നൈറോബി: മത്സരത്തിനിടെ പെനാൽറ്റി അനുവദിച്ചതിന്‌ കെനിയയിൽ റഫറിക്ക് നേരെ ആക്രമണം. നൈറോബിയിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. റഫറി ജോൺ സുൽവെയെ താരങ്ങളും കാണികളും ചേർന്ന് ആക്രമിക്കുകയും സ്‌റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.

To advertise here,

മൊംബാസ യുണൈറ്റഡും കാരിയോഹാംഗി ഷാർക്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഷാർക്‌സ് 2-1ന് മുന്നിട്ടുനിൽക്കെ 68-ാം മിനിറ്റിൽ മൊംബാസയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി അനുവദിക്കുകയയിരുന്നു. തുടർന്ന് ഷാർക്‌സ് താരങ്ങൾ റഫറിയെ വളഞ്ഞു. കാണികൾ മൈതാനത്തേക്ക് ഓടിയെത്തി. പ്ലാസ്റ്റിക് കസേരകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ റഫറിക്ക് നേരെ എറിഞ്ഞു. കാണികളിൽ ഒരാൾ റഫറിയുടെ മുഖത്ത് ഇടിക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരാണ് റഫറിയെ സ്റ്റേഡിയത്തിൽ നിന്ന് രക്ഷിച്ച് പുറത്തേക്ക് മാറ്റിയത്.

തരംതാഴ്ത്തലുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിക്കുന്നതിന് വേണ്ടി നടത്തിയ മത്സരമായിരുന്നു ഇത്. പുതിയ ലീഗ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് തങ്ങളെ തരംതാഴ്ത്തിയതെന്ന് ആരോപിച്ച് ഷാർക്‌സ് ടീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തർക്കം പരിഹരിക്കാനാണ് പ്ലേ ഓഫ് മത്സരം സംഘടിപ്പിച്ചത്. ഇരു ക്ലബ്ബുകളും കെനിയൻ ഫുട്‌ബോൾ ഫെഡറേഷനും ഇതുവരെ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.