സൂറിച്ച്: കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുറച്ച് ജിയാനി ഇൻഫാന്റിനോ. ഇക്കാര്യം ഫിഫ ഗവേണിങ് ബോഡി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഏപ്രിലിലാണ് തിരഞ്ഞെടുപ്പ്.

To advertise here,

2016-ൽ പ്രസിഡന്റ്സ്ഥാനത്തെത്തിയശേഷം 2019-ലും 2023-ലും ഇൻഫാന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ ലോകകപ്പുവരെ കാര്യങ്ങൾ എളുപ്പവുമായിരുന്നു. എന്നാൽ, ലോകകപ്പിനുശേഷം ഫിഫയിലേക്ക് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി അവതരിപ്പിച്ചതാണ് പ്രതിസന്ധിയായത്. അടുത്തവർഷം തിരഞ്ഞെടുക്കപ്പെട്ടാൽ 2031 വരെ തുടരാൻ സ്വിറ്റ്സർലൻഡുകാരന് കഴിയും.

ലോകകപ്പ് അടക്കമുള്ള മത്സരങ്ങളുടെ നടത്തിപ്പിന് കമ്പനി രൂപവത്കരിക്കുകയും അതിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കലുമായിരുന്നു ഇൻഫാന്റിനോ മുന്നോട്ടുവെച്ച പദ്ധതി. എന്നാൽ, ഇതിനെതിരേ യുവേഫ, കോൺകകാഫ്, ഏഷ്യ കോൺഫെഡറേഷനുകൾ രംഗത്തുവന്നു. ഇതോടെ പദ്ധതി പിൻവലിക്കുന്നതായി ഫിഫ പ്രഖ്യാപിച്ചു. എന്നാൽ, ഇൻഫാന്റിനോയിൽ വിശ്വാസം നഷ്ടപ്പെട്ടതായി മൂന്ന് കോൺഫെഡറേഷനുകളും വ്യക്തമാക്കി. ഇതാണ് നിലവിലെ വെല്ലുവിളി.

അണ്ടർ-20 വനിതാ ലോകകപ്പിനെത്തിയപ്പോൾ പ്രസിഡന്റ്സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതിൽ പ്രതികരിക്കാൻ ഇൻഫാന്റിനോ വിസമ്മതിച്ചിരുന്നു. 211 അസോസിയേഷനുകൾക്കാണ് ഫിഫയിൽ വോട്ടവകാശമുള്ളത്. മൂന്ന് കോൺഫഡറേഷനുകൾ പ്രസിഡന്റിന് എതിരാണെങ്കിലും ഇതിലെ എല്ലാ അസോസിയേഷനുകളും ഒരുമിച്ചുനിൽക്കണമെന്നില്ല. ഏഷ്യ, കോൺകകാഫ് കോൺഫെഡറേഷനുകളിലെ പല രാജ്യങ്ങളും ഇൻഫാന്റിനോയ്‌ക്കൊപ്പമാണ്. ഇതിനുപുറമേ ആഫ്രിക്ക, തെക്കേ അമേരിക്ക കോൺഫെഡറേഷനുകൾ ഇൻഫാന്റിനോയ്‌ക്കൊപ്പമാണ്. ഇൻഫാന്റിനോയ്‌ക്കൊത്ത എതിരാളിയെ കണ്ടെത്താൻ എതിരാളികൾക്ക് കഴിഞ്ഞിട്ടുമില്ല.