അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോളിലെ മികച്ച തിരിച്ചുവരവുകളിലൊന്നിലാണ് അർജന്റീന ക്വാർട്ടർ ബർത്തുറപ്പിക്കുന്നത്. അവസാന 14 മിനിറ്റിൽ മൂന്നുഗോൾ തിരിച്ചടിച്ചാണ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ മറികടന്നത് (3-2). മെസ്സിയും സംഘവും നാട്ടിലേക്ക് ടിക്കറ്റെടുക്കുമെന്ന് ഫുട്ബോൾലോകം പ്രതീക്ഷിച്ചേടത്തുനിന്നാണ് അവിസ്മരണീയ തിരിച്ചുവരവുണ്ടാകുന്നത്. ലോകകപ്പിൽ തുടർച്ചയായ ഒൻപതാം മത്സരത്തിലാണ് മെസ്സി ഗോൾ നേടിയത്. ഇത് റെക്കോഡാണ്.
യാസിർ ഇബ്രാഹിം (15), മുസ്തഫ സീക്കോ (67) എന്നിവരുടെ ഗോളുകളിൽ ഈജിപ്ത് ലീഡിലെത്തിയതാണ്. എന്നാൽ, ക്രിസ്റ്റ്യൻ റൊമേറോയുടെ (79) ഗോളിൽ അർജന്റീന തിരിച്ചടിക്കാൻ തുടങ്ങി. ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവരിലൂടെ അർജന്റീന ജയത്തിലെത്തി. 21-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി കിക്ക് മെസ്സി പാഴാക്കിയിരുന്നു. മെസ്സിയുടെ കിക്ക് ഈജിപ്ത് ഗോളി രക്ഷപ്പെടുത്തി.
രണ്ടു ഗോളിനുശേഷം ഈജിപ്ത് ഡിഫൻസീവ് തേർഡിൽ കളി കേന്ദ്രീകരിച്ചു. ഇതോടെ അലക്ഷ്യമായി മുന്നേറ്റം സംഘടിപ്പിച്ച അർജന്റീനയ്ക്ക് നിരന്തരം ഗോൾമുഖത്ത് ആക്രമണം സംഘടിപ്പിക്കാൻ കഴിഞ്ഞു. ഈജിപ്ത് ഗോൾ കീപ്പർ മുസ്തഫ ഷൊബെയ്റിന്റെ തകർപ്പൻ പ്രകടനം അർജന്റീനയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു.
തന്ത്രം മാറ്റി സ്കലോണി
രണ്ടുഗോളിന് പിന്നിൽപ്പോയതോടെ 4-1-3-2 ശൈലിയിൽനിന്ന് ഗെയിംപ്ലാൻ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി മാറ്റിയിരുന്നു. നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ഇടതുവിങ്ങിൽ മുഴുവൻ സമയവും ആക്രമണത്തിനായി നിയോഗിച്ചു. മെസ്സിയെ മുൻനിർത്തി തൊട്ടുപിന്നിൽ റോഡ്രിഗോ ഡി പോൾ, അലക്സിസ് മെക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ് എന്നീ നാൽവർസംഘത്തെ ചേർത്തുവെച്ചു. ഈജിപ്ത് ബസ് പാർക്കിങ് പ്രതിരോധത്തിലേക്ക് പോയപ്പോൾ മധ്യഭാഗം കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്. കുറിയ പാസുകളുമായിരുന്നു. അർജന്റീനയുടെ 541 പാസുകളിൽ 232 എണ്ണവും ഫൈനൽ തേർഡിലായിരുന്നു. 73 തവണയാണ് ഫൈനൽ തേർഡിലേക്ക് അർജന്റീനാ താരങ്ങൾ കയറിയത്.
അർജന്റീനയുടെ നിരന്തരസമ്മർദത്തിലാണ് അവസാനഘട്ടത്തിൽ ഈജിപ്ത് പ്രതിരോധം പൊളിഞ്ഞത്. അർജന്റീനാ മധ്യനിരയിൽ എൻസോ ഫെർണാണ്ടസ് ആക്രമണത്തിന് ചുക്കാൻ പിടിച്ചപ്പോൾ ലിയാൻഡ്രോ പരേഡസ് ഹോൾഡിങ് മിഡ്ഫീൽഡറായി തിളങ്ങി. 97 ശതമാനം കൃത്യതയോടെ 115 പാസുകളാണ് താരത്തിൽനിന്നുണ്ടായത്. മൊറോക്കോ നിരയിൽ മുന്നേറ്റനിരക്കാരൻ മുസ്തഫ സീക്കോ, ഹെസിം ഹസൻ, സൂപ്പർ താരം മുഹമ്മദ് സല, യാസിർ ഇബ്രഹിം എന്നിവർ തിളങ്ങി.
Content Highlights: Argentina secured a 3-2 comeback victory over Egypt in the 2026 World Cup., Lionel Messi set a record by scoring in his ninth consecutive World Cup match., Argentina overcame a 2-0 deficit with goals from Romero, Messi, and Enzo Fernandez., Coach Lionel Scaloni's tactical shift to a more aggressive offensive formation proved decisive., Enzo Fernandez and Leandro Paredes dominated the midfield to break Egypt's defensive block.
Published: 09 Jul 2026, 07:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented