ഗുവാഹാട്ടി: ആദ്യകളിയിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, അതിനേക്കാൾ ആത്മവിശ്വസത്തിലാണ് എതിരാളികളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കാരണം അവർ കഴിഞ്ഞമത്സരത്തിൽ തോൽപ്പിച്ചത് വമ്പന്മാരായ മോഹൻബഗാനെയാണ്. ജയത്തുടർച്ച മോഹിച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഞായറാഴ്ച രാത്രി 7.30-ന് ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.

To advertise here,

ഇന്റർ കാശിക്കെതിരേ എതിരില്ലാത്ത രണ്ടുഗോൾ ജയവുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ലീഗിൽ തുടക്കമിട്ടത്. അഡ്രിയൻ ലൂണയുടെ അഭാവത്തിൽ ടീമിനെ നയിച്ച വിബിൻ മോഹനും പുതുതായി ടീമിലെത്തിയ ഇംഗ്ലീഷ് താരം ആന്ദ്രെ ഗ്രീനുമാണ് സ്‌കോർ ചെയ്തത്.

ഇന്ററിനെതിരായ കളിയിൽ ആധിപത്യം നേടിയിട്ടും കൂടുതൽ ഗോൾ സ്‌കോർചെയ്യാൻ കഴിയാതെപോയത് ഫിനിഷിങ്ങിലെ പോരായ്മ മൂലമാണ്. ആദ്യകളിയിൽ മൂന്ന് വിദേശതാരങ്ങളുമായിട്ടാണ് ടീം കളിച്ചത്. നോർത്ത് ഈസ്റ്റിനെതിരേ മോമോ യാൻസൻകൂടി ആദ്യഇലവനിൽ വന്നേക്കും. ഗ്രീൻ-യാൻസൻ സഖ്യം ക്ലിക്കായാൽ എതിരാളികൾ വിയർക്കും. മധ്യനിരയിൽ ലൂണ കളിക്കാൻ സാധ്യത കുറവാണ്. നെബോഷ കൊസോവിച്ചും വിബിൻ മോഹനുമാകും മധ്യനിരയിലെ പ്രധാനികൾ. പ്രതിരോധത്തിൽ ജെയിംസ് ബോൾട്ടൺ കളിക്കും. ഫാലു എൻഡിയ ടീമിനൊപ്പം ചേർന്നിട്ടുണ്ടെങ്കിലും കളിക്കുമോയെന്നുറപ്പായിട്ടില്ല.

ആദ്യകളിയിലെ ടീമിന്റെ പ്രകടനത്തിൽ പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡ് അത്ര തൃപ്തനായിരുന്നില്ല. നോർത്ത് ഈസ്റ്റിനെപ്പോലെ ടെക്നിക്കലി മികച്ചതും അനായാസം ഫോർമേഷനുകൾ മാറാനുംകഴിയുന്ന ടീമിനെതിരേ കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് പരിശീലകൻ പ്രതീക്ഷിക്കുന്നത്.

മോഹൻബഗാനെതിരേ ഇഞ്ചുറി ടൈമിൽ മലയാളി താരം എം.എസ്. ജിതിൻ നേടിയ ഗോളിലാണ് നോർത്ത് ഈസ്റ്റ് ജയം കണ്ടെത്തിയത്. സ്വന്തം മണ്ണിൽ ടീം അപകടകാരികളാണ്. കഴിഞ്ഞസീസണിൽ തിളങ്ങിയ അലാദിൻ അജാരെയിൽ ടീം ഏറെ പ്രതീക്ഷവെക്കുന്നുണ്ട്. സ്പാനിഷ് സ്ട്രൈക്കർ എത്യാനും മധ്യനിരതാരം അന്റോണിയോ മൊയാനോയും മികച്ചവരാണ്. ജിതിനുപുറമേ അബ്ദുൾ റബീഹ്, സി.കെ. അമൻ എന്നീ മലയാളികളും ടീമിലുണ്ട്.