ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ അർജന്റീന-ഈജിപ്ത് മത്സരത്തിനു പിന്നാലെ ഫുട്ബോൾ ലോകം രണ്ടു തട്ടിലാണ്. മത്സരം പിന്നിട്ട് മണിക്കൂറുകൾക്ക് ശേഷവും റഫറിയിങ്ങും വാർ തീരുമാനങ്ങളും വിമർശനമുനയിലാണ്. കളിക്കളത്തിൽ റഫറിയുടെയും വാറിന്റെയും തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്നാണ് ആരോപണം. മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയറിനെതിരേ ഈജിപ്ത് പരിശീലകൻ ഹൊസ്സം ഹസ്സൻ തന്നെ രംഗത്തെത്തിയിരുന്നു.
അന്ന് ലോകത്തിലെ മികച്ച റഫറി, ഇന്ന് വിവാദനായകൻ; ആരാണ് ഫ്രാങ്കോയിസ് ലെറ്റെക്സിയർ ?
റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയറുടെ തീരുമാനങ്ങൾക്കെതിരേ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഹാനി അബോ റിഡ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകുകയും വിവാദപരമായ തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് റഫറിയിങ് സംഘത്തെ ടൂർണമെന്റിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഈജിപ്തിന്റെ ആവശ്യം. നിർണായകമായ ഒരു ഗോൾ അനുവദിക്കാത്തതും പെനാൽറ്റി അപ്പീൽ നിരസിച്ചതുമാണ് ഈജിപ്തിനെ പ്രകോപിപ്പിച്ചത്.
അവസാനം തന്ത്രം മാറ്റി സ്കലോണി; ഈജിപ്ത് പ്രതിരോധം പൊളിഞ്ഞതിങ്ങനെ
അതേസമയം മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയർ ഇപ്പോൾ ഫിഫയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഫിഫയുടെ റഫറിയിങ് ഉദ്യോഗസ്ഥർ ലെറ്റെക്സിയറുടെ പ്രകടനം, സാങ്കേതിക റിപ്പോർട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും അദ്ദേഹം ടൂർണമെന്റിൽ തുടരണമോ എന്ന് തീരുമാനിക്കുക. എന്നാൽ, റഫറിമാരെ നിയമിക്കാനുള്ള അധികാരം ഫിഫ റഫറീസ് കമ്മിറ്റിയിൽ നിക്ഷിപ്തമായതിനാൽ, ഒരു അംഗരാജ്യത്തിന് റഫറിമാരുടെ നിയമനത്തിൽ വീറ്റോ അധികാരം പ്രയോഗിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്തിന്റെ ആവശ്യം പൂർണമായും അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണെന്നാണ് സൂചന.
‘അർജന്റീനയെ വിറപ്പിച്ച ഇരട്ടകൾ’; അവസാനം റഫറിയോടും പോരടിച്ചു, ഈജിപ്തിന്റെ തലവരമാറ്റിയ സഹോദരങ്ങൾ
മുമ്പ് 2002-ലെ ലോകകപ്പിൽ ഇറ്റലി ദക്ഷിണ കൊറിയയോട് തോറ്റതിന് പിന്നാലെ ഇറ്റലി, ഇക്വഡോർ റഫറി ബൈറോൺ മൊറേനോയ്ക്കെതിരെ പരാതി നൽകിയിരുന്നു. അതിനുശേഷം അദ്ദേഹം ആ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിച്ചിരുന്നില്ലെങ്കിലും, അത് ഇറ്റലിയുടെ പരാതി മൂലമാണോ എന്ന് ഫിഫ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. യൂറോ 2024 ഫൈനൽ നിയന്ത്രിച്ച ലെറ്റെക്സിയർ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്സ് (ഐഎഫ്എഫ്എച്ച്എസ്) ലോകത്തെ മികച്ച റഫറിയായി തിരഞ്ഞെടുത്ത വ്യക്തി കൂടിയാണ് എന്നത് ശ്രദ്ധേയമാണ്.
Content Highlights: Egyptian FA officially complained to FIFA regarding refereeing decisions., Francois Letexier is under formal review by FIFA officials., Controversy centers on disallowed goals and denied penalty appeals., FIFA Referees Committee holds final authority on official appointments.
Published: 09 Jul 2026, 05:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented