ഡാലസ്: സംഭവബഹുലമായിരുന്നു അർജന്റീനയും ഈജിപ്തും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം. രണ്ട് ഗോളിന് 78 മിനിറ്റുവരെ പിന്നിട്ടുനിന്നശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് അർജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർഫൈനലിലേക്ക് മുന്നേറുന്നത്. മത്സരത്തിൽ ഈജിപ്തിനായി അനുവദിക്കാതിരുന്ന ഗോളും അർജന്റീനക്ക് അനുവദിച്ച ഗോളും മത്സരശേഷം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റഫറിയോട് കയർക്കുന്ന ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സനെയും മൈതാനത്ത് കണ്ടു. അതേസമയം ഹൊസാമിനോട് മുഖസാദൃശ്യമുള്ള മറ്റൊരാളും ഡഗൗട്ടിന് സമീപം രോഷപ്രകടനം നടത്തുന്നുണ്ടായിരുന്നു. ഇരുവരും കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

To advertise here,

ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സനൊപ്പമുള്ളയാൾ ടീം ഡയറക്ടർ ഇബ്രാഹിം ഹസ്സനാണ്. ഇരട്ട സഹോദരങ്ങൾ. ലോകകപ്പിലെ ഈജിപ്തിന്റെ കുതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളാണ് ഹൊസാമും ഇബ്രാഹിമും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഈജിപ്ത് നോക്കൗട്ടിലേക്ക് പ്രവേശിക്കുന്നതും ഹൊസാം ടീമിന്റെ പരിശീലകനായി എത്തിയതുമുതലാണ്. നേരത്തേ തന്നെ വാർത്തകളിലിടംപിടിച്ചിട്ടുണ്ട് ഇരുവരും. ഓസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടർ വിജയത്തിന് ശേഷം മൈതാനത്ത് ഹൊസാം പലസ്തീൻ പതാക വീശിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, അതിന് ഒരുദിവസം മുൻപ് ഒരു പോലീസ് ഉദ്യോഗസ്ഥനുമായി ഇരുവരും കയർക്കുന്ന വീഡിയോയും പുറത്തുവന്നു.

ഡാലസിലെ ടീം ഹോട്ടലിലാണ് സംഭവം. ഒരു ആരാധകൻ ടീമിലെ താരത്തിനൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ചത് പോലീസ് ഉദ്യോഗസ്ഥൻ ചോദ്യംചെയ്തതാണ് തർക്കത്തിലേക്ക് വഴിവെച്ചത്. ഇരുവരും രൂക്ഷമായി പോലീസ് ഉദ്യോഗസ്ഥനോട് കയർത്തു. പിന്നാലെ പ്രശ്നം പരിഹരിച്ചതായും യാതൊരു രേഖയുമില്ലാതെ ഹോട്ടലിൽ കടക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടതെന്നും പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇപ്പോഴിതാ അർജന്റീനയ്ക്കെതിരേ തങ്ങളുടെ ടീം കടുത്ത അനീതി നേരിട്ടുവെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും ഹസ്സൻ ആരോപണമുയർത്തി രംഗത്തെത്തി.

1966-ൽ കെയ്റോയുടെ തെക്ക് ഭാഗത്തുള്ള ഹെൽവാനിലാണ് ഇരുവരും ജനിക്കുന്നത്. അഞ്ചു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജനനം.

13-ാം വയസ്സിൽ അൽ അഹ്ലിയുടെ അക്കാദമിയിൽ ഒരുമിച്ച് ചേർന്നാണ് ഇവർ ഫുട്ബോൾ യാത്ര ആരംഭിക്കുന്നത്. ഹൊസാം സ്ട്രൈക്കറായും ഇബ്രാഹിം ഒരു റൈറ്റ് ബാക്കായും കളത്തിലിറങ്ങി. പിന്നീട് ഈജിപ്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലേക്ക് ഇരുവരും ഇടംപിടിച്ചു. ഹൊസാം ഈജിപ്തിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി. ഇബ്രാഹിമാകട്ടെ മികച്ച റൈറ്റ് ബാക്കായി തിളങ്ങി. ഫിഫയുടെ ലോക ഇലവനിൽ മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോൾ കരിയറിൽ ഇരവരുടെയും യാത്ര ഒന്നിച്ചാണ്. 90-കളുടെ തുടക്കത്തിൽ ഒരു യൂറോപ്യൻ ക്ലബ് ഹൊസാമിനെ മാത്രം വിളിച്ചപ്പോൾ, അയാൾ അത് നിരസിച്ചു. എന്നിട്ട് പറഞ്ഞതിങ്ങനെ, "അവനെക്കൂടാതെ എവിടെയും പോകാൻ ഞാൻ തയ്യാറല്ല... ഞങ്ങൾ ഒന്നാണ്, വേർപെടുത്താൻ കഴിയില്ല." ഒരിക്കൽ അൽ അഹ്ലി ഇബ്രാഹിമിന്റെ കരാർ പുതുക്കാൻ വിസമ്മതിച്ചപ്പോൾ, ഹൊസാമും പുറത്തുവന്നു. പിന്നീട് സമലെക്കിലേക്ക് ഇരുവരും കൂടുമാറി. തുടർന്ന് ഒട്ടേറെ കിരീടനേട്ടത്തിൽ പങ്കാളികളായി.

അർജന്റീനയ്ക്കെതിരായ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളെ കടുത്ത ഭാഷയിലാണ് ഹൊസാം ചോദ്യംചെയ്തത്. അർജന്റീനയേയും ലണയൽ മെസ്സിയേയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഇതെല്ലാം പണത്തിന് വേണ്ടിയാണ്. അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം. ഈ കളിക്കളത്തിൽ നീതിയില്ല. മത്സരത്തിൽ തങ്ങൾ അർജന്റീനയേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും തിരശ്ശീലയ്ക്ക് പിന്നിൽ നിന്നുള്ള ചില ഇടപെടലുകൾ മൂലമാണ് തോറ്റതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ ഭാഗമായി ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങൾ കാണില്ലെന്നും ഹൊസാം വ്യക്തമാക്കി.

വിവാദമായ തീരുമാനങ്ങൾ

അർജന്റീനയ്ക്കെതിരേ 58-ാം മിനിറ്റിലാണ് ഈജിപ്ത് മനോഹരമായ മുന്നേറ്റത്തിലൂടെ സ്‌കോർ ചെയ്തത്‌. ഹസീം ഹസൻ ഒറ്റക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്‌സിലേക്ക് നൽകിയ പന്തിലാണ് സീക്കോ സ്‌കോർ ചെയ്തത്. എന്നാൽ വാർ പരിശോധനയിൽ മുന്നേറ്റത്തിന് തൊട്ടുമുമ്പ് മർവാൻ ആത്തിയ, ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് ഗോൾ അനുവദിക്കാതിരുന്നത്. ഈജിപ്ത് താരങ്ങൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മാത്രമല്ല, സാമൂഹികമാധ്യമങ്ങളിൽ ഇത് വൻ ചർച്ചയായി.

എന്നാൽ വീഡിയോ റീപ്ലേകളിൽ അത് ഫൗളാണെന്ന് വ്യക്തമായിരുന്നു. അത്തിയ ലിസാൻഡ്രോയുടെ ജേഴ്‌സി പിടിച്ചുവലിക്കുന്നതും ബൂട്ടിൽ ചവിട്ടുന്നതും കാണാമായിരുന്നു. വാർ പരിശോധനയിൽ ഇത് തെളിഞ്ഞതോടെ റഫറി ഫൗൾ അനുവദിച്ചു. ഈജിപ്തിന്റെ ഗോൾ പിറക്കുന്നത് ലിസാൻഡ്രോയെ വീഴ്ത്തി പന്തുമായി മുന്നേറിയാണ്. അതിനാൽ ഫൗൾ അനുവദിക്കുകയും ഗോൾ റദ്ദാക്കുകയും ചെയ്തു.

അർജന്റീനയുടെ മൂന്നാം ഗോളും വൻ ചർച്ചകൾക്ക് വഴിവെച്ചു. മൂന്നാം ഗോളിന്റെ തുടക്കം മുഹമ്മദ് സലയിൽ നിന്ന് ഹൂലിയൻ അൽവാരസ് പന്ത് തട്ടിയെടുത്തപ്പോഴായിന്നു. ബോക്‌സിൽവെച്ച് സലയെ അൽവാരസ് ചവിട്ടി വീഴ്ത്തിയെന്നാണ് ആരോപണം. ഈജിപ്ത് പെനാൽറ്റിക്ക് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. വാർ പരിശോധന നടന്നതുമില്ല. അൽവാരസ് നൽകിയ പന്തിൽനിന്നാണ് ലൗട്ടാറോയുടെ ക്രോസ് ബോക്‌സിലേക്ക് വന്നതും എൻസോ ഫെർണാണ്ടസ് വിജയഗോൾ കണ്ടെത്തിയതും.

സല ഫൗൾ ചെയ്യപ്പെട്ടെന്നും അത് പെനാൽട്ടി നൽകണമെന്നും വാദമുയർന്നു. എന്നാൽ ഡ്രിബിൾ ചെയ്ത് മുന്നേറാനുള്ള ശ്രമത്തിനിടെ പന്ത് സലയുടെ നിയന്ത്രണത്തിൽ നിന്ന് നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, അൽവാരസ് ആദ്യം പന്ത് ക്ലിയർ ചെയ്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് അർജന്റൈൻ താരത്തിൻ കാലിൽ തട്ടി സല മൈതാനത്ത് വീഴുന്നത്. അത് മനഃപൂർവ്വമുള്ള ഫൗളായി കണക്കാക്കാനാവില്ലെന്നുമാണ് റഫറി വിധിയെഴുതിയത്. എന്നാൽ വിഷയത്തിൽ രണ്ടുതട്ടിലാണ് ഫുട്ബോൾ ലോകം.