അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോളിൽ അർജന്റീന-ഈജിപ്ത് മത്സരത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. ഫൈനൽ വിസിലടിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും മത്സരത്തിലെ റഫറിയിങ്ങിനെച്ചൊല്ലി വിവാദം മുറുകുകയാണ്. മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയറിനും ഫിഫയ്ക്കുമെതിരേ ഈജിപ്ത് പരിശീലകൻ ഹൊസ്സം ഹസ്സൻ രംഗത്തുവന്നതോടെ രംഗം ചൂടുപിടിച്ചു. ഞങ്ങൾ അനീതി നേരിട്ടെന്നും വഞ്ചിക്കപ്പെട്ടെന്നും ഹസ്സൻ മത്സരശേഷം പ്രതികരിച്ചു.
‘‘ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരേക്കാൾ നന്നായി കളിച്ചു. എല്ലാമേഖലയിലും അവരേക്കാൾ മുന്നിലായിരുന്നു. പക്ഷേ, ആന്തരികവും ബാഹ്യവുമായ ഇടപെടലുകൾ മത്സരഫലത്തെ സ്വാധീനിച്ചു’’ -ഹസ്സൻ പറഞ്ഞു. റഫറിക്കെതിരേ ഈജിപ്ത് ടീം ഫിഫയ്ക്ക് പരാതി നൽകി. മത്സരത്തിൽ റഫറിയുടെ പല തീരുമാനങ്ങളും ഈജിപ്തിനെതിരായിരുന്നുവെന്നാണ് പരാതി.
ആരാണ് ഫ്രാങ്കോയിസ് ലെറ്റെക്സിയർ ?
37-കാരനായ ഫ്രഞ്ച് റഫറി യുവേഫ എലൈറ്റ് കാറ്റഗറിയിൽ ഉൾപ്പെട്ട റഫറിയാണ്. ഫ്രഞ്ച് ലീഗിലാണ് മത്സരങ്ങൾ നിയന്ത്രിച്ചുവരുന്നത്. 2016 ൽ ഫ്രഞ്ച് ലീഗ് മത്സരങ്ങളുടെ ഭാഗമാകുമ്പോൾ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ റഫറിയായിരുന്നു ലെറ്റക്സിയർ. 2017 മുതലാണ് ഫിഫയുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. പിന്നീട് ലോകത്തിലെ പ്രധാന ടൂർണമെന്റുകളുടെ ഭാഗമായി. 2023 ൽ മാഞ്ചെസ്റ്റർ സിറ്റിയും സെവിയ്യയും തമ്മിൽ നടന്ന യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിച്ചു. 2024 ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഫോർത്ത് ഒഫിഷ്യലായിരുന്നു.
പിന്നാലെ 2024 ലെ യൂറോകപ്പ് ഫൈനലും നിയന്ത്രിച്ചു. അന്ന് സ്പെയിനും ഇംഗ്ലണ്ടുമായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. യൂറോ കപ്പ് ഫൈനൽ നിയന്ത്രിക്കുന്ന പ്രായം കുറഞ്ഞ റഫറിയെന്ന നേട്ടവും ലെറ്റക്സിയർ സ്വന്തമാക്കി. 2024 ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്സ് (ഐഎഫ്എഫ്എച്ച്എസ്) ലോകത്തെ മികച്ച റഫറിയായി തിരഞ്ഞെടുത്തയാളാണ് ലെറ്റെക്സിയർ.
ഇപ്പോഴിതാ ഈജിപ്ത-അർജന്റീന മത്സരത്തിലെ ഫ്രാങ്കോയിസ് ലെറ്റെക്സിയറുടെ തീരുമാനങ്ങൾ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. ലെറ്റെക്സിയർ ഇപ്പോൾ ഫിഫയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഫിഫയുടെ റഫറിയിങ് ഉദ്യോഗസ്ഥർ ലെറ്റെക്സിയറുടെ പ്രകടനം, സാങ്കേതിക റിപ്പോർട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും അദ്ദേഹം ടൂർണമെന്റിൽ തുടരണമോ എന്ന് തീരുമാനിക്കുക. എന്നാൽ, റഫറിമാരെ നിയമിക്കാനുള്ള അധികാരം ഫിഫ റഫറീസ് കമ്മിറ്റിയിൽ നിക്ഷിപ്തമായതിനാൽ, ഒരു അംഗരാജ്യത്തിന് റഫറിമാരുടെ നിയമനത്തിൽ വീറ്റോ അധികാരം പ്രയോഗിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്തിന്റെ ആവശ്യം പൂർണമായും അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണെന്നാണ് സൂചന.
ഈജിപ്തിന്റെ ഗോൾ നിഷേധം
58-ാം മിനിറ്റിലാണ് സംഭവം. ഈജിപ്ത് താരങ്ങളായ മുഹമ്മദ് ഹാനിയും മർവാൻ അത്തിയയും സ്വന്തം പാതിയിൽനിന്ന് അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസിൽനിന്ന് പന്ത് തട്ടിയെടുത്തു. പന്ത് അത്തിയ ഹൈസം ഹസ്സന് നൽകി. ഇടതുവിങ്ങിലൂടെ ഹസ്സൻ നടത്തിയ ഒറ്റയാൻ കുതിപ്പിനൊടുവിൽ പന്ത് മുഹമ്മദ് സലയ്ക്ക് കൈമാറി. അർജന്റീന ബോക്സിനരികിൽനിന്ന് സല പന്ത് മൊസ്തഫ സിക്കോയ്ക്ക് നൽകി. സിക്കോ പന്ത് അർജന്റീനിയൻ പോസ്റ്റിലെത്തിച്ചു. രണ്ടാം ഗോളടിച്ച സന്തോഷത്തിൽ ഈജിപ്ത് ആഘോഷിച്ചു.
വാറിന്റെ ഇടപെടൽ
• ഗോളിലേക്കുള്ള ബിൽഡപ്പ് തുടങ്ങുന്ന സമയത്ത് അത്തിയയുടെ ഇടത്തേക്കാൽ ലിസാൻഡ്രോയുടെ വലത്തേക്കാലിൽ ചവിട്ടിയെന്ന് കണ്ടെത്തുന്നു.
• മത്സരം നിയന്ത്രിച്ച ഫ്രാൻകോയ് ലെറ്റെക്സിയറിനോട് സംഭവത്തിന്റെ വീഡിയോ കാണാൻ വാർ റഫറി ആവശ്യപ്പെടുന്നു. മോണിറ്ററിലെ വീഡിയോ കണ്ടശേഷം റഫറി ഫൗൾ വിധിച്ചു. ഗോൾ നിഷേധിച്ചു.
വിമർശനം
ഫൗൾ അനുവദിച്ചതിൽ നിയമപരമായി തെറ്റില്ല. എങ്കിലും സ്വന്തം പാതിയുടെ കോർണറിൽനിന്ന് തുടങ്ങിയ മുന്നേറ്റത്തിനൊടുവിൽ പിറന്ന ആ ഗോൾ ഈ നിസ്സാരമായ ഫൗളിന്റെപേരിൽ അനുവദിക്കാതിരിക്കാൻ പാടില്ല. ഈ ടൂർണമെന്റിലടക്കം ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഗോൾ അനുവദിച്ചിട്ടുണ്ട്. ജർമനി-എക്വഡോർ മത്സരത്തിൽ ലിറോയ് സാനെ നേടിയ ഗോളാണ് ഉദാഹരണം.
അർജന്റീനയുടെ മൂന്നാം ഗോൾ
ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ മൂന്നാം ഗോൾ നേടിയത്. ഈ ഗോളിന്റെ ബിൽഡപ്പ് തുടങ്ങുന്നത് അർജന്റീനാ ബോക്സിൽ സലയെ ഫൗൾചെയ്തശേഷമാണെന്ന് ഈജിപ്ത് വാദിക്കുന്നു. അതോടൊപ്പം ഇതേ ബിൽഡപ്പിനുമുൻപ് ഹംദി ഫാത്തിയെ അർജന്റീനാ താരം അലക്സിസ് മെക്കാലിസ്റ്റർ ഫൗൾ ചെയ്തതും ഷർട്ട് പിടിച്ചുവലിച്ചതും അവർ ചൂണ്ടിക്കാട്ടുന്നു.
വിമർശനം
ഈ ഫൗളുകളിൽ വാർ ഇടപെട്ടില്ല. അൽവാരസിന്റെ കാലിൽത്തട്ടി സല വീണിട്ടുണ്ടെങ്കിലും അതിനുമുൻപ് അർജന്റീനാ താരം പന്ത് വിജയിച്ചിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, തൊട്ടുമുൻപ് റീബൗണ്ട് ചെയ്തുവരുന്ന പന്ത് എടുക്കാൻശ്രമിച്ച ഫാത്തിയെയാണ് മെക്കാലിസ്റ്റർ ഫൗൾ ചെയ്തത്. ഇതിൽ വാർ ഇടപെട്ടില്ലെന്ന് പരാതി.
Content Highlights: Egypt coach Hossam Hassan alleges bias and injustice in the match against Argentina., Official complaint filed with FIFA regarding referee Francois Letexier's decisions., Controversy centers on a disallowed Egypt goal via VAR and a missed foul leading to Argentina's third goal., Francois Letexier, an elite UEFA referee, is currently under FIFA scrutiny regarding his technical performance.
Published: 09 Jul 2026, 08:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented