ന്യൂഡൽഹി: ബ്രസീലിനെതിരേ ഇന്ത്യ സൗഹൃദമത്സരം കളിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ആവേശത്തിലാണ് ഫുട്‌ബോൾ പ്രേമികൾ. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് മത്സരം. ഇപ്പോഴിതാ മറ്റൊരു സൗഹൃദമത്സരം കൂടി ഇന്ത്യ കളിക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ലോകകപ്പിൽ അദ്ഭുത കുതിപ്പ് നടത്തിയ കേപ് വെർദെയുമായി ഇന്ത്യ സൗഹൃദമത്സരം കളിച്ചേക്കുമെന്നാണ് വിവരം. സെപ്റ്റംബർ 30 നും ഒക്ടോബർ ആറിനും ഇടയിലുള്ള ഒരു തീയതിയിൽ മത്സരം നടന്നേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

മത്സരം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാൽ മത്സരത്തിന്റെ തീയതിയും വേദിയും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. അത് പൂർത്തിയായാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ബ്രസീലുമായുള്ള മത്സരത്തിന് മുൻപോ അതിന് ശേഷമോ ആയിരിക്കും ഇത് നടക്കുക. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമതീരുമാനമായിട്ടില്ലെന്നും ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി.

ലോകകപ്പിൽ ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച ടീമാണ് കേപ് വെർദെ. അരങ്ങേറ്റ ലോകകപ്പിൽ തന്നെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കാൻ കേപ് വെർദെയ്ക്ക് കഴിഞ്ഞു. ലോകകപ്പിൽ സ്‌പെയിനിനെ ഗോൾരഹിതസമനിലയിൽ തളച്ചാണ് കേപ് വെർദെ തുടങ്ങിയത്. പിന്നീട് യുറഗ്വായ്, സൗദി അറേബ്യ ടീമുകളെയും സമനിലയിൽ തളച്ചു. റൗണ്ട് ഓഫ് 32 വിൽ അർജന്റീനയോട് പൊരുതി തോറ്റാണ് കേപ് വെർദെ മടങ്ങിയത്.

നേരത്തേ ബ്രസീലുമായുള്ള സൗഹൃദമത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയിരുന്നു. രണ്ട് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൊൽക്കത്തയിൽ ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഒക്ടോബർ മൂന്നിനാണ്. ഇൻഡൊനീഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക. ഇൻഡൊനീഷ്യ, മലേഷ്യ, സിങ്കപ്പുർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്.

അഞ്ചുവട്ടം ലോക ചാമ്പ്യൻമാരായ ബ്രസീലുമായുള്ള മത്സരം ഇന്ത്യൻതാരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കുമെന്നാണ് ഫെഡറേഷൻ കരുതുന്നത്. അതിനാലാണ് ബ്രസീലുമായുള്ള മത്സരം കളിക്കാനുള്ള തീരുമാനം എഐഎഫ്എഫ് എടുത്തത്.