുമാൾക്ക് ഫുട്‌ബോളിന്റെ അന്തകൻ എന്നുവരെയുണ്ടായിരുന്നു വിളിപ്പേര്. ചുരുങ്ങിയത് ഒരു നൂറ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെങ്കിലും തിരിമറി കാട്ടിയിട്ടുണ്ടെന്ന് സിഎൻഎന്നിന് നൽകിയ ഒരു അഭിമുഖത്തിൽ കുറ്റസമ്മതം നടത്തിയ ആളാണ്. ലോകകപ്പ് മാത്രമല്ല. ഒളിമ്പിക്സ്, വനിതാ ലോകകപ്പ്, കോൺകാകാഫ്, ആഫ്രിക്കൻ നേഷൻസ് കപ്പ്..... വാതുവെപ്പിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും രൂപത്തിൽ തന്റെ കറുത്ത കരങ്ങൾ പതിഞ്ഞ ഇരുണ്ടലോകത്തെ അനുഭവങ്ങളെക്കുറിച്ച് ഞെട്ടുന്നൊരു പുസ്തകമെഴുതുകപോലും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഒത്തുകളിക്ക് കളമൊരുക്കി പെരുമാൾ നേടിയത് അഞ്ച് മില്ല്യൺ ഡോളറിലേറെയാണ്. അതത്രയും ചൂതാട്ടം കവർന്നപ്പോഴാണ് തിരിച്ചറിവുണ്ടായത്. അങ്ങനെ മനസ്താപം വന്ന് പെരുമാൾ കാട്ടിക്കൊടുത്ത വഴിയേ പോയ ഇന്റർപോളിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ടത് ഫുട്ബോളിന്റെ അവിശ്വസനീയമായൊരു അധോലോകമാണ്. ഡാൻ ടാൻ, അഥവാ ടാൻ സീറ്റ് എങ് എന്ന അധോലോക രാജാവിന്റെ സിൻഡിക്കേറ്റിനുവേണ്ടി പെരുമാൾ ഒത്താശചെയ്തുകൊടുത്ത ഒത്തുകളികളുടെ വിവരങ്ങൾ കേട്ട് ഫിഫയുടെ അന്വേഷണസംഘത്തിന്റെ വരെ കണ്ണുതള്ളിപ്പോയിട്ടുണ്ട്. പെരുമാളിനെപ്പോലെ ഏറെക്കാലം അഴികൾക്കുള്ളിലായിരുന്നു ഡാൻ ടാനും.
ബോസ്നിയക്കെതിരായ ഒരു മത്സരത്തിലെ പെരുമാളിന്റെ ഇടപെടൽ സിംബാബ്വെ ഫുട്ബോളിനെ തന്നെ തകിടംമറിച്ചുകളഞ്ഞു. എണ്ണമറ്റ കളിക്കാരുടെ ഭാവിയാണ് അത് അവതാളത്തിലാക്കിയത്. സിംഗപ്പൂരിൽ മാത്രമല്ല, അമ്പതിലേറെ രാജ്യങ്ങളുണ്ടായിരുന്നു അക്കാലത്ത് പെരുമാളിന്റെ റഡാറിൽ. എന്നുവെച്ചാൽ ഫിഫയുടെ അംഗരാജ്യങ്ങളുടെ കാൽപങ്ക്. അതായിരുന്നു ആ റാക്കറ്റിന്റെ വ്യാപ്തി. ഒടുവിൽ ഗത്യന്തരമില്ലാതെ ഫിഫ തന്നെ രംഗത്തിറങ്ങി. അന്വേഷണത്തിന് സഹായിക്കാൻ ഇന്റർപോളിന് 20 മില്ല്യൺ സഹായം കൊടുത്തു.
പെരുമാളിന്റെ ആത്മകഥയിൽ ഒരു കുമ്പസാരമുണ്ട്. 'ഫുട്ബോൾ ഒരു കളിയല്ല. അതൊരു ബിസിനസ് മാത്രമാണ്. അതുകൊണ്ടുതന്നെ അതിൽ നിന്ന് പരമാവധി പണമുണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.' ഈ ഏറ്റുപറച്ചിലിലെ പ്രവചനസ്വരമാണ് ഇപ്പോൾ ഇവിടെ കേരളത്തിൽ മെസ്സി വിവാദത്തിൽ പ്രതിധ്വനിക്കുന്നത്.
പെരുമാൾ മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമായിരുന്നു. പെരുമീനുകൾ പുളയ്ക്കുന്ന കടലിലെ ഒരു വെറും പരൽമീൻ. പ്രതിവർഷം 140 ബില്ല്യൺ ഡോളറിന്റെ കള്ളപ്പണമാണ് ഫുട്ബോൾ വഴി വെളുപ്പിച്ചെടുക്കുന്നതെന്നാണ് യുഎന്നിന്റെ ഒരു അന്വേഷണസമിതി കണ്ടെത്തിയത്. ക്ലബുകളുടെ വിൽപന, കളിക്കാരുടെ ട്രാൻസ്ഫർ, വാതുവെപ്പ്, സ്പോൺസർഷിപ്പ്, സംപ്രേഷണാവകാശം ഇതൊക്കയാണ് സാമ്പത്തിക തിരിമറിയുടെ വഴികളെന്ന് 2009ൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് ഫുട്ബോൾ ലോകത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. പൂട്ടിപ്പോവാറായതോ കടത്തിലായതോ ആയ ക്ലബുകളാണ് ഇവരുടെ സ്വർണഖനികൾ. ഈ ക്ലബുകളിൽ വൻ തുക നിക്ഷേപിച്ചതായി കാണിച്ച് അവർ വാങ്ങും. കടലാസിൽ വലിയ വിലയ്ക്ക് മറിച്ചുവിൽപനയും നടക്കും. ഫലം ഒറ്റയടിക്ക് കോടികളുടെ കള്ളപ്പണം വെളുത്തുകിട്ടും. അത്രയും തന്നെ നികുതിവെട്ടിപ്പും നടക്കും. കുറച്ച് വർഷങ്ങൾക്ക് മുൻപ് ദി മെൻ ഹു സെൽ ഫുട്ബോൾ എന്ന പേരിൽ അൽ ജസീറ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ വെളിച്ചത്തുവന്നത് ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ്. ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ശതകോടീശ്വരന്മാരും അിനാമി ഇടപാടുകാരും വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ചുവരെ യൂറോപ്പിലെ ചെറുക്ലബുകൾ എത്ര അനായാസമായാണ് സ്വന്തമാക്കുന്നതെന്ന് ആ സ്റ്റിങ് ഓപ്പറേഷൻ കാണിച്ചുതന്നു. രണ്ട് തവണ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ഡെർബി കൗണ്ടിയുടെ വിൽപന ഓഫ് ഷോർ കമ്പനികൾക്കുവേണ്ടി ഉറപ്പിക്കുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. തകർച്ചയിലായിരുന്ന റെഡ്ഡിങ്ങിന്റെയും ആസ്റ്റൺ വില്ലയുടെയുമെല്ലാം വിൽപന ഒരുക്കിക്കൊടുത്തത് അൽജസീറയുടെ ഓപ്പറേഷനിൽ കണ്ട കഥാപാത്രങ്ങൾ തന്നെയായിരുന്നു. റെഡ്ഡിങ്ങിന്റെ സ്റ്റേഡിയം പണയം വെച്ച് ചൈനക്കാരനായ ടമ ഡായി യോങ്ഗെ ഒരു ചൈനീസ് ബാങ്കിൽ നിന്ന് 50 മില്ല്യൺ പൗണ്ട് വായ്പയെടുത്ത വിവരം ഞെട്ടലോടെയാണ് ലോകം കേട്ടത്.
യൂറോപ്പിലെ, പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ ക്ലബുകൾ കുറേക്കാലമായി റഷ്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള ധനാഢ്യരുടെ ഇഷ്ട നിക്ഷേപ ഭൂമികയാണ്. കണക്കില്ലാത്ത കാശാണ് അവർ കഴിഞ്ഞ കുറച്ചുകാലമായി ഇംഗ്ലീഷ് ഫുട്ബോളിലേയ്ക്ക് തള്ളുന്നത്. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പതിനാറ് ടീമുകളുടെയും ഉടമകൾ വിദേശികളാണ്. ഇത് പലപ്പോഴും പല സംശയങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. റഷ്യൻ വ്യവസായി റൊമൻ അബ്രമോവിചിച്ചിന്റെ ചെൽസി ഡീലും റഷ്യൻ ശതകോടീശ്വരൻ അലിഷർ ഉസ്മാനോവിന്റെ എവർട്ടൺ ഡീലുമൊക്കെ ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾക്കാണ് വഴിവെച്ചത്. സ്റ്റേഡിയം നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിൽ നോത്താംപ്ടൺ ടൗൺ എഫ്.സിയുടെ ചെയർമാൻ അടക്കം അഞ്ചുപേർക്കെതിരെ നിയമനടപടി ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. ഇന്ററിന്റെയും എസി മിലാന്റെയും ഹോം ഗ്രൗണ്ടായ സാൻ സിറോ സ്റ്റേഡിത്തിന്റെ പുതുക്കപ്പണിയലുമായി ബന്ധപ്പെട്ട് 75 പേർക്കെതിരെയാണ് നടപടി തുടരുന്നത്. കേരളത്തിലെ മെസ്സി വിവാദത്തിൽ ഓഫ് ഷോർ കമ്പനികളുടെ ഇടപെടലും സ്റ്റേഡിയം നവീകരണവുമെല്ലാം ചർച്ചയാകുമ്പോൾ ചിലരെങ്കിലും ഞെട്ടാതിരിക്കുന്നതിന്റെ കാരണം ഇതൊക്കെയാണ്.
കളിക്കാരുടെ കൈമാറ്റത്തിലുമുണ്ട് സമാനമായ സാധ്യതകൾ. യൂറോപ്പിൽ അങ്ങോളമിങ്ങോളം നടന്ന വ്യാജ ട്രാൻസ്ഫറുകൾ പല തവണ കോടതി കയറി. കളിക്കാർക്ക് കിട്ടുന്ന യഥാർഥ തുക പലപ്പോഴും കണക്കുപുസ്തകങ്ങൾക്ക് പുറത്താണ്. ഈ ഇടപാടുകൾ പലതും നടക്കുന്നതാവട്ടെ നികുതിവെട്ടിപ്പിന് അനന്തസാധ്യതകളുള്ള ഇടങ്ങളിലും. പല രാജ്യങ്ങൾ, പല നിയമങ്ങൾ, പലതരം ചട്ടക്കൂടുകൾ.... അങ്ങനെ അവർക്ക് കാര്യങ്ങൾ എളുപ്പമായി.
കളിയുടെ സംപ്രേഷണാവകാശം വിൽക്കുന്ന വകയിലും കളിക്കാരുടെ ചിത്രങ്ങളുടെ അവകാശത്തിലും ബ്രാൻഡ് എൻഡോഴ്‌മെന്റിലുമൊക്കെ നടക്കുന്നുണ്ട് ഇതേ തട്ടിപ്പ്. ഇതിന്റെയൊക്കെ മറ്റൊരു വകഭേദമാണ് സൂപ്പർതാരങ്ങളുടെയും വമ്പൻ ടീമുകളുടെയുമൊക്കെ പ്രദർശന, സൗഹൃദ മത്സരങ്ങളുടെ പേരിലുളള ലോകസഞ്ചാരം. ഇന്ത്യയിലേയ്ക്ക് മെസ്സിയും ബ്രസീലുമൊക്കെ വരുന്നത് പോലെ. ഇടനിലക്കാരുടെ ചാകരയാണ് ഈ വേൾഡ് ടൂറുകൾ. അതിനിതാ ഇപ്പോൾ കേരളം തന്നെ സാക്ഷ്യം വഹിക്കുന്നു. സാമാന്യ ജനത്തിന് ഈ ചരിത്രമൊക്കെ അജ്ഞാതമാണെന്ന് ധരിച്ചാണ് ഇവിടെ പലരും കണ്ണടച്ചു പാല് കുടിക്കുന്നത്.
സഹികെട്ടാണ് 2007ൽ യൂറോപ്പ്യൻ പാർലമെന്റ് ഇത്തരം കളളക്കളികൾക്കെതിരെ നടപടി സ്വീകരിക്കാൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. അങ്ങനെ യൂറോപ്പ്യൻ കമ്മീഷൻ ഒരു ധവളപത്രം പുറത്തിറക്കുകയും ചെയ്തു. ഫ്രാൻസും ഇറ്റലിയും ലാറ്റിനമേരിക്കയിൽ ബ്രസീലുമെല്ലാം ഇതിന് തടയിടാൻ ഏജൻസികൾക്ക് രൂപം കൊടുക്കുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ക്ലബുകൾക്ക് ഒരു മാർഗനിർദേശം നൽകി. പേരിനാണെങ്കിലും ഫിഫയും യുവേഫയുമൊക്കെ കൊണ്ടുവന്നു ചില പരിഷ്‌കാരങ്ങൾ. പക്ഷേ തട്ടിപ്പ് മുറപോലെ തന്നെ തുടർന്നുവെന്നു മാത്രം. 2013ൽ അന്നത്തെ ഫിഫ അധ്യക്ഷൻ ജോ ഹാവലാഞ്ചിന്റെ തൊപ്പി തെറിക്കുന്നത് മരുമകൻ കൂടി ഉൾപ്പെട്ട 155.4 മില്ല്യണിന്റെ വെട്ടിപ്പിന്റെ പേരിലാണ്. ഹാവലാഞ്ചിന് പകരം വന്നയാളാണ് സെപ് ബ്ലാറ്റർ. 2015ൽ ബ്ലാറ്റർ പടിയിറങ്ങിയത് കൈക്കൂലിയും കള്ളപ്പണം വെളുപ്പിക്കലുമെല്ലാമടക്കം 150 മില്ല്യണിന്റെ തട്ടിപ്പിനെ തുടർന്നാണ്. യുവേഫ മേധാവിയും ഫുട്ബോൾ ഇതിഹാസവുമായ മിഷേൽ പ്ലാറ്റിനിയായിരുന്നു കൂട്ടുപ്രതി. ജിയാനി ഇൻഫന്റിനോയ്ക്ക് ഫിഫയിലേയ്ക്കുള്ള വഴിതുറന്നതും ഈ വെട്ടിപ്പാണ്. ഇതേ ഇൻഫന്റിനോയാണ് ഒരു പതിറ്റാണ്ടിനുശേഷം മറ്റൊരു കള്ളക്കച്ചവടത്തിന്റെ പേരിൽ കുരിശിലേറിനിൽക്കുന്നത്. മോന്തായം തന്നെ വളഞ്ഞ ഈ ഫുട്‌ബോളിൽനിന്ന് ആരാണ് കാശ് വരാതിരിക്കുന്നത്. ഈ തിരുട്ട്ശൃംഖലയുടെ ഒരു കണ്ണി മാത്രമാണ് നമ്മൾ ഇപ്പോൾ കേരളത്തിലെ മെസ്സിനാടകത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.
യൂറോപ്പ്യൻ യൂണിയൻ ഇതാദ്യമായി ഫുട്ബോൾ ക്ലബുകളെയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ കീഴിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമാവാൻ ക്ലബുകൾക്ക് 2029 സമയം അനുവദിച്ചിട്ടുണ്ട്. അതേ. നല്ല നടപ്പിന് അഞ്ചു വർഷം. പണമൊഴുകുന്നിടത്തോളം കാലം ഒരു നല്ല നടപ്പ് ആരും പ്രതീക്ഷിക്കേണ്ടെന്നു മാത്രം. അത്രയും ഗംഭീരമാണ് ഈ ചക്കരക്കുടം. ഇത്തരമൊരു നിയമം ഇന്ത്യയിൽ കർശനമായി നടപ്പായാൽ ഇവിടെ എത്ര ക്ലബുകളുണ്ടാവും. കാശെറിയാൻ എത്ര താരരാജാക്കന്മാരും വ്യവസായികളും കൺസോർഷ്യങ്ങളുമുണ്ടാവും. മുക്കാൽ ചക്രത്തിന് വകയില്ല ഇന്ത്യൻ ഫുട്ബോളിന്. എന്നിട്ടും അഴിമതി ആരോപണങ്ങൾക്കും ഒത്തുകളിക്കും വാതുവെപ്പിനുമൊന്നും യാതൊരു പഞ്ഞവുമില്ല ഇവിടെ. ഫുട്‌ബോൾ ഫെഡറേഷൻ അധ്യക്ഷനെതിരെ തന്നെ ആരോപണം ഉയരുന്നു. ഡെൽഹി ലീഗിൽ നഗ്‌നമായ ഒത്തുകളിയും വാതുവെപ്പും നടക്കുന്നു. കുത്തഴിഞ്ഞ ഈ അവസ്ഥയാണ് കള്ളക്കച്ചവടക്കാരുടെ ഏറ്റവും ഊഷരമായ വിളനിലം. ഇവിടെയേ മെസ്സിയെയും ബ്രസീലിനെയുമൊക്കെ ചൂണ്ടയിൽ കൊരുത്തുകൊണ്ടുള്ള കൊള്ളയ്ക്ക് സാധ്യതയുള്ളൂ. ക്ലബുകൾ നഷ്ടത്തിലായെങ്കിൽ മാത്രമേ അവിടേയ്ക്ക് നിക്ഷേപങ്ങളും നിക്ഷേപകരെയും കൊണ്ടുവരാനാവൂ. നാട്ടിൽ നല്ല കളിക്കാരെ കിട്ടാതാവുമ്പോൾ മാത്രമേ ആഫ്രിക്കയിൽനിന്നും യൂറോപ്പിൽനിന്നുമൊക്കെ പല്ലുകൊഴിഞ്ഞ സിംഹങ്ങളെ കോടികളുടെ പ്രൈസ് ടാഗുമായി കെട്ടിയെഴുന്നള്ളിച്ചുകൊണ്ടുവരാൻ കഴിയൂ. നഷ്ടങ്ങളിലാണ് എന്നും ഇവരുടെ ലാഭക്കണ്ണ്. അവിടെയേ അവർ വിത്തെറിയൂ. അവിടെ മാത്രമാണ് അവർക്ക് വിള ഉറപ്പ്. ഇന്ത്യൻ ഫുട്‌ബോൾ കുത്തുവിട്ടൊരു പുസ്തകമായി തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നത് അവരാണ്. മെസ്സിയെയും ബ്രസീലിനെയും കൊണ്ടുവരുമെന്ന് പറഞ്ഞവർക്ക് ഓശാന പാടുന്നവർ അന്വേഷിക്കുന്നേയില്ല, എന്തുകൊണ്ടാണ് ടാറ്റയെപ്പോലെ പാരമ്പര്യമുള്ളൊരു കോർപ്പറേറ്റ് ഭീമൻ സ്വന്തം ക്ലബിനെ ഉപേക്ഷിച്ച് തടിതപ്പിയതെന്ന്. കടലിലേയ്‌ക്കെന്നവണ്ണം 120 കോടി വാരിയെറിയുന്നത് മഹാകാര്യമായി കൊട്ടിഘോഷിക്കുന്നവർ അറിയുന്നേയില്ല, വില പാതിയാക്കിയിട്ടും ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ നാളിതുവരെ ആരുമെത്തിയിട്ടില്ലെന്ന കാര്യം. കലങ്ങിമറിഞ്ഞ ഈ ചേറിൽ പത്ത് വിതച്ചാൽ നൂറ് കൊയ്യാമെന്ന് കള്ളക്കച്ചവടക്കാർക്ക് ഉറപ്പാണെന്ന് നമ്മൾ തിരിച്ചറിയുന്നേയില്ല. ചിലപ്പോഴെങ്കിലും ഇവർക്ക് മാത്രമാണ് ഫുട്‌ബോൾ ഒരു ബ്യൂട്ടിഫുൾ ഗെയിം. കളകളെ മുൻകൂട്ടി കണ്ട് പറിച്ചുകളഞ്ഞില്ലെങ്കിൽ നമ്മൾ ആരാധകർക്ക് ഇത് എന്നെന്നും ഡേർട്ടി ഗെയിമായി തന്നെ തുടരും. വിസിൽ നമ്മുടെ കൈയിലാണ്. അത് ഊതേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
Content Highlights: Unveils the dark side and financial corruption behind popular football matches and tours., Connects the recent Messi controversy in Kerala to global money laundering and match-fixing syndicates., Examines historical corruption cases involving FIFA, UEFA, and international football officials., Calls for strict regulations and awareness among football fans against fraudulent sports promoters.
Published: 17 Aug 2026, 12:54 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented